» »കട്ടലോക്കലായി കറങ്ങാൻ പറ്റിയ കോയിക്കോട്ടെ ഇടങ്ങൾ!!

കട്ടലോക്കലായി കറങ്ങാൻ പറ്റിയ കോയിക്കോട്ടെ ഇടങ്ങൾ!!

Written By:

കോഴിക്കോട്...ഖൽബിലു തേനൊഴുക്കുന്ന,ഹലുവാ മനസ്സുള്ള നാട്...മാനാഞ്ചിറയും കോഴിക്കോട് ബീച്ചും മിഠായിത്തെരുവും വായിൽ കപ്പലോടിക്കാവുന്നത്ര വെള്ളം നിറയ്ക്കുന്ന രുചികളും ഒക്കെയായി എന്നും എപ്പോളും ഏതു പാതിരാത്രിയിലും ഉണർന്നിരിക്കുന്ന നാട്... ഹൃദയത്തിൽ നിറയെ സ്നേഹവുമായി ഈ നാടിനെ അറിയാനെത്തുന്ന ആളുകളെ കാത്തിരിക്കുന്ന ഇടം... വിശേഷണങ്ങൾക്കും കേട്ടറിവുകൾക്കും ഒക്കെ ഒത്തിരി മേലെയാണ് കോഴിക്കോട്. ഒരു ദിവസം മുതൽ ഒരാഴ്ച വരെ കണ്ടാലും തീരാത്ത കാഴ്ചകളും രുചിച്ചാൽ തീരാത്ത രുചികളും ഒക്കെയായി കാത്തിരിക്കുന്ന ഇവിടെ യാതൊരു മുൻധാരണകളും ഇല്ലാതെ ഫ്രീയായി കറങ്ങിയടിക്കുവാന്‍ പറ്റിയ സ്ഥലങ്ങൾ അറിയാം...!!

കോഴിക്കോട് ബീച്ച്

കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കോഴിക്കോടാക്കുന്ന സംഗതിയാണ് ഇവിടുള്ളവർക്കും പുറത്തു നിന്നു വരുന്നവർക്കുമൊക്കെ ഈ ബീച്ച്. രാവിലെ മുതൽ രാത്രി വരെ ആളും ബഹളങ്ങളുമായി ലൈവായിട്ടിരിക്കുന്ന ഇവിടം കോഴിക്കോടെത്തുന്നവർ ഒരിക്കലും മിസ്സാക്കരുതാത്ത സ്ഥലങ്ങളിൽ ഒന്നാമത്തേതാണ്. മാതൃകാപരമായ രീതിയിൽ പരിപാലിക്കപ്പെടുന്ന ഇവിടെ കുട്ടികൾക്കു കളിക്കാനുള്ള ഇടങ്ങളും കൂടാതെ ധാരാളം ശില്പങ്ങളും ഒക്കെ കാണാൻ സാധിക്കും. സന്ധ്യയാകുമ്പോൾ ആൾത്തിരക്കേറുന്ന ഇവിടുത്തെ ഉപ്പിലിട്ടതും ഐസ്ക്രീമും കോഴിക്കോടൻ സ്പെഷ്യൽ കല്ലുമ്മക്കായും നാടൻ രുചികളും ഒക്കെ ഇവിടെ എത്തുന്നവരുടെ സമയം കൊല്ലികളാണ്. സൂര്യാസ്തമയം കാണാനാണ് ഇവിടെ കൂടുതലും ആളുകള്‍ എത്തുന്നത്.
രാവിലെ എട്ടു മണി മുതൽ വൈകിട്ട് എട്ടു മണി വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

PC:Vengolis

മാനാഞ്ചിറ

മാനാഞ്ചിറ

കോഴിക്കോടുത്തെ വൈകുന്നേരങ്ങൾ ചിലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് നഗരത്തിനു നടുക്കുള്ള മാനാഞ്ചിറ. ചരിത്രം ഏറെ ഉറങ്ങുന്ന ഇവിടം ഒരു മൈതാനമാണ്. മരങ്ങളും ചെടികളും കൃത്രിമ മലകളും ശില്പങ്ങളും ഒക്കെയുള്ള ഇവിടം കോഴിക്കോട്ടുകാരുടെ സ്വന്തം ഹാങ്ഔട്ട് സ്ഥലം കൂടിയാണ്. മാനാഞ്ചിറ കുളത്തിൽ നിന്നുമാണ് മൈതാനത്തിന് ആ പേരു ലഭിക്കുന്നത്. നഗരമധ്യത്തിൽ ബഹളങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന ഇവിടം കോഴിക്കോടൻ ദിനങ്ങളിൽ കണ്ടിരിക്കേണ്ട ഇടമാണ്.

PC:Dr.jayan.d

മിഠായിത്തെരുവ്

മിഠായിത്തെരുവ്

കോഴിക്കോട് എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യ ഓടിയെത്തുന്ന പേരാണ് മിഠായിത്തെരുവ്. പുളിമിഠായി മുതൽ നല്ല കിടുക്കൻ കോഴിക്കോടൻ ഹൽവ വരെ കിട്ടുന്ന ഇവിടെ കിട്ടാത്ത രുചികൾ ഒന്നുമില്ല. ഭക്ഷണപ്രിയരുടെ ഇശ്ടസങ്കേതമായ ഇവിടെ ഷോപ്പിങ്ങിനും നല്ല സാധ്യതകളുണ്ട്. കുറഞ്ഞ നിരക്കിൽ ഇവിടെ നിന്നും വസ്ത്രങ്ങളും ചെരിപ്പും ഒക്കെ വാങ്ങാം. നീണ്ടു കിടക്കുന്ന വഴിയിലൂടെ ഇരുവശത്തെയും കടകളിൽ കയറിയിറങ്ങി നടക്കുന്നതാണ് ഇവിടുത്തെ ഏറ്റവും രസമുള്ള കാര്യം.

PC:Vengolis

സരോവരം പാർക്ക്

സരോവരം പാർക്ക്

നഗരത്തിന്റെ തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒക്ക അകന്ന് എന്നാൽ നഗരത്തിന്റെ ഹൃദയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ജൈവ ഉദ്യാനമാണ് സരോവരം പാർക്ക്. നഗരത്തിന്റെ തിരക്കുകളിൽ നിന്നകന്ന് ശാന്തമായി കുറച്ച് സമയം ചിലവഴിക്കാനായാണ് ആളുകൾ ഇവിടെ എത്തുന്നത്. കണ്ടൽക്കാടുകൾ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് കനാലിന്റെ തീരത്ത് ഈ പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. ബോട്ടിങ്, പക്ഷിനിരീക്ഷണം, മ്യൂസിക്കൽ ഫൗണ്ടെയ്ൻ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Chandana12

തുഷാരഗിരി വെള്ളച്ചാട്ടം

തുഷാരഗിരി വെള്ളച്ചാട്ടം

സാഹസിക പ്രിയരായ സഞ്ചാരികൾ കോഴിക്കോട് എത്തിച്ചേരുന്നതു തന്നെ തുഷാരഗിരിയിൽ പോകുവാനാണ്. അത്രയും പ്രശസ്തമാണ് വിദേശികള്ഡ അടക്കം എത്തിച്ചേരുന്ന തുഷാരഗിരി വെള്ളച്ചാട്ടം. പശ്ചിമഘട്ടത്തിന്റെ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം പല തട്ടുകളായാണ് താഴേക്ക് പതിക്കുന്നത്. മണ്‍സൂൺ സമയത്ത് ഇവിടെ അന്താരാഷ്ട്ര കയാക്കിങ് മത്സരം നടത്താറുണ്ട്. പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന രണ്ട് നദികൾ ചേരുന്നതാണ് ചാലിപ്പുഴ. ഇത് പിന്നീട് മൂന്നു വെള്ളച്ചാട്ടങ്ങളായി മാറുന്നു. ഇതാണ് തുഷാരഗിരി എന്നറിയപ്പെടുന്നത്. മഞ്ഞു പോലെ വെള്ളം പതിക്കുന്നതിനാലാണ് ഇവിടം തുഷാരഗിരി എന്നറിയപ്പെടുന്നത്. ട്രക്കിങ്ങിലും പാറകയറ്റത്തിലും ഒക്കെ താല്പര്യമുള്ള സാഹസികരാണ് ഇവിടെ കൂടുതലായും എത്തുന്നത്.

PC:Manojk

ബേപ്പൂർ

ബേപ്പൂർ

കോഴിക്കോടുത്തെ ചെറിയ ഒരു കടലോര ഗ്രാമവും അതിനോട് ചേർന്നുള്ള കടപ്പുറവുമാണ് ബേപ്പൂർ. കേരളത്തിലെ പുരാതന തുറമുഖങ്ങളിൽ ഒന്നുകൂടിയാണ് ഇവിടം. മലബാർ ആക്രമിച്ച സമയത്ത് ടിപ്പു സുൽത്താൻ ബേപ്പൂരിന്റെ പേരി സുൽത്താൻ പട്ടണം എന്നാക്കി മാറ്റിയിരുന്നു. ഇവിടെ പ്രാദേശികമായി നിർമ്മിക്കുന്ന തടികൊണ്ടുണ്ടാക്കിയ കപ്പലുകൾ ലോകപ്രസിദ്ധമാണ്. മനോഹരമായ കടൽത്തീരമാണ് ഇവിടുത്തെ പ്രത്യേകത. കടലിനോ
ട് ചേർന്ന് ചെറിയ ഒരു തുറമുഖവും ഇവിടെ കാണാൻ സാധിക്കും.

PC:Pradeep717

Read more about: kozhikode beach water falls

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...