Search
  • Follow NativePlanet
Share
» »കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

കാഴ്ചകളും അനുഭവങ്ങളും ഒരു വശത്തും പോകാനിരിക്കുന്നവരുടെ സ്വപ്നങ്ങൾ മറുവശത്തുമാക്കി കാലത്തിനു പിടികൊടുക്കാതെ നിൽക്കുന്ന കുടജാദ്രിയിലേക്കൊരു യാത്ര ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ കാണില്ല.

By Elizabath Joseph

കുടജാദ്രി...ഉയർന്നുവരുന്ന കോടമഞ്ഞിന്റെ അകമ്പടിയില്ലാതെ ഓർമ്മിക്കുവാൻ പറ്റാത്ത ഒരിടം...മുൻപേ നടന്നവർ പറഞ്ഞു തന്ന കാഴ്ചകളും അനുഭവങ്ങളും ഒരു വശത്തും പോകാനിരിക്കുന്നവരുടെ സ്വപ്നങ്ങൾ മറുവശത്തുമാക്കി കാലത്തിനു പിടികൊടുക്കാതെ നിൽക്കുന്ന കുടജാദ്രിയിലേക്കൊരു യാത്ര ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ കാണില്ല. എങ്ങനെ പോയാലും മനസ്സിൽ നാളുകളോളം സൂക്ഷിക്കുവാനുള്ള ഓർമ്മകൾ നല്കുന്ന കുടജാദ്രി സ്വപ്നങ്ങളിൽ ഇല്ലാത്തവർ ചുരുക്കമായിരിക്കും....

ഇതൊക്കെയെന്ത്

ഇതൊക്കെയെന്ത്

പോയവരുടെ അനുഭവങ്ങൾ കേട്ടും വായിച്ചുമൊക്കെ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു കൊല്ലൂരും കുടജാദ്രിയും. പോയിട്ടുവന്നവരുടെ കഥകൾ കേൾക്കുമ്പോൾ മുഖത്തോടു മുഖം നോക്കി ചത്ത് മണ്ണടിയും മുന്‍പെങ്കിലും ഒന്ന് പോകാന്‍ ഒത്താമതിയായിരുന്നെന്ന് നെടിവീര്‍പ്പിട്ട് എന്നു ആ സംഭാഷണം അവസാനിപ്പിക്കും. അങ്ങനെയിരിക്കെ പെട്ടന്നായിരുന്നു ഈ മാസം ഒന്നിന് കൃത്യം പറഞ്ഞാല്‍ കഴിഞ്ഞ ബുധനാഴ്ച കുടജാദ്രി പിന്നെയും കയറി വന്നത്. അവസാന നിമിഷം മാത്രം യാത്രയ്ക്ക് ഒരുങ്ങിയിറങ്ങുന്നതിനാൽ വെള്ളിയാഴ്ച ഉച്ചയാകേണ്ടി വന്നു കുടജാദ്കിയ്ക്ക് പോയേക്കാം എന്ന തീരുമാനം വരാൻ.

PC:Pradeeshmk

വല്ലാത്തൊരു ഓട്ടമായിപ്പോയി

വല്ലാത്തൊരു ഓട്ടമായിപ്പോയി

കടമ്പകൾ പിന്നെയുമുണ്ടായിരുന്നു. വഴിയും ബസും റൂട്ടും അവിടെ എത്തിയാലുള്ള കാര്യങ്ങളും ഒക്കെ...പിന്നെ എന്തുവന്നാലും മുന്നോട്ട് എന്നുറപ്പിച്ച് ബെംഗളുരു മജസ്റ്റിക്കിൽ നിന്നുള്ള കെഎസ്ആർടിസിയ്ക്ക് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തു. രാത്രി 8.33നാണ് മജസ്റ്റിക്കിൽ നിന്നും ബസ്. ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു അമ്മാത്ത് എത്തിയുമില്ല എന്ന അവസ്ഥയില്ലേ. അതുപോലത്തെ അവസ്ഥ. കയ്യിലിരിപ്പു കാരണം ബസ് പുറപ്പെട്ട് രണ്ട് പ്രധാന സ്റ്റോപ്പുകൾ കഴിഞ്ഞ് മജസ്റ്റിക് സ്റ്റാന്‍റില്‍ നിന്ന് ഒരു മണിക്കൂര്‍ അപ്പുറത്തുള്ള ജയഹള്ളിയില്‍ വെച്ചാണ് ബസ് കിട്ടുന്നത്. സോറി കിട്ടുന്നതല്ല കാലു പിടിച്ച് കാത്ത് നിര്‍ത്തിപ്പിച്ചത്. അതിനു പിന്നിലെ കഥ ഇവിടെ എഴുതിയാൽ തീരില്ല.

PC: Shrikanth n

അല്ലേലും അതങ്ങനെ ആകുമല്ലോ

അല്ലേലും അതങ്ങനെ ആകുമല്ലോ

അങ്ങനെ ബസിൽ കയറി പുലർച്ചെ ആറുമണിയോടെയാണ് ഞാനും സുഹൃത്തും മൂകാംബിക ക്ഷേത്രത്തിനു മുന്നിലെത്തുന്നത്. ബസ് ഇറങ്ങി അങ്ങോട്ടുമിങ്ങോട്ടും നോക്കിയെങ്കിലും ഒരു പിടിയും കിട്ടുന്നില്ല. റൂം എടുക്കുവാൻ നേരത്തെ പ്ലാൻ ഇല്ലായിരുന്നുവെങ്കിലും പിന്നീട് അതിലും തീരുമാനമായി. നേരെ ക്ഷേത്രത്തിന്റെ കീഴിൽ നടത്തുന്ന സൗപർണ്ണിക എന്ന ഗസ്റ്റൗസിലേക്ക്. റൂമിലെത്തി ഫ്രെഷായി. 12 മണിക്കൂറിന് 250 രൂപയാണ് ചാര്‍ജ്ജ്. ആദ്യം ക്ഷേത്ര സന്ദർശനം പിന്നീട് കുടജാദ്രി എന്നു പറഞ്ഞ് റൂമിൽ നിന്നിറങ്ങിയെങ്കിലും ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ പ്ലാൻ ചേഞ്ച്ഡ്! ആദ്യം കുടജാദ്രി..പിന്നെ ക്ഷേത്രം.

PC:Vinayaraj

ട്രിപ്പ് സ്റ്റാര്‍ട്ടഡ്

ട്രിപ്പ് സ്റ്റാര്‍ട്ടഡ്

അങ്ങനെ കൊല്ലൂർ അമ്പലത്തിന് മുന്നിൽ കുടജാദ്രിയിലേക്കുള്ള ജീപ്പുകൾ പാർക്ക് ചെയ്തിടത്തെത്തി. വരിവരിയായി ജീപ്പുകൾ നിർത്തിയിട്ടിട്ടുണ്ടെങ്കിലും ആളില്ല. ഒരു ട്രിപ്പിൽ എട്ടുപേർക്ക് പോകാം. എട്ടുപേർ തികഞ്ഞാലേ അവർ ജീപ്പെടുക്കൂ. ശനിയാഴ്ച ആയിരുന്നിട്ടും ഏകദേശം മുക്കാൽ മണിക്കൂർ നേരംകാത്തിരിക്കേണ്ടി വന്നു. അവസാനം കന്യാകുമാരിയിൽ നിന്നും വന്ന ആറംഗ കുടുംബത്തിനൊപ്പം കുടജാദ്രിയിലേക്ക്. ജീപ്പിൽ കയറുന്നതിനു മുന്നേ വ്യവസ്ഥകളൊക്കെ ഡ്രൈവർ പറ‍ഞ്ഞു. കുടജാദ്രിയിലേക്കുള്ള പാസടക്കം ഒരാൾക്ക് 375 രൂപയാണ് തുക. ഒന്നര മണിക്കൂർ വീതം അങ്ങോട്ടുമിങ്ങോട്ടും യാത്ര, ഒന്നര മണിക്കൂർ സർവ്വജ്ഞപീഠം കണ്ടിറങ്ങി വരാനുള്ള സമയം. കൂതുടൽ സമയം കാത്തു നിൽക്കില്ല. അങ്ങനെ യാത്ര തുടങ്ങി.

PC:Swaroop C

മത്തായി ഞാന്‍ ഇതാ വരുന്നേ

മത്തായി ഞാന്‍ ഇതാ വരുന്നേ

കൊല്ലൂരിൽ നിന്നും ഒന്നരമണിക്കൂർ ദൂരമാണ് കുടജാദ്രിയിലേക്കുള്ളത്. ജീപ്പിൽ കയറിയപ്പോൾ മുതൽ മഴ ചാറാൻ തുടങ്ങി. മനസില്‍ കയറി കൂടിയ കുടജാദ്രി സ്വപ്നത്തിൽ മഴയും മഞ്ഞുമുണ്ടായിരുന്നതിനാൽ ഡബിൾ ഹാപ്പിയായിരുന്നു. വണ്ടി മുന്നോട്ട് പോകുന്തോറും കാഴ്തകളിലും മാറ്റം തുടങ്ങി. ആദ്യമാദ്യം ഇരുണ്ട് കെട്ടിയ മരങ്ങള്‍ക്കിടയിലൂടെയുള്ള റോഡിലൂടെയായിരുന്നു യാത്രയെങ്കില്‍ ഇപ്പോൾ അത് മഴക്കാട്ടിലെത്തി നിൽക്കുകയാണ്. നട്ടുച്ചയ്ക്കു പോലും കോടമഞ്ഞു കടന്നു വരുന്ന വഴികളിലൂടെയാണ് യാത്ര.

PC:Veereshbmsce

എന്തൊരു കാഴ്ചയാണ് ഭായ്

എന്തൊരു കാഴ്ചയാണ് ഭായ്

വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകളും ഇരുവശത്തും തലയുയർത്തി നിൽക്കുന്ന കാടും അതിനിടയിലൂടെ വളരുന്ന വള്ളികളും അങ്ങുയരത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും കോടമ‍ഞ്ഞും ഒക്കെയായി പോവുകയാണ്. ഇടയ്ക്കു നിർത്തി കുറച്ചു ഫോട്ടോ എടുക്കണമെന്നു ചോദിക്കണമെന്നുണ്ടായിരുന്നങ്കിലും മിണ്ടിയില്ല. കണ്ണടച്ചാൽ തീർന്നു പോയെങ്കിലോ എന്നോർത്ത് ഒന്നും വിടാതെ കാഴ്ചകൾ കണ്ടു. കാഴ്ചകൾ പിന്നെയും മാറിമാറി വന്നു.

PC: Rakhi Raveendran

അങ്ങനെ മുകളിലേക്ക്

അങ്ങനെ മുകളിലേക്ക്

വലിയ വലിയ വൃക്ഷങ്ങളും കമുകിൻ തോട്ടവും ഇടയ്ക്കു മാത്രം കാണുന്ന വീടുകളും ഒക്കെ പിന്നിട്ട് വഴി തിരിഞ്ഞ് കയറി നിൽക്കുന്നത് ചെക് പോസ്റ്റിലാണ്. ഇനി മുന്നോട്ടുള്ള യാത്രയ്ക്ക് ഇവിടുന്ന് അനുമതി വേണം. ഒരാൾക്ക് 25 രൂപയാണ് മുകളിലേക്കുള്ള യാത്രയുടെ പാസിന്. പാസും വാങ്ങി വണ്ടി തിരിഞ്ഞു. കുടജാദ്രി നടന്നു കയറുവാൻ തയ്യാറെടുക്കുന്നവരാണ് അവിടെ മുഴുവൻ. നടന്നുകയറണെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും 12 കിലോമീറ്റർ ദൂരവും സമയത്തിന്റെ കുറവും ഇണ്ടായതുകൊണ്ട് ഒന്നും ആലോചിക്കേണ്ടി വന്നില്ല. യാത്ര വണ്ടിയിൽ തന്നെ..

PC:Jayeshj

ഓഫ് റോഡൊക്കെ ഇതാണ് മോനെ

ഓഫ് റോഡൊക്കെ ഇതാണ് മോനെ

ഒരു ചെറിയ കുലുക്കത്തോടെ കുടജാദ്രിയുടെ ഏറ്റവും വലിയ അട്രാക്ഷനായ ഓഫ് റോഡിങ്ങിനു അങ്ങനെ തുടക്കമായി. ആദ്യത്തെ കുറച്ചു ദൂരം പോയപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇതല്ല ഇതിലപ്പുറം ചാടികടന്നവനാണ് ഈ കെകെ ജോസഫ് എന്ന മട്ടില്‍ ഒരു ലോഡ് പുച്ഛം മുഖത്ത് ഇട്ട് തുടങ്ങിയപ്പോഴേക്കും ഓഫ് റോഡിന്റെ യഥാർഥ രസം തുടങ്ങിയിരുന്നു. ചളി കുഴഞ്ഞ റോഡും ഒരു 30 മീറ്ററിലധികം മുന്നിൽ കാണാത്ത വളവും ഒക്കെയായി വഴി കിടക്കുകയാണ്. ഇനിയെല്ലാം ഡ്രൈവറിന്റെ കയ്യിൽ എന്നു പറഞ്ഞ് ഞങ്ങൾ ഇരിപ്പായി. കുറച്ചു ദൂരം വണ്ടി സ്മൂത്തായി പോയി. പിന്നെ പെട്ടന്ന് വളവും തിരിവും .കല്ലിൽ നിന്നു കല്ലിലേക്കും ചളിക്കുഴിയില്‍ നിന്നു പാറക്കെട്ടിലേക്കും എടുത്തുചാടി പോകുന്ന വണ്ടിയിൽ ജീവൻ കയ്യിലെടുത്തല്ലാതെ ഇരിക്കാൻ പറ്റില്ല.

PC:alexrudd

 ചേട്ടന്‍ സൂപ്പറാ

ചേട്ടന്‍ സൂപ്പറാ

അസാമാന്യ കൈവഴക്കത്തോടെ ജീപ്പിനെ വരുതിയിൽ നിർത്തുന്ന ഡ്രൈവറെ പിന്നീട് ഒരു നിമിഷം പോലും ഓർക്കാതിരിക്കില്ല. ഈ ജീപ്പ് ഒന്നൊന്നര സംഭവാ എന്നു മാത്രമേ പറയുവാൻ പറ്റൂ!! പേടിപ്പിക്കുന്ന റോഡ് കഴിഞ്ഞു..ഇനി കുറേ ദൂരം നല്ല റോഡാണ്. നല്ല റോഡ് എന്നു പറഞ്ഞാൽ ടാറിട്ടത് എന്നല്ല, മുൻപത്തെ വഴിയേക്കാൾ കുറച്ചു ഭേദം. അത്രയേയുള്ളൂ. അപ്പോഴേക്കും ചാറ്റൽ മഴയും കോടമ‍ഞ്ഞും ഇത്തിരി കൂടി കനത്തു. തൊട്ടുമുന്നിലെ കാഴ്ചകൾ കാണാൻ പോലും പറ്റാത്ത കട്ടിമഞ്ഞ്. ഒരു വലിയ വളവ് കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയപ്പോഴേക്കും സ്ഥലമെത്തി. വണ്ടി നിർത്തി. ഇനിയുള്ള ദൂരം നടന്നാണ് കയറേണ്ടത്. ഒന്നര മണിക്കൂർ സമയം ഉണ്ട്. അതിനുള്ളിൽ പോയ് വരണം.

PC:Ashwin Iyer

അങ്ങനെ സർവജ്ഞപീഠത്തിലേക്ക്

അങ്ങനെ സർവജ്ഞപീഠത്തിലേക്ക്

നല്ല മഴയും കോടമഞ്ഞുമായതിനാൽ ചിത്രമൂലയിലേക്ക് പ്രവേശനം ഇല്ലെന്നു നേരത്തെ തന്നെ പറ‍ഞ്ഞിരുന്നു. ചെരിപ്പിടണോ വേണ്ടയോ എന്നുള്ള വലിയ ആലോചനയ്ക്കു ശേഷം ചെരിപ്പിടാതെ മുകളിലേക്ക് നടക്കുവാൻ തീരുമാനിച്ചു. അടുത്തകാലത്തെടുത്ത ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നായിരുന്നു അതെന്ന് അറിയാൻ 10 മിനിട്ടു പോലുമെടുത്തില്ല. മുന്നോട്ടു പോകുമ്പോൾ ആദ്യം കാണുന്നത് കുറച്ചു ക്ഷേത്രങ്ങളാണ്. അതിൽ പ്രധാനപ്പെട്ടത് ആദിമൂകാംബിക ക്ഷേത്രമാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ശങ്കരാചാര്യർ സ്ഥാപിച്ച വിഗ്രഹമാണുള്ളത്.അവിടെ കയറി പൂജാരി പറഞ്ഞ ചരിത്രമൊക്കെ കേട്ട് പതുക്കെയിറങ്ങി. ഇനി നല്ല കയറ്റമാണ്. കൂടെ മഴയും മഞ്ഞും. !

PC:Pittu

ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

ചെറിയ കൽക്കെട്ട് കയറിക്കഴിഞ്ഞാൽ ഉരുളൻകല്ലുകൾ നിറഞ്ഞ വഴി തുടങ്ങി. യാത്രയുടെ സുഖവും രസവും എല്ലാം ഈ വഴിയും ഇവിടുത്തെ കാഴ്ചകളുമാണ്. ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കുത്തനെയുള്ള കയറ്റങ്ങളും പുൽമേടുകളുമെല്ലാം താണ്ടി മുന്നോട്ട് പോവുകയാണ്. ചെരിപ്പിടാത്തതിനാൽ വേഗത അല്പം കുറ‍ഞ്ഞെങ്കിലും യാത്രയുടെ സ്പിരിറ്റിനെ അതൊട്ടും ബാധിച്ചിട്ടില്ല. ഒറ്റയടി പാതകൾ വളരെ പെട്ടന്നാണ് തുറസ്സായ പുൽമേടുകളിലേക്കെത്തുന്നത്. അത് പിന്നെയും ഇരുവശവും കാടു നിറഞ്ഞു നിൽക്കുന്ന വഴിയിലേക്ക് മാറി. എന്തോക്കയോ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന വഴിയിലൂടെയൊരു യാത്ര. ഉരുളൻ ചെങ്കല്ലുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന വഴിയിലൂടെയാണ് ഇനി പോകേണ്ടത്. ഇരുവശവും പൂത്തു നിൽക്കുന്ന പേരറിയാ ചെടികളും കാടിന്റെ അകംകാഴ്ചകളും മുന്നോട്ട് നീങ്ങാൻ സമ്മതിക്കില്ല. അവിടെ നിന്നു കണ്ടുതീര്‍ക്കാമെന്നു വിചാരിച്ചാലും അത് തീരില്ല. ഓരോ കോണിലും അത്രയധികം കാഴ്ചകളാണുള്ളത്. മുകളിലേക്ക് കയറി ചെല്ലുമ്പോൾ വഴി തീർന്നതുപോലെ തോന്നും.

PC:Rakhi Raveendran

 മനസു നിറയെ ആ കാഴ്ച

മനസു നിറയെ ആ കാഴ്ച

നേരെ കയറിയാൽ ചെല്ലുന്നത് ആഴമുള്ള കൊക്കയിലേക്കാണ്. ഇനി സഞ്ചരിക്കേണ്ടത് ഇടതുവശത്തേയ്ക്കാണ്. അറ്റം കാണാത്ത കൊക്ക ഒരു വശത്തും വെള്ളം കുത്തിയൊലിച്ചിറങ്ങിയ വഴിയുടെ മറുഭാഗത്ത് കൂടി മുന്നോട്ട് പോകാം. ചരൽക്കല്ലുകൾ നിറ‍ഞ്ഞ വഴിയിൽ ഒന്നും കാണാൻ പറ്റുന്നില്ല. കോടമഞ്ഞിന്റെ വരവ് തൊട്ടു മുന്നിലെ കാഴ്ചകളപ്പോലും മറച്ചു. എത്ര ദൂരം മുന്നോട്ട് പോകണമെന്നുപോലും അറിയില്ല. കട്ടികൂടി വരുന്ന മഞ്ഞും മഴയും വന്നുംപോയുമിരിക്കുകയാണ്. എന്തുസംഭവിച്ചാലും മുന്നോട്ടുതന്നെ... വഴിയെക്കുറിച്ച് ഒരുപിടിപാടുമില്ലാതെ മുന്നോട്ട് നടക്കുകയാണ്.. പെട്ടന്നാണ് കോടമഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ഒരു രൂപം... വർഷങ്ങളായി മനസ്സിലുണ്ടായിരുന്ന സർവ്വജ്ഞ പീഠം. എങ്ങനെ കാണമെന്നു കൊതിച്ചോ അതേ രൂപത്തിൽ....... കല്ലിൽ നിർമ്മിച്ച സർവ്വജ്ഞ പീഠത്തിന്റെ ഭംഗി കണ്ടും അവിടുത്തെ കാഴ്ചകൾ ആസ്വദിച്ചും കുറേ നേരം നിന്നു...പതിയെ താഴേക്കുള്ള യാത്ര തുടങ്ങി.

PC:Rakhi Raveendran

ഗണപതി ഗുഹയിലേക്ക്

ഗണപതി ഗുഹയിലേക്ക്

ചെരുപ്പിടാതെ വന്നതിൻന്റെ ബുദ്ധിമുട്ട് ശരിക്കും മനസ്സിലായത് താഴേക്കിറങ്ങിയപ്പോഴായിരുന്നു. ചരലിൽ ചവിട്ടി നടക്കാൻ പറ്റാത്ത അവസ്ഥ. ഒരു വിധത്തിൽ താഴേക്കിറങ്ങി. തിരിച്ചിറങ്ങുമ്പോൾ കയറണമെന്നു വിചാരിച്ച ഗണപതി ഗുഹയിലേക്ക്. ഒരു അ‍ഞ്ച് മിനിട്ട് നടക്കുവാനുണ്ട്.. ഇരുവശവും മരങ്ങൾ നിറ‍ഞ്ഞു നിൽക്കുന്ന ഒറ്റയടിപാതയിലൂടെയാണ് ഇവിടെ എത്തേണ്ടത്. ഒരു ഗുഹയ്ക്കുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഗണേശ വിഗ്രഹമാണ് ഇവിടുത്തെ കാഴ്ച. മാത്രമല്ല, ഗുഹയ്ക്കുള്ളിൽ മീറ്ററുകൾ നീളമുള്ള ഒരു തുരങ്കമുണ്ട്. ഇരുണ്ടു കിടക്കുന്ന ഈ തുരങ്കത്തിലൂടെ പലരും കയറാറുണ്ടെങ്കിലും കുറച്ചു മുന്നോട്ട് പോയാൽ പോലും ശ്വാസം കിട്ടാത്ത അവസ്ഥയാണുള്ളത്. സാധാരണയായി ഇവിടെ പൂജാരിയുണ്ടാകാറുണ്ടങ്കിലും ഞങ്ങൾ ചെന്നപ്പോളില്ലായിരുന്നു.

PC: Rakhi Raveendran

ആ ചെറ്യ വളവില്‍ ഒന്നു പെട്ടു

ആ ചെറ്യ വളവില്‍ ഒന്നു പെട്ടു

ഫോട്ടോയെടുത്തും കാഴ്ചകൾ കണ്ടും പതിയെ താഴേക്ക്. താഴെ ജീപ്പ് നിർത്തിയിട്ട സ്ഥലത്തെത്തിയപ്പോൾ ഞങ്ങൾക്കൊപ്പം വന്ന ഫാമിലി ഞങ്ങളെയും കാത്ത് നിൽപ്പുണ്ടായിരുന്നു. മഴ കാരണം അവർ ക്ഷേത്രത്തിൽ മാത്രമേ പോയൊള്ളു. പിന്നെ ജീപ്പിൽ തന്നെയായിരുന്നു. എന്തേ ഇത്ര താമസിച്ചു എന്നു പോലും ചോദിക്കാതെ സ്നേഹത്തോടെ അവരുടെയൊപ്പം തിരികെ യാത്ര തുടങ്ങി. എങ്ങനെ വന്നോ അതിലും സാഹസികമായി ഒരു മടക്ക യാത്ര. മുറുകെ പിടിച്ചിരുന്നില്ലെങ്കിൽ പുറത്തേക്ക് തെറിച്ചുപോകുന്ന പോലെ പേടിപ്പെടുത്തുന്ന യാത്ര. വണ്ടികൾ പോയിപോയി പലയിടത്തും റോഡിനു പകരം ചെളിക്കുണ്ട് മാത്രമാണുള്ളത്. ചെളിയിൽ പുതഞ്ഞ ജീപ്പിന്‍റെ ടയറുകൾ മുന്നോട്ട് കയറാൻ ഇത്തിരി അധികം കഷ്ടപ്പെട്ടു. അതിനിടയിൽ ഒരിടത്തുവെച്ച് ഞങ്ങളുടെ വണ്ടിയും ചെളിയിൽ പോയി. എത്ര ശ്രമിച്ചിട്ടും മുന്നോട്ട് കയറാതെ വന്നപ്പോൾ തൊട്ടുപിന്നിലെ ഡ്രൈവറാണ് വണ്ടിയെടുത്ത് മുന്നിലെത്തിച്ചത്.

PC:alexrudd

മനസില്‍ ചേര്‍ത്ത് വെച്ച കുടജാദ്രി

വീണ്ടും വന്ന വഴിയിലൂടെ ഒരു മടക്കയാത്ര. കാടും കാട്ടരുവിയും ഒക്കെ കണ്ട് കൊണ്ട് കൊല്ലൂരെത്തിയപ്പോൾ രണ്ടുമണി. നേരെ റൂമിലേക്ക്. എടുത്ത ഫോട്ടൊയൊക്കെ കണ്ട് കുറച്ചു നേരം അവിടെ. പിന്നെ ഒന്നു ഫ്രെഷായി ഭക്ഷണം കഴിക്കുവാൻ പുറത്തേയ്ക്ക്. കഴിച്ചു കഴിഞ്ഞ് അടുത്ത ലക്ഷ്യം സൗപർണ്ണികയാണ്. കൊല്ലൂരെത്തിയാൽ സൗപർണ്ണികയിലിറങ്ങാതെ എങ്ങനെ പോകാനാണ്. വെള്ളത്തിൽ കുളിച്ചും കളിച്ചുമൊക്കെ കുറേ ആളുകൾ. കുറേ നേരം അവിടെ ചിലവഴിച്ചതിനു ശേഷം തിരികെ നടന്നു. ഒരുകട്ടൻ ചായയൊക്കെ കുടിച്ച് ക്ഷേത്രത്തിലേക്ക്. വിചാരിച്ച പോലെ ഒരു തിരക്കുമില്ല. കാണുന്നവരെല്ലാം മലയാളികൾ. മലയാളികളെത്താത്ത ഒരു ദിവസമുണ്ടെങ്കിൽ താൻ മലയാളക്കരയിലേക്കു വരുമെന്നു പറഞ്ഞ ദേവിയെ കാണാൻ അത്രയധികം മലയാളികളുണ്ടവിടെ. ക്ഷേത്രത്തിലെ കാഴ്തകളൊക്കെ കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും സമയമായി. ഇനി റൂമിൽ ചെന്ന് വരാനുള്ള സമയം മാത്രം. അങ്ങനെ തിരികെ ഏഴു മണിയുടെ ബസിന് ബാംഗ്ലൂരിലേക്ക്....

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X