Search
  • Follow NativePlanet
Share
» »കാപ്പിയുടെ നാടു മുതൽ കല്ലുകൾ കഥ പറയുന്ന നഗരം വരെ കീശകാലിയാക്കാത്ത ചുറ്റിക്കറങ്ങാൻ ഈ നഗരങ്ങൾ

കാപ്പിയുടെ നാടു മുതൽ കല്ലുകൾ കഥ പറയുന്ന നഗരം വരെ കീശകാലിയാക്കാത്ത ചുറ്റിക്കറങ്ങാൻ ഈ നഗരങ്ങൾ

കുറഞ്ഞ ചിലവിൽ ആഘോഷങ്ങൾ ഒട്ടും കുറയ്ക്കാതെ പോയി വരാൻ സാധിക്കുന്ന സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ

By Elizabath Joseph

കീശ ഒട്ടും കാലിയാക്കാതെ യാത്ര ചെയ്യുക എന്നത് ഏതൊരു സഞ്ചാരിയുടെയും ആഗ്രഹമാണ്. ഒരിക്കലും നടക്കാത്ത സ്വപ്നമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞാൽ പോലും ഇതിൽ കാര്യം അല്പം ഇല്ലാതില്ല എന്നതാണ് സത്യം. യാത്രയ്ക്കു തിരഞ്ഞെടുക്കുന്ന സ്ഥലം മുതൽ തിരിച്ചു വരുന്നതു വരെയുള്ള കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യുകയാണെങ്കിൽ യാത്രകളിലെ അമിത ചെലവ് കുറയ്ക്കാം എന്ന് പലരുടെയും അനുഭവങ്ങൾ പറയുന്നുണ്ടാവും. എന്തുതന്നെയായയാലും ചില സ്ഥലങ്ങള്‍ നമ്മുടെ പോക്കറ്റ് അധികം വലിച്ചു കീറാത്തവ തന്നെയാണ്. കുറഞ്ഞ ചിലവിൽ ആഘോഷങ്ങൾ ഒട്ടും കുറയ്ക്കാതെ പോയി വരാൻ സാധിക്കുന്ന സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ നോക്കാം...

ശ്രീരംഗപട്ടണം

ശ്രീരംഗപട്ടണം

മൈസൂരിന്റെ കൊടിയടയാളം എന്നറിയപ്പെടുന്ന സ്ഥലമാണ് ശ്രീരംഗപട്ടണം. കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചരിത്രത്തോട് ചേർന്നു കിടക്കുന്ന ഈ നഗരം കാവേരി നദിയുടെ രണ്ട് ശാഖകൾക്കിടയിലായി ഒരു ദ്വീപെന്ന പോലെയാണ് സ്ഥിതി ചെയ്യുന്നത്. വെറും പതിമൂന്ന് കിലോമീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം മൈസുരിനോ
ട് ചേർന്നാണുള്ളത്. ഇവിടെ അടുത്ത് സ്ഥിതി ചെയ്യുന്ന പ്രശശ്തമായ രംഗനാഥ സ്വാമി ക്ഷേത്രത്തിൽ നിന്നുമാണ് നഗരത്തിന് ശ്രീരംഗപട്ടണം എന്ന പേരു ലഭിക്കുന്നത്. സുല്‍ത്താന്‍ ഹൈദരലിയുടെയും മകന്‍ ടിപ്പുവിന്റെയും കാലത്ത് മൈസൂരിന്റെ തലസ്ഥാനമായി മാറിയതോടെയാണ് ശ്രീരംഗപട്ടണം പ്രശസ്തമാകുന്നത്. ടിപ്പു സുല്‍ത്താന്റെ കാലത്തു മൈസൂര്‍ രാജ്യത്തിന്റെ ആധിപത്യം തെക്കേ ഇന്ത്യ മുഴുവനും വ്യാപിക്കുകയും സ്വാഭാവികമായും ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായി ശ്രീരംഗപട്ടണം മാറുകയുമാണ് ഉണ്ടായത്. ടിപ്പു സുല്‍ത്താന്റെ കൊട്ടാരങ്ങളും കോട്ടകളും ചരിത്രസ്മാരകങ്ങളും ഈ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ദാരിയ ദൗലത്ത്, ജുമാ മസ്ജിദ് തുടങ്ങിയവയാണ് അവയില്‍ ഇന്തോ - മുസ്ലിം നിര്‍മാണ വൈദഗ്ധ്യത്തിന്റെ കഥ പറയുന്ന ചിലത്.

PC:RanjithaRKRao

ചിക്കമംഗളൂർ

ചിക്കമംഗളൂർ

കാപ്പിയുടെ നാടാണ് ചിക്കമംഗളൂർ. കർണ്ണാടകയിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നായ ഇവിടെ വീക്കൻഡുകൾ സഞ്ചാരികളാൽ നിറഞ്ഞ സ്ഥലങ്ങളാണ്. കൊച്ചു മകളുടെ നാട് എന്നറിയപ്പെടുന്ന ഇവിടം ഒരു നാട്ടുരാജാവ് തന്റെ മകൾക്ക് സ്ത്രീധനമായി നല്കിയതാണത്രെ ആ സ്ഥലം. ചിക്കമംഗളൂർ എന്നാൽ കൊച്ചുമകളുടെ നാട് എന്നാണ് അർഥം.
എല്ലാ തരത്തിലുമുള്ള സഞ്ചാരികള്‍ക്ക് ഇഷ്ടമാകുന്ന വിധത്തില്‍ മലകളും കുന്നുകളും താഴ്വാരങ്ങളും ഒക്കെയുള്ള ഇവിടെ വേനൽക്കാലത്താണ് കൂടുതലും സഞ്ചാരികൾ എത്തുന്നത്. ഇന്ത്യയിലാദ്യമായി കാപ്പി കൃഷി തുടങ്ങിയ സ്ഥലം കൂടിയാണ് ഇവിടം. ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ഇവിടം സഞ്ചാരികൾക്ക് ഇഷ്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല.

PC:Vikram Vetrivel

 ഹംപി

ഹംപി

കല്ലുകളിൽ കവിതയെഴുതിയ നഗരമാണ് ഹംപി. പുരാതന വിജയനഗര രാജാക്കൻമാരുടെ സാമ്രാജ്യമായിരുന്ന ഇവിടം ഇന്ന് യുനസ്കോയുടെ പൈതൃക പദവിയിൽ ഉൾപ്പെടുന്ന സ്ഥലമാണ്. ഏതു ദിക്കിലോട്ട് തിരിഞ്ഞാലും കല്ലും കൽപ്പണികളും മാത്രം കാണുന്ന ഇവിടം ലോകത്തെമ്പാടു നിന്നുമുള്ള സ‍ഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണ്. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടം കല്ലിലും മറ്റും നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒട്ടേറെ ക്ഷേത്രങ്ങൾക്കും നിർമ്മിതികൾക്കും ഒക്കെ പേരു കേട്ടതാണ്. വിരൂപാക്ഷ ക്ഷേത്രം, വിറ്റാല ക്ഷേത്രം, ഹസാന രാമരെ, എലഫന്റ് സ്റ്റേബിൾ, നരസിംഹ പ്രതിമ, ഗണപതി പ്രതിമ, ഭീമൻ ശിവലിംഗം ഒക്കെ ഇവിടുത്തെ പ്രധാന കാഴ്ചകൾ തന്നെയാണ്. തുംഗഭദ്രയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ്. എത്ര കണ്ടാലും മതിവരാത്ത ഇവയാണ് കര്‍ണാടക സംസ്ഥാന ടൂറിസം വികസന പദ്ധതിയുടെ മുദ്രകളായി സ്വീകരിച്ചിരിക്കുന്നത്.

PC: Rakhi

 കന്യാകുമാരി

കന്യാകുമാരി

ഇന്ത്യയുടെ തെക്കേ അറ്റത്തെ മുനമ്പായ കന്യാകുമാരി കേപ് കോമറിൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും കൂടിച്ചേരുന്ന സംഗമസ്ഥാനം കൂടിയാണ് ഈ അത്ഭുതഭൂമി.
മനോഹരങ്ങളായ വൈകുന്നേരങ്ങൾക്കും അസ്തമയ കാഴ്ചകൾക്കും ഏറെ പേരു കേട്ട ഇവിടം എല്ലാ ദിവസങ്ങളിലും സഞ്ചാരികൾ എത്തുന്ന സ്ഥലമാണ്. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചിലവഴിക്കുവാൻ പറ്റിയ സ്ഥലമായ ഇവിടെ ദിവസങ്ങളോളം കണ്ടു തീർക്കുവാനുള്ള കാഴ്ചകളുണ്ട്. വിവേകാനന്ദപ്പാറ, വട്ടകൊട്ടൈ കോട്ട, പത്മനാഭപുരം കൊട്ടാരം, തിരുവള്ളുവര്‍ പ്രതിമ, ഉദയഗിരി കോട്ട, ഗാന്ധിമ്യൂസിയം എന്നിവയാണ് ഇവിടത്തെ പ്രധാന കാഴ്ചകള്‍. കന്യാകുമാരി ക്ഷേത്രം, ചിത്താരല്‍ ഹില്‍ ടെംപിള്‍, ജൈന സ്മാരകങ്ങള്‍, നാഗരാജ ക്ഷേത്രം, സുബ്രഹ്മണ്യ ക്ഷേത്രം, തിരുനന്തിക്കര നന്ദി ക്ഷേത്രം എന്നിവയാണ് കന്യാകുമാരിയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍.

PC:Vkraja

അരാകുവാലി

അരാകുവാലി

മഴ തിമിർത്തു പെയ്യുന്ന സമയത്ത് ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ആന്ധ്രയിൽ വിശാഖപട്ടണത്തിനു സമീപം സ്ഥിതി ചെയ്യുന്ന അരാകുവാലി. ആന്ധ്രയുടെ ഊട്ടി എന്നറിയപ്പെടുന്ന ഇവിടം മഴക്കാല യാത്രകളെ സ്നേഹിക്കുന്ന ആളുകൾക്ക് പറ്റിയ സ്ഥലമാണ്. കാപ്പികൃഷിക്കും ഇവിടം വളരെ പേരുകേട്ടതാണ്.
ചുരങ്ങളിലൂടെ കയറി പോകുന്ന പാതയാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച. ഇരുവശവും തിങ്ങി നിറ‍ഞ്ഞു നിൽക്കുന്ന കാടുകളിലൂടെയുള്ള യാത്ര ഇവിടെക്ക് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു. 64 ടണലുകളും ഒട്ടേറെ പാലങ്ങളുമുള്ള ഈ വഴിയിലൂടെയുള്ള യാത്ര കൂടുതൽ അവിസ്മരണീയമായിരിക്കും.

PC:swararaokenguva

യാന ഗുഹകൾ

യാന ഗുഹകൾ

കഥകളും മിത്തുകളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന മറ്റൊരിടമുണ്ട്. കർണ്ണാടകയിലെ യാന ഗുഹകൾ. ഉത്തര കർണ്ണാടകയിലെ കുംതയിലെ കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഇവിടം സാഹസികരായ സ‍ഞ്ചാരികള കാത്തിരിക്കുന്ന ഒരിടമാണ്. സഹ്യാദ്രി മലനിരകളിലൂടെ കാടിന്റെ സുഖങ്ങൾ അറിഞ്ഞുകൊണ്ടുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒരുകാലത്ത് ഇവിടുത്തെ രണ്ടു പാറക്കെട്ടുകൾക്കും അടുത്തേക്കുള്ള യാത്ര വളരെ പ്രയാസമേറിയതായിരുന്നു. സാഹസികതയും കായിക ശക്തിയും മനോബലവും ഉള്ള ആളുകൾക്കു അന്ന് ഇവിടെ എത്തിപ്പെടുവാൻ പറ്റിയിരുന്നുള്ളു. പിന്നീട് ഇവിടെ എത്തുന്ന തീർഥാടകരുടെയും സഞ്ചാരികളുടെയും എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ മികച്ച റോഡുകളാണ് ഇവിടെയുള്ളത്. സാഹസികരെ സംബന്ധിച്ചെടുത്തോളം അദികം തിരക്കുകളൊന്നും ഇല്ലാത്ത ഒരു മികച്ച ട്രക്കിങ്ങ് സ്പോട്ട് എന്നതു തന്നെയാണ് ഇവിടുത്തെ ആകർഷണം. യാനയിലെത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട മറ്റൊരിടമാണ് വിഭൂതി വെള്ളച്ചാട്ടം. ഒരു അരുവി പോലെ ശാന്തമായി പതിക്കുന്ന ഈ വെള്ളച്ചാട്ടം പ്രദേശത്തിന്റെ മൊത്തത്തിലുള്ള ഭംഗി വർധിപ്പിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല.

PC:Sukruth

മാൽഷേജ് ഘട്ട്

മാൽഷേജ് ഘട്ട്

മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട മൺസൂൺ ഡെസ്റ്റിനേഷനുകളിലൊന്നാണ് മാൽഷേജ് ഘട്ട്. ഒരു സാഹസിക സഞ്ചാരി ആഗ്രഹിക്കുന്നതെല്ലാം നല്കുന്ന മാൽഷഡ് ഘട്ട് ധീരൻമാർക്കു വേണ്ടി മാത്രമുള്ള ഇടമാണ്. പാറ വെട്ടിയുണ്ടാക്കിയ റോഡുകളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി ഇവിടം കിടിലോത്കിടിലമാണ് എന്ന കാര്യത്തിൽ സംശയമില്ല. മഹാരാഷ്ട്രയിൽ നിന്നും കർണ്ണാടകയിൽ നിന്നും ഒക്കെ മൺസൂൺ യാത്രയ്ക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നുകൂടിയാണിത്. മഞ്ഞും മഴയും പച്ചപ്പും വെള്ളച്ചാട്ടങ്ങളും ഒക്കെ കൂടിയ ഈ സ്ഥലത്തിന്റെ യഥാർഥ ഭംഗി പുറത്തു വരുന്നത് മഴ സമയത്താണ്. എത്ര തവണ കണ്ടാലും പുതിയ പുതിയ കാഴ്ചകളും അവുഭവങ്ങളും സമ്മാനിക്കുവാനും മാൽഷേജ് ഘട്ടിനു മാത്രം സാധിക്കുന്ന കാര്യമാണ്.

Pc: Manoj Vasanth

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X