ഫേസ്ബുക്ക് റീലുകളിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും കടന്നു പോകുമ്പോൾ മുന്നിലെത്തുന്ന ചില ചിത്രങ്ങളില്ലേ.. നമ്മൾ പോകണമെന്ന് ആഗ്രഹിക്കുന്ന മാലദ്വീപിലും പാരീസിലും സ്വിറ്റ്സർലൻഡിലുമെല്ലാം നിന്ന് യൂ ട്യൂബർമാരും ഇൻഫ്ലൂവൻസേഴ്സും ഒക്കെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ. നോക്കി നിന്നുപോകുമെങ്കിലും ഇതൊക്കെ എന്നു നടക്കുന്ന ആഗ്രഹങ്ങളാണോ എന്നു ചിന്തിച്ച് അടുത്ത പോസ്റ്റിലേക്ക് മെല്ലെ പോകും... വായിക്കുമ്പോൾ നമ്മളെ തന്നെ അവിടെ കാണുവാന്‍ സാധിക്കുന്നില്ലേ? പ്രത്യേകിച്ച് പണത്തിന്റെ അഭാവം മൂലം ഏറ്റവും പ്രിയപ്പെട്ട ചില യാത്രകൾ വേണ്ട എന്നുവെച്ചിരിക്കുന്ന ഒരാൾ കൂടിയാണ് നിങ്ങളെങ്കിൽ... എങ്കിൽ ബാക്കി വായിക്കാം

ട്രാവൽ നൗ പേ ലേറ്റർ
Travel Now Pay Later എന്ന നാലു വാക്കുകൾ നിങ്ങൾക്കുള്ളതാണ്. യാത്രകൾക്ക് പണം ഒരു തടസ്സമാകാതെ, ആവശ്യത്തിനു പണം നല്കി, സൗകര്യം പോലെ തിരിച്ചടയ്ക്കുന്ന പദ്ധതി.ഇതിനെക്കുറിച്ച് നമ്മൾ നേരത്തെ കേട്ടിട്ടുണ്ട്. എന്താണ് ഗുണമെന്നും എങ്ങനെ പ്രയോജനപ്പെടുത്താമെന്നും നമുക്ക് അറിയുകയും ചെയ്യാം. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനം മേടിച്ച് ഓരോ മാസവും മുടക്കമില്ലാതെ, തിരിച്ചയ്ക്കുന്ന അതേ പദ്ധതി തന്നെ. ഇവിടെ പണം തരുന്നത് നിങ്ങളുടെ യാത്രകൾക്കാണെന്നു മാത്രം. യാത്ര ചെയ്യുവാൻ ഒരവസരം കാത്തിരുന്നവരുടെ മുന്നിലേക്ക് ഇത്തരമൊരു ഗോൾഡൻ ഓഫർ വന്നതോടെ ഇതിന്റെ പ്രയോജനം നേടി സ്വപ്ന യാത്രകൾ നടത്തിയവർ നമുക്കു ചുറ്റിലുമുണ്ട്. തുടങ്ങിയ സമയത്തേക്കാൾ വൻ വളർച്ചയാണ് ഇപ്പോൾ ഇതിലുള്ളതും.
PC:Kevin Schmid/Unspalsh

ട്രെയിനിലും വിമാനത്തിലുമെല്ലാം പണം പിന്നെ
ഐആർസിടിസിയും വിവിധ വിമാനക്കമ്പനികളുമെല്ലാം വ്യത്യസ്തങ്ങളായ ട്രാവൽ നൗ പേ ലേറ്റർ പാക്കേജുകൾ പുറത്തിറക്കിയിട്ടുണ്ട്. ഐആർസിടിസി ക്യാഷെയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ട്രാവൽ കമ്പനികൾ അവരുടെ പാക്കേജ് പ്രഖ്യാപിക്കുന്നതു പോലും ഈ സൗകര്യം വെച്ചിട്ടാണ്. അതുകൊണ്ടുതന്നെ ഒരിക്കലും നടക്കില്ലെന്നു കരുതിയ യാത്രകൾ ഒക്കെ സഫലമായവർ ഇഷ്ടം പോലെയുണ്ട്. തങ്ങളുടെ പോക്കറ്റിനിണങ്ങുമെന്ന ധാരണയിൽ ആളുകൾ പിന്നെയും ഈ സൗകര്യത്തിൽ യാത്രകൾ തുടരുവാനാണ് ആഗ്രഹിക്കുന്നതും.
PC:Anna Vi/Unsplash

പ്ലാനുകളും തിരിച്ചടവും ഇഷ്ടംപോലെ
എളുപ്പത്തിലുള്ള തിരിച്ചടവും സൗകര്യപ്രദമായ ദൈർഘ്യവുമാണ് ഇതിനെ കൂടുതൽ ജനപ്രിയമാക്കുന്നത്. വെറും 30 ദിവസത്തിൽ അടച്ചുതീർക്കേണ്ട പ്ലാൻ മുതൽ ആറു മാസം വരെ വ്യത്യസ്തമായ പാക്കേജുകൾ നിങ്ങൾ പ്രയോജനപ്പെടുത്തുന്ന കമ്പനിയുടെ സേവനം അനുസരിച്ച് നിങ്ങൾക്ക് ലഭിക്കും.
PC:Simon Spring/Unsplash

ഉദാഹരണങ്ങൾ നിരവധി
കേർളി ടെയില്‍സ് വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് വ്യത്യസ്തങ്ങളായ പാക്കേജുകളും സൗകര്യങ്ങളുമാണ് കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. ഐആർസിടിസി ആപ്പ് വഴി ആർക്കും എളുപ്പത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതുവഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുവാനും പണം പിന്നീട് നല്കുവാനും സാധിക്കും. ക്യാഷെയുടെ ടിഎൻപിഎൽ വഴിവളരെ കുറച്ച് വിവരങ്ങൾ അധികമായി കൊടുക്കുന്നതിലൂടെ ഈ സൗകര്യത്തിന് അർഹരാകും. തോമസ് കുക്കിന്റെ പോളിസി അനുസരിച്ച് ആകെ തുകയുടെ 10 ശതമാനം മുൻകൂറായും ബാക്കി തുക യാത്രയുടെ എല്ലാ ഡോക്യുമെന്റേഷനുകളും കഴിയുമ്പോഴും ലഭിക്കും.
മേക്ക് മൈ ട്രിപ്പ് പ്ലാൻ വഴി നിങ്ങൾക്ക് ക്രഡിറ്റ് കാർഡിലെ നോ കോസ്റ്റ് ഇഎംഐ ഉപയോഗിച്ച് 12 മാസം വരെ നീണ്ടു നിൽക്കുന്ന തിരിച്ചടവുകൾ ആണ് ലഭിക്കുന്നത്.
ആദ്യ 15 ദിവസം പലിശരഹിതമാക്കി എച്ച്ഡിഎഫ്സി ബാങ്കും ഈ സൗകര്യം നല്കുന്നു. ഒരു മാസം, രണ്ടു മാസം അല്ലെങ്കിൽ മൂന്നു മാസം നീണ്ടു നിൽക്കുന്ന പ്ലാനുകൾ ആണ് നിങ്ങൾക്ക് എടുക്കാം. എന്നാൽ മൂവായിരം രൂപയിൽ കൂടുതൽ നിങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ ഓരോ മാസവും 70 രൂപ അധികം നല്കണം എന്നാണ്.
PC:
Chad Madden/Unsplash

എടുക്കുന്നതിനു മുൻപ്
ഇത്രയും കേട്ട് നിങ്ങള്‍ ഇത്തരത്തിലൊരു പ്ലാൻ എടുക്കുവാൻ പോവുകയാണെങ്കിൽ അതിനു മുൻപായി ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതുവരെ കണ്ടതനുസരിച്ച് ടിഎൻപിഎല്ലിന് ഉയർന്ന പലിശ നിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. ഈ രംഗത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ അധികമില്ല എന്നതു മാത്രമല്ല, തിരികെ ലഭിക്കാത്ത ചില പണമിടപാടുകളും നടത്തേണ്ടതായും വരും.
യാത്ര ബുക്ക് ചെയ്യുമ്പോൾ തന്നെ നിശ്ചിത തുക കമ്പനിയിലേക്ക് നല്കുവാന്‍ പലരും ആവശ്യപ്പെടും. ഇത് തിരികെ ലഭിക്കില്ല. മാത്രമല്ല, ഏതെങ്കിലും കാരണത്താൽ നിങ്ങൾ യാത്ര മാറ്റുകയോ റദ്ദാക്കുകയോ ചെയ്താൽ ഈ തുക പോവുകയും ചെയ്യും.
PC:micheile dot com/Unsplash
മാലദ്വീപിലേക്ക് പോകാൻ ഇത്രയും എളുപ്പമായിരുന്നോ? വിസ മുതൽ എല്ലാം അറിയാം

കൃത്യമായി അടയ്ക്കാം
നിങ്ങളുടെ വരുമാനത്തിനനുസരിച്ച് തിരിച്ചടവ് സാധ്യമാകും എന്നുറപ്പുള്ള പ്ലാനുകളിൽ മാത്രം ചേരുക. തിരിച്ചടവ് മുടങ്ങുന്നത് തുക വർധിപ്പിക്കും എന്നതുമാത്രമല്ല. അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്തേക്കാം. ഡീൽ ഉറപ്പിക്കുമ്പോൾ എല്ലാ നിബന്ധനകളും കൃത്യമായി വായിച്ചു നോക്കുക.
PC:Elijah Hiett/Unsplash

പുതിയ യാത്രകൾക്ക്
ഓരോ പാക്കേജുകളും നിങ്ങളെ പുതിയൊരു യാത്രയ്ക്ക് പ്രേരിപ്പിക്കുമെങ്കിലും തിരിച്ചടവും കയ്യിലെ പണവുമെല്ലാം നോക്കി മുന്നോട്ട് ചുവട് വയ്ക്കുക. യാത്രകൾക്കായി കുറച്ച് പണം മാറ്റിവെച്ചവർക്കാണ് ശരിക്കും ഈ പ്ലാൻ കൂടുതൽ യോജിക്കുന്നത്. അവർക്ക് കൃത്യമായ തിരിച്ചടവ് സാധ്യമായേക്കും എന്നതാണ് കാരണം. എന്നാൽ നിങ്ങൾക്ക് തിരിച്ചടലിന്റെ കാര്യത്തിൽ ഉറപ്പുണ്ടെങ്കിൽ മുന്നോട്ടു പോകാം.
PC:Lucas Clara/Unsplash
പണം ഇതാ പിടിച്ചോ.. യാത്ര പോകാം... സമയം പോലെ തിരിച്ചടച്ചാൽ മതി! ട്രാവൽ നൗ പേ ലേറ്റർ പദ്ധതി അറിയാം