» »ഇന്ത്യയെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്ന 10 സ്ഥലങ്ങള്‍

ഇന്ത്യയെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്ന 10 സ്ഥലങ്ങള്‍

Written By: Elizabath

ലോകത്തിനു മുന്നില്‍ ഇന്ത്യയെ തലയുയുയര്‍ത്തിപ്പിടിക്കാന്‍ വിനോദ സഞ്ചാരം വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. നമ്മുടെ രാജ്യത്തെ അടയാളപ്പെടുത്താന്‍ കഴിയുന്ന പ്രശസ്തമായ കുറച്ച് സ്ഥലങ്ങളുണ്ട്. എന്താണ് ഇന്ത്യയെന്നും നമ്മുടെ പാരമ്പര്യവും അഭിമാനവും എന്താണെന്നും അറിയാന്‍ വരുന്ന വിദേശികള്‍ക്കു മുന്നില്‍ അഭിമാനത്തോടെ കാണാന്‍ പറയാവുന്ന ഇന്ത്യയിലെ കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം.

ആംബര്‍ കോട്ട, ജയ്പൂര്‍

ആംബര്‍ കോട്ട, ജയ്പൂര്‍

രജപുത്ര-മുഗള്‍ ശൈലികളില്‍ നിര്‍മ്മിച്ച രാജസ്ഥാനിലെ പ്രശസ്തമായ ആംബര്‍ കോട്ട രജപുത്രന്‍മാരുടെ കോട്ടനിര്‍മ്മാണത്തിലുള്ള കഴിവിന്റെ തെളിവാണ്. കോട്ടയ്ക്കുള്ളിലെ കൊട്ടാരമെന്നാണ് ആംബര്‍ കോട്ട അറിയപ്പെടുന്നത്. ആംബെര്‍ കോട്ട യഥാര്‍ഥത്തില്‍ ഇവിടുത്തെ ജയ്ഗഡ് കോട്ടയുടെ മതില്‍കെട്ടിനകത്തെ കൊട്ടാരമാണ്.
വെളുപ്പും ചുവപ്പും നിറമുള്ള മണല്‍ക്കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ടയുടെ അകത്തളങ്ങള്‍ പുറമേനിന്ന് കാണുന്നതുപോലയേ അല്ല. കലാസൃഷ്ടികള്‍ കൊണ്ടും ചുവര്‍ചിത്രങ്ങള്‍കൊണ്ടും കൊത്തുപണികള്‍കൊണ്ടും ഇവിടം അലങ്കരിച്ചിരിക്കുകയാണ്.
കോട്ടയ്ക്കു സമീപമുള്ള മഹോത തടാകം പ്രദേശത്തിന്റെ മൊത്തം ഭംഗി വര്‍ധിപ്പിക്കുന്നു.

PC: A.Savin

സുവര്‍ണ്ണ ക്ഷേത്രം, അമൃത്സര്‍

സുവര്‍ണ്ണ ക്ഷേത്രം, അമൃത്സര്‍

കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാന്‍ കഴിയുന്നതിലും ഭംഗിയാണ് പഞ്ചാബിലെ അമൃസ്തറില്‍ സ്ഥിതി ചെയ്യുന്ന ഏറെ പ്രശസ്തമായ സുവര്‍ണ്ണ ക്ഷേത്രത്തിന്. സിഖ് മതവിശ്വാസികളുടെ ഏറ്റവും വിശിഷ്ടമായ ആരാധനാലയങ്ങളില്‍ ഒന്നാണിത്. ദിവസം പതിനായിരത്തോളം ആളുകളാണിവിടെ ആരാധനയ്ക്കായി എത്തുന്നത്.
അമൃത് സരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിന്റെ മധ്യത്തില്‍ രണ്ടു നിലകളിലായി മാര്‍ബിളിലാണ് ഈ ആരാധനാലയം പണികഴിപ്പിച്ചിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ സിഖ് ഗുരുവായിരുന്ന ഗുരു അര്‍ജുന്‍ ദേവ് ജിയുടെ കാലത്താണ് ക്ഷേത്രം പണിയുന്നത്. 400 കിലോയോളം വരുന്ന സ്വര്‍ണ്ണ പാളികളിലാണ് ഈ ഗുരുദ്വാരയുടെ മേല്‍ക്കൂരയുള്ളത്.

PC: rajkumar1220

 ഹംപി, കര്‍ണ്ണാടക

ഹംപി, കര്‍ണ്ണാടക

ഇന്ത്യയിലെ തികച്ചും വ്യത്യസ്തമായ സ്ഥലങ്ങളിലൊന്നാണ് കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഹംപി. വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ പുരാതന നഗരം ഹൊയ്‌സാല ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കല്ലില്‍ കവിതയെഴുതിയ നഗരമെന്നാണ് ഹംപിയെ വിശേഷിപ്പിക്കുന്നത്. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇവിടം ഒട്ടേറെ ക്ഷേത്രങ്ങള്‍കൊണ്ട് സമ്പന്നമാണ്.

PC:Hardeep Asrani

 കൊണാര്‍ക്കിലെ സൂര്യക്ഷേത്രം

കൊണാര്‍ക്കിലെ സൂര്യക്ഷേത്രം

ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ക്കും പഴമയെ സ്‌നേഹിക്കുന്നവര്‍ക്കും കണ്ണിനു വിരുന്നൊരുക്കുന്ന ഒരിടമാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം.
കറുത്ത പഗോഢ എന്നറിയപ്പെടുന്ന ഈ സൂര്യക്ഷേത്രം 13-ാം നൂറ്റാണ്ടിലാണ് പണിയപ്പെട്ടത്. സൂര്യഭഗവാനായി സമര്‍പ്പിക്കപ്പെട്ട ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം കൂറ്റന്‍ രഥമാണ്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രം പാതി നശിച്ച നിലയിലാണ്.

PC: designadda

ഗുരു റിന്‍പോച്ചി, റിവാല്‍സര്‍

ഗുരു റിന്‍പോച്ചി, റിവാല്‍സര്‍

ഹിമാചല്‍ പ്രദേശിലെ മാണ്ടി
ജില്ലയിലെ റിവാല്‍സര്‍ എന്ന സ്ഥലം ബുദ്ധമത വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരിടമാണ്. കോപിതനായിരിക്കുന്ന ശ്രീ ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമയാണിത്. ഗുരു പത്മസംഭവ എന്നും ഗുരു റിന്‍പോച്ചി എന്നും അറിയപ്പെടുന്ന ഈ പ്രതിമ നാംച്ചി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

PC:John Hill

 താജ്മഹല്‍, ആഗ്ര

താജ്മഹല്‍, ആഗ്ര

പ്രണയത്തിന്റെ നിത്യസ്മാരകമായി യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ മുഗല്‍ വാസ്തുവിദ്യയുടെ പര്യായമാണ്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ ഭാര്യയായ മുംതാസിനോടുള്ള സ്‌നേഹത്തിനു പകരമായ കെട്ടിയ താജ്മഹല്‍ വിദേശികളുടെയും സ്വദേശികളുടെയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

PC: Paul Asman and Jill Lenoble

പെരിയ കോവില്‍, തഞ്ചാവൂര്‍

പെരിയ കോവില്‍, തഞ്ചാവൂര്‍

പെരിയ കോവില്‍ അല്ലെങ്കില്‍ ദക്ഷിണമേരു എന്നറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രം തഞ്ചാവൂരിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ഈ ക്ഷേത്രത്തില്‍ ശിവനാണ് പ്രധാന പ്രതിഷ്ഠ.
ചോള വാസ്തുവിദ്യയുടെ ഉദാഹരണമായ ഈ ക്ഷേത്രം യുനസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നു കൂടിയാണ്.
PC: Vignesh js

സാഞ്ചി സ്തൂപ

സാഞ്ചി സ്തൂപ

ലോകത്തിലെ പ്രാചീന ബുദ്ധമത സ്മാരകങ്ങളിലൊന്നാണ് മധ്യപ്രദേശിലെ സാഞ്ചിയിലെ സ്തൂപം. ബുദ്ധന്‍ തന്റെ ജീവിതകാലത്തില്‍ ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഇവിടെ ബുദ്ധമതത്തിന്റെ ആരംഭം മുതലുള്ള കാര്യങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
അശോക ചക്രവര്‍ത്തി സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഈ സ്തൂപം 300 അടി ഉയരമുള്ള ഒരു കുന്നിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്.

PC: http://www.flickr.com/photos/chromatic

ഖജുരാവോ, മധ്യപ്രദേശ്

ഖജുരാവോ, മധ്യപ്രദേശ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മധ്യപ്രദേശിലെ ഖജുരാവോ. വാസ്തുവിദ്യകൊണ്ടും രതിശില്പങ്ങള്‍ കൊണ്ടും പ്രശസ്തമായ ഇവിടെ എണ്‍പത്തഞ്ചോളം ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നുവത്രെ.

ഏഴുനൂറ്റാണ്ടുകളോളം വനത്തിനുള്ളില്‍ ആരും കാണാതെ കിടന്ന ക്ഷേത്രങ്ങളെ 1838 ല്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍ ആയിരുന്ന ടി.എസ്. ബുര്‍ട്ട് ആണ് പുറംലോകത്തിനു പരിചയപ്പെടുത്തിയത്.

PC:Dennis Jarvis

കീ ബുദ്ധവിഹാരം

കീ ബുദ്ധവിഹാരം

ബുദ്ധഭിക്ഷുക്കളായ ലാമമാരുടെ വിദ്യാഭ്യാസ കേന്ദ്രമാണ് സ്പിതി താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന കീ ബുദ്ധവിഹാരം. സമുദ്ര നിരപ്പില്‍ നിന്നും 4166 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സ്പിതിയിലെ ഏറ്റവും വലിയ ബുദ്ധവിഹാരമാണ്.
പുരാതനമായ ധാരാളം ചുവര്‍ ചിത്രങ്ങള്‍ ഇവിടുത്തെ ഭിത്തികളില്‍ കാണാന്‍ കഴിയും. ചൈനീസ് സ്വാധീനം കലര്‍ന്ന മൊണാസ്റ്റിക് വാസ്തുവിദ്യയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മണാലിയില്‍ നിന്നും 191 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

PC: Peter Krimbacher

Please Wait while comments are loading...