
ഏതുതരത്തിലുള്ള ആളുകൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കേന്ദ്രങ്ങളാണ് മൃഗശാലകൾ. കാട്ടിലെ രാജാവിനെ മുതൽ കാടിളക്കി നടക്കുന്ന ആനയെ വരെ തീരെ പേടിയില്ലാതെ കണ്ട് ആസ്വദിച്ച് വരാം എന്നതാണ് മൃഗശാലകളെ ആളുകൾക്കിടയിൽ ജനപ്രിയമാക്കുന്നത്. മൃഗശാലകളുടെ ഉത്ഭവത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെങ്കിലും നൂറ്റാണ്ടുകൾക്കു മുൻപേ ചൈനയിലും ഇംഗ്ലണ്ടിലും എല്ലാം മൃഗശാലകൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. എന്നാൽ ഇവിടങ്ങൾ രാജാക്കൻമാർക്കും സമ്പന്നർക്കും മാത്രമായി പ്രവേശനം ചുരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് ഒരു മൃഗശാലയിൽ കയറുവാൻ കാത്തിരിക്കേണ്ടി വന്നത് 1793 വരെയാണ്. പാരീസിലാണ് ഷാര്‍ദാന്‍ ദെപ്ലാന്ത് എന്നു പേരായ ആ മൃഗശാല സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ മൃഗശാലകളുടെ ചരിത്രം അതിലും രസകരമാണ്. കൊട്ടാരത്തിനുള്ളിലെ മൃഗശാല മുതലാണ് ഇവിടെ ചരിത്രം തുടങ്ങുന്നത്. ഇന്ത്യയിലെ പ്രശസ്തമായ കുറച്ച് മൃഗശാലകൾ പരിചയപ്പെടാം....

മൈസൂർ മൃഗശാല
നൂറു കണക്കിന് വന്യമൃഗങ്ങളെ അതിന്‍റെ ജീവിത ശൈലയോട സാമ്യമുള്ള അന്തരീക്ഷത്തിൽ വളർത്തുന്ന മൈസൂർ മൃഗശാല ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മൃഗശാലകളില്‍ ഒന്നാണ്. ചാമരാജേന്ദ്ര സൂവോളജിക്കൽ ഗാർഡൻ എന്നാണ് മൈസൂർ മൃഗശാലയുടെ യഥാർത്ഥ നാമം. മൈസൂർ കൊട്ടാരത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ മൃഗശാല 157 ഹെക്ടർ സ്ഥലത്തിലാണ് വ്യാപിച്ചു കിടക്കുന്നത്. മൈസൂർ കൊട്ടാരത്തിന്റെ ഭാഗമായി നിർമ്മിച്ച ഇത് പാലസ് സൂ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. 1892 ലാണ് ഇത് നിർമ്മിച്ചതെങ്കിലും 1902 ലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.
PC:Mozafari

അരിഗ്നർ അണ്ണാ സൂവോളജിക്കൽ പാർക്ക്
ഒരു മൃഗശാലയിലൂടെയാണ് നടത്തം എന്നു പോലും തോന്നിപ്പിക്കാത്ത രീതിയില്‍ അത്രയും ശാന്തമീയ അന്തരീക്ഷത്തിലേക്ക് കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്ന ഇടമാണ് അരിഗ്നർ അണ്ണാ സൂവോളജിക്കൽ പാർക്ക്. ചെന്നൈയിൽ നിന്നും 31 കിലോമീറ്റർ അകലെ വാണ്ടലൂർ സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് സൂ കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സൂവോളജിക്കൽ പാര്‍ക്ക് എന്ന വിശേഷണമുള്ള ഇത് 602 ഹെക്ടർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. 1500 ൽ അധികം വ്യത്യസ്ത വിഭാഗത്തിലുള്ള ജീവികളെ ഇവിടെ കാണാം.

നന്ദകാനൻ സൂവോളജിക്കൽ പാർക്ക്
സ്വർഗ്ഗത്തിലെ പൂന്തോട്ടം എന്നറിയപ്പെടുന്ന നന്ദകാനൻ സൂവോളജിക്കൽ പാർക്ക് ഒഡീഷയിലെ ഭുവനേശ്വറിലാണ് സ്ഥിതി ചെയ്യുന്നത്. 1960 ൽ സ്ഥാപിക്കപ്പെട്ട ഇത് 1979 ൽ മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. മൃഗശാലയോടൊപ്പം ഇവിടെ ഒരു ബോട്ടാണിക്കൽ ഗാർഡനും കാണാൻ സാധിക്കും. ഒരു വർഷത്തിൽ 33 ലക്ഷത്തിലധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഒരു പാർക്ക് കൂടിയാണിത്.
166 തരത്തിലുള്ള 1660 മൃഗങ്ങളും 34 തരം മത്സ്യങ്ങളും കൂടാതെ റെപ്റ്റയിൽ പാർക്ക്, ഓർക്കിഡ് ഹൗസ് തുടങ്ങിയവയും ഇവിടെ കാണാൻ സാധിക്കും.

നെഹ്റു സൂവോളജിക്കൽ പാർക്ക്
പച്ചപ്പിൻറെ ആധിക്യം കൊണ്ട് ഹൈദരാബാദിൽ ഏറ്റവും അധികം ആളുകൾ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഇവിടുത്തെ നെഹ്റു സൂവോളജിക്കൽ പാർക്ക്. പക്ഷികളും മൃഗങ്ങളും ഉരഗ ജീവികളും ഉൾപ്പെടെ ഒരു ദിവസം മുഴുവനായും ചിലവഴിക്കുവാൻ വേണ്ടു ന്ന കാഴ്ചകൾ ഇവിടെയുണ്ട്. ഏഷ്യാറ്റിക് ലയൺ, ഇന്ത്യൻ രൈനോ, ബംഗാൾ കടുവ, ഇന്ത്യൻ ആന തുടങ്ങി ധാരാളം മൃഗങ്ങളെ ഇവിടെ കാണാം. ഇനി ഇവടെ ഒന്നും കാണേണ്ട, വെറുതെ ഇരുന്നാൽ മതി എന്നുള്ളവർക്കായി ഒരു വലിയ പുൽത്തകിടി തന്നെയാണ് ഇതിന്റെ നടുവിലായി ഒരുക്കിയിരിക്കുന്നത്.
പ്രദര്‍ശനങ്ങൾ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ഫൂഡ് കോർട്ട്, ടോയ് ട്രെയിൻ, തുടങ്ങിയവയും ഇവിടെ ആസ്വദിക്കാം.

പദ്മജാ നായിഡു ഹിമാലയൻ സൂവോളജിക്കൽ പാർക്ക്
ഡാർജിലിങ് സൂ എന്ന പേരിലറിയപ്പെടുന്ന മൃഗശാലയുടെ മറ്റൊരു പേരാണ് പദ്മജാ നായിഡു ഹിമാലയൻ സൂവോളജിക്കൽ പാർക്ക്. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സൂവോളജിക്കൽ പാര്‍ക്കായ ഇത് ഒരു ബുദ്ധ ക്ഷേത്രത്തിനോട് ചേർന്ന് ഡാർജലിങ് നഗരത്തിനുള്ളിൽ തന്നെയാണുള്ളത്. പർവ്വത നിരകളും കൽക്കെട്ടുകളും ഒക്കെ ചേർന്ന് മനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്.
PC:Anilrini

ഗോലാപൂർ സൂ
ഹിമാചൽ പ്രദേശില്‍ മലമുകളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രശസ്തമായ മൃഗശാലയാണ് ഗോലാപൂർ. കുട്ടികളെയും കൂട്ടി പോയാൽ അവർക്ക് മനോഹരമായ ഒരു ദിവസം സമ്മാനിക്കുവാൻ സാധിക്കുന്ന ഇവിടം ഹിമാലയത്തിലെ ജീവികളെ കാണാൻ സാധിക്കുന്ന സഥലം കൂടിയാണ്. ഹിമാലയത്തിന്റെ ദൗലാപ്പൂർ റീജിയണിന്റെ ഭാഗമായ ഇവിടെ മഞ്ഞിൽ മൂടിക്കിടക്കുന്ന പർവ്വത നിരകളും മറ്റും കാണാൻ കഴിയും.

ഗുലാബ് ബാഗും മൃഗശാലയും
ഏകദേശം 100 ഏക്കറിലധികം സ്ഥലത്തായി പരന്നു കിടക്കുന്ന ഗുലാബ് പൂന്തോട്ടം ഉദയ്പൂരിലെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിലൊന്നാണ്. വ്യത്യസ്ത തരത്തിലുള്ള റോസാപ്പൂക്കൽ ധാരാളം ഇവിടെ കാണുന്നതിനാലാണ് ഇവിടം ഗുലാബ് ബാഗ് എന്നറിയപ്പെടുന്നത്. ഇതിന്റെ ഒപ്പം തന്നെ ഒരു ചെറിയ മൃഗശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൂട്ടിലടിച്ചിരിക്കുന്ന കുറച്ച് മൃഗങ്ങളെ പൂന്തോട്ടത്തിനുള്ളിലെ ഈ മൃഗശാലയിൽ കാണുവാൻ കഴിയും.
ഒന്നര കിലോമീറ്റർ ഉയരത്തിൽ സ്ട്രോബറിയുടെ നാട്ടിലെ വെള്ളച്ചാട്ടം
സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്
PC:Vishal0soni