ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങൾക്ക് പ്രത്യേക പരിധിയൊന്നും നമ്മൾ കാണാറില്ല. രാജ്യാന്തര അതിർത്തികളിയൂടെ പോകുമ്പോൾ ശ്രദ്ധിക്കണം എന്നതിലുപരിയായി വിമാനങ്ങൾ മുകളിലൂടെ പറക്കരുതാത്ത കുറേയിടങ്ങളുണ്ട്. രാജ്യ സുരക്ഷയും പ്രത്യേക സ്മാരകങ്ങളുടെയും മറ്റും സംരക്ഷണവും ഒക്കെ പരിഗണിച്ചാണ് നോ ഫ്ലൈയിങ് സോണുകളുണ്ടാകുന്നത്. ഇന്ത്യയിലെ നോ ഫ്ലൈയിങ് സോണുകൾ പരിചയപ്പെടാം...

താജ്മഹൽ, ആഗ്ര
ഇന്ത്യയിലെ നോ ഫ്ലൈയിങ് സോണുകളുടെ പട്ടികയിൽ ഏറ്റവും ആദ്യം വരുന്ന ഇടമാണ് യുനസ്കോയുടെ പൈതൃക സ്മാരകങ്ങളിലൊന്നായ താജ്മഹൽ. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച താജ്മഹൽ ആഗ്രയിൽ യമുനാ നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികൾ സന്ദർശിക്കുവാനെത്തുന്ന ഇവിടം നീണ്ട 22 വർഷത്തിലധികമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. ശരാശരി ഒരു ദിവസം സ്വദേശികളും വിദേശികളും അടക്കം 22,000 ആളുകളാണ് താജ്മഹൽ സന്ദർശിക്കുവാനെത്തുന്നത്.
രാവിലെ 7.00 മുതൽ വൈകിട്ട് 9.00 വരെയാണ് താജ്മഹലിൽ പ്രവേശനം അനുവദിച്ചിരിക്കുന്ന സമയം.

രാഷ്ട്രപതി ഭവൻ ,ഡെൽഹി
ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിലായാണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുത് ഈ രാഷ്ട്രപതി ഭവനാണ്. 19 വർഷമെടുത്ത് നിർമ്മാണം പൂർത്തിയാക്കിയ രാഷ്ട്രപതി ഭവൻ സർ എഡ്വിൻ ലുറ്റ്യൻസ് ആണ് രൂപകല്പന ചെയ്തത്.

ഇന്ത്യന്‍ പാർലമെന്‍റ്
ആറു ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ പാർലമെന്റ് മന്ദിരം ന്യൂ ഡെൽഹിയുടെ പ്രധാന പാതയായ സൻസദ് മാർഗിലാണ് സ്ഥിതി ചെയ്യുന്നത്. സർ എഡ്വിൻ ല്യുട്ടെൻസ്, സർ ഹെബേർട്ട് ബേക്കർ എന്നിവരൊരുനിച്ചാണ് ഇത് രൂപകല്പന ചെയ്തത്. വൃത്താകൃതിയിൽ 144 വൻതൂണുകൾ ഒക്കെയായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 12 കവാടങ്ങൾ, 560 അടി വ്യാസം തുടങ്ങിയവ ഇതിനുണ്ട്.
PC:Ministry of Culture

ഇന്ത്യൻ എയർഫോഴ്സ് ബേസ്
ഇന്ത്യൻ എയർഫോഴ്സുമായി ബന്ധപ്പെട്ട മിക്കയിടങ്ങളും നോ ഫ്ലയിങ് ഏരിയയില്‍ ഉൾപ്പെടുന്നവയാണ്. മിക്ക പ്രതിരോധ കേന്ദ്രങ്ങളും, സൈനിക മേഖലകളും ഒക്കെ ഇതിനു കീഴിലായി വരും.

പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയിലെ അതീവ സുരക്ഷയർഹിക്കുന്ന ഇടങ്ങളിലൊന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസും ഡെൽഹിയിലെ മറ്റു തന്ത്ര പ്രധാനമായ ഓഫീസുകളും. ഈ പ്രദേശങ്ങളല്ലാം നോ ഫ്ലയിങ് സോണിനു കീഴിലായാണ് വരുന്നത്.
PC:A.Savin

ടവർ ഓഫ് സൈലൻസ്
മുംബൈപാഴ്സി മത വിശ്വാസികളുടെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ടവർ ഓഫ് സൈലൻസ് എന്നറിയപ്പെടുന്നത്. നിശബ്ദദ ഗോപുരങ്ങൾ എന്നറിയപ്പെടുന്ന ഇത് മുംബൈയിലെ മലബാർ കുന്നുകൾക്കു മുകളിലാണുള്ളത്.
പാഴ്സി മത വിശ്വാസി മരണപ്പെട്ടാൽ ബാക്കിയുള്ളവർ മൃതദേഹവുമായി ഇവിടെയെത്തി ദഖ്മ എന്നറിയപ്പെടുന്ന നിശബ്ദ ഗോപുരത്തിൽ എത്തിക്കും. ശരീരം അവിടെവെച്ച് മാറി നിന്ന് കൈകൊട്ടി വിളിക്കുമ്പോൾ അവിടുത്തെ കഴുകന്മാർ വന്ന് ഈ മൃതശരീരം ഭക്ഷിക്കുകയും ബാക്കി വരുന്ന എല്ലുകൾ അവിടെ ഉപേക്ഷിക്കുകയും ചെയ്യുന്നു. പിന്നീട് തിരികെയെത്തുന്ന ആളുകള്‍ എല്ലുകൾ പെറുക്കിയെടുത്ത് അവിടുത്തെ കിണറ്റിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ദോക്കുമെനാഷിനി എന്നാണ് ഈ ടവർ അറിയപ്പെടുന്നത്. പാഴ്സി വിശ്വാസികളല്ലാത്തവർക്ക് ഇവിടെ പ്രവേശനമില്ല. ഇവിടെ ഇതിനു മുകളിലൂടെ വിമാനങ്ങൾക്ക് പറക്കുവാൻ അനുമതിയില്ല.
PC:PP Yoonus

മധുര റിഫൈനറി
ഇന്ത്യൻ ഓയിൽ കോർപ്പറേഷനു കീഴിലുള്ള മധുര റിഫൈനറിയും നോ ഫ്ലൈ സോണിനു കീഴിലുള്ള ഇടമാണ്. ഉത്തർ പ്രദേശിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന ഇത് അതീവ സുരക്ഷാ കേന്ദ്രം കൂടിയാണ്.

തിരുപ്പതി ക്ഷേത്രം
തിരുപ്പതി ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ആരും കാണില്ല. ലോക പ്രശസ്തമായ ഈ ക്ഷേത്രം ആന്ധ്രാ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. തിരുമലയില്‍ കാണപ്പെടുന്ന ഏഴു കുന്നുകളിലൊന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. ഇവിടെ എത്തി പ്രാർഥിച്ചാൽ ഐശ്വര്രവും സാമ്പത്തികവും ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികൾ ഇവിടെ എത്തുറുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്.

ഭാഭാ ആണവ ഗവേഷണകേന്ദ്രം
ഇന്ത്യയുടെ ദേശീയ ആണവ ഗവേഷണ കേന്ദ്രമായാണ് ഭാഭാ ആണവ ഗവേഷണകേന്ദ്രം അറിയപ്പെടുന്നത്. മുംബൈയിൽ ട്രോംബേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇത് അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടം കൂടിയാണ്. ആറ്റോമിക ഗവേഷണത്തിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ എണ്ണപ്പെട്ട സ്ഥാപനങ്ങളിലൊന്നു കൂടിയാണിത്. 4500-ൽ അധികം ശാസ്ത്രജ്ഞരും 10000ഓളം മറ്റു ജീവനക്കാരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഗവേഷണ കാര്യങ്ങളിൽ ഇന്ത്യയെ ഒരു വലിയ ശക്തിയാക്കി മാറ്റിയതിനു പിന്നിൽ ഭാഭാ ആണവ ഗവേഷണകേന്ദ്രത്തിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്.
PC: Sobarwiki