നടന്നു കാണാൻ അഞ്ചിടങ്ങൾ
മുക്തേശ്വർ ക്ഷേത്രം, ലിംഗരാജ് ക്ഷേത്രം, ശാന്തി സ്തൂപം, ഖണ്ഡഗിരി ഗുഹകൾ, ഉദയഗിരി ഗുഹകൾ എന്നീ അഞ്ച് ഇടങ്ങള്‍ സഞ്ചാരികൾക്ക് നടന്നു പരിചയപ്പെടുത്തുന്നതാണ് ഈ പദ്ധതി. ഭുവനേശ്വറിനു ചുറ്റമായാണ് ഈ അഞ്ച് സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത്. ഓരോ ഇടങ്ങളുടെയും ചരിത്രവും സംസ്കാരവും പാരമ്പര്യനും നിർമ്മാണവും എല്ലാം മനസ്സിലാക്കി പോകുവാൻ കഴിയുന്ന തരത്തിലാണ് യാത്ര രൂപകല്പന ചെയ്തിരിക്കുന്നത്.
PC:Robin Mohapatra
മുക്തേശ്വർ ക്ഷേത്രം
ഒഡീഷയിലെ പ്രസിദ്ധമായ ചരിത്ര ക്ഷേത്രമാണ് പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട മുക്തേശ്വർ ക്ഷേത്രം. കലിംഗയിലെ ചന്ദ്രവംശി രാജവംശം നിർമ്മിച്ചതിൽ ഇന്നു ബാക്കിയായിട്ടുള്ള ഏക നിർമ്മിതിയും ഇത് തന്നെയാണ്. മുക്തേശ്വരനായി ശിവന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം വളരെ കൗതുകകരവും സങ്കീർണ്ണവുമായ നിർമ്മാണ രീതിക്കും കൊത്തുപണികൾക്കും പേരുകേട്ടതാണ്. കലിംഗ നിർമ്മാണശൈലിക്ക് പേരുകേട്ട ഈ ക്ഷേത്രം ഒഡീഷയിലെ ക്ഷേത്ര നിർമ്മാണത്തിന്‍റെയും ആരാധനയുടെയും ആവിർഭാവം മനസ്സിലാക്കുവാൻ സഹായിക്കുന്ന സ്ഥലം കൂടിയാണ്. ഭുവനേശ്വറിൽ ഏറ്റവുമധികം ആളുകളെത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് മുക്തേശ്വർ ക്ഷേത്രം.
PC:Abhishek8614
ലിംഗരാജ് ക്ഷേത്രം
ഒഡീഷയുടെ അടയാളമായി വാഴ്ത്തപ്പെടുന്ന മറ്റൊരു ക്ഷേത്രമാണ് ലിംഗരാജ് ക്ഷേത്രം. പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ഒഡീഷൻ വാസ്തുവിദ്യയുടെ അടയാളമാണ്. ശിവന് തന്നെയാണ് ഈ ക്ഷേത്രവും സമർപ്പിച്ചിരിക്കുന്നത്. ഭുവനേശ്വറിലെ പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇത് ഇവിടുത്തെ ഏറ്റവും വലിയ ക്ഷേത്രം കൂടിയാണ്. കലിംഗ വാസ്തുവിദ്യയുടെ മികച്ച അടയാളങ്ങളിലൊന്നാണ് ഈ ക്ഷേത്രവും.
PC:Puja Rakshit
ശാന്തി സ്തൂപ
ഭുവനേശ്വറിൽ നിന്നു 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശാന്തി സ്തൂപ അഥവാ സമാധാനത്തിന്റെ പഗോഡ ഭുവനേശ്വറിന്‍റെ മറ്റൊരു ചരിത്ര അടയാളമാണ്. ബിസി 261 ലെ കലിംഗ യുദ്ധം നടന്ന സ്ഥലത്താണിതു നിൽക്കുന്നത്. യുദ്ധപ്രിയനായിരുന്ന അശോകചക്രവർത്തിക്കു വന്ന മനംമാറ്റത്തിന്‍റെ അടയാളമായാണ് ഇത് നിർമ്മിച്ചത് . 1973-ൽ കലിംഗ നിപ്പോൺ ബുദ്ധ സംഘമാണ് ശാന്തി സ്തൂപ നിർമ്മിച്ചത്. ധൗലിഗിരി എന്ന സ്ഥലത്താണ് ഇതുള്ളത്.
PC:Sailesh Patnaik
ഖണ്ഡാഗിരി ഗുഹകൾ
ഭുവനേശ്വറിനു സമീപത്തെ മറ്റൊരു ചരിത്ര ആകർഷണമാണ് ഖണ്ഡാഗിരി ഗുഹകൾ.ബിസി രണ്ടാം നൂറ്റാണ്ടിൽ ഖർവേല രാജാവ് നിർമ്മിച്ച് ജൈനമതത്തിലെ സന്യാസികൾക്ക് കൈമാറിയതാണ് ഈ ഗുഹയെന്നാണ് ചരിത്രം പറയുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗുഹാ വാസ്തുവിദ്യ ഇവിടെ കാണാം. ഇന്ന് ഇവിടുത്തെ പ്രധാനപ്പെട്ട ജൈന തീർത്ഥാടന കേന്ദ്രങ്ങളായാണ് ഈ ഗുഹകളെ കണക്കാക്കുന്നത്. ഖണ്ഡഗിരിയിൽ 15 ഗുഹകളാണ് ഉള്ളത്.
PC:Bernard Gagnon
ഉദയഗിരി ഗുഹകൾ
യഥാര്‍ത്ഥത്തില്‍ ഉദയഗിരി-ഖണ്ഡഗിരി ഗുഹകൾ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇരട്ടക്കുന്നുകളിലായാണ് ഈ ഗുഹകളുള്ളത്. ഉദയഗിരിയിൽ 18 ഗുഹകൾ കാണാം. ജൈന പണ്ഡിതർക്കായി നിർമ്മിച്ചതാണ് ഈ ഗുഹകൾ എന്നാണ് ചരിത്രം പറയുന്നത്. യാത്ര ചെയ്യുന്ന ജൈന പണ്ഡിതന്മാർക്ക് താത്കാലിക ഇടത്താവളം എന്ന നിലയിലാണ് ഖർവേല രാജാവ് ഇത് നിർമ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്.
PC:Government of Odisha