ഒരു ക്യാന്‍വാസില്‍ വരച്ചുവെച്ചതുപോലെയുള്ള ഭംഗി...കയറിയുമിറങ്ങിയും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കുന്നുകള്‍... മരങ്ങളുടെ നിഴല്‍ത്തണലുകള്‍..ആവോളം പച്ചപ്പും പ്രകൃതിഭംഗിയും... ഇനി സീസണിലാണെങ്കിലോ പൂക്കളുടെ താഴ്വരയെന്നല്ലാതെ മറ്റൊരു പേരില്‍ ഇതിനെ വിളിക്കുവാനുമാകില്ല.... ഏതാണ് സ്ഥലം എന്നല്ലേ... ഇത് യംതാങ്! സിക്കിമിന്റെ പൂക്കളുടെ താഴ്വര എന്നു സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന നാട്... കേട്ടറിഞ്ഞെത്തുന്ന സഞ്ചാരികള്‍ക്ക് മാന്ത്രികമായ കുറേയേറെ അനുഭവങ്ങള്‍ നല്കുന്ന യംതാങ് താഴ്വര ഓരോ യാത്രികനും ഒരിക്കലെങ്കിലും കടന്നുപോയിരിക്കേണ്ട ഇടമാണ്. പച്ചപ്പിന്‍റെ അഭൗമികമായ സൗന്ദര്യത്തില്‍ മയങ്ങിനില്‍ക്കുന്ന യംതാങ്ങിനെക്കുറിച്ച് വിശദമായി വായിക്കാം....

സിക്കിമിലെ പൂക്കളുടെ താഴ്വര
പൂക്കളുടെ താഴ്വര അഥവാ വാലി ഓഫ് ഫ്ലവേഴ്സ് എന്ന പേരില്‍ നമുക്ക് ഒരു യുനസ്കോ പൈതൃക സ്ഥാനം ഉത്തരാണ്ഡില്‍ നമുക്കുണ്ട്. അതുപോലെ തന്നെ സിക്കിമിലെ പൂക്കളുടെ താഴ്വര എന്നാണ് ഇവിടം അറിയപ്പെടുന്നത്. എണ്ണിത്തീര്‍ക്കുവാന്‍ കഴിയാത്ത വിധത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഹിമാലയന്‍ പൂക്കളാണ് ഈ പ്രേദശത്തിന്റെ ഭംഗിക്ക് കാരണമായിട്ടുള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 3500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യംതാങ് വാലി വടക്കന്‍ സിക്കിമിന്‍റെ ഭാഗമാണ്.

യംതാങ് വാലിയും പൂക്കളും
ഓരോ കാലത്തും വ്യത്യസ്തങ്ങളായ പൂക്കളും ചെടികളും ഇവിടെ കാണാം. റോഡോഡെൻഡ്രോണുകളാണ് ഇതിന്റെ ഭംഗിയില്‍ ഭൂരിഭാഗവും സ്വന്തമാക്കിയിരിക്കുന്നത്. പൂത്തുലഞ്ഞുനില്‍ക്കുന്ന ഈ ചെറുമരങ്ങളുടെ കാഴ്ച അതുല്യമായ അനുഭവം നല്കുന്നു. 24-ലധികം ഇനം റോഡോഡെൻഡ്രോണുകൾ ഇവിടെ വളരുന്നു. വസന്തകാലത്താണ് ഇതിന്റെ ഭംഗി തിരിച്ചറിയുവാന്‍ സാധിക്കുക. സാധാരണയായി മേയ് മാസം അവസാനത്തോടെ ഇതിന്റെ സീസണ്‍ കഴിയും.
മഴക്കാലം തുടങ്ങുന്നതോടെ പ്രിംറോസ്, സിൻക്യൂഫോയിൽസ്, ലോസ്വോർട്ട്സ്, കോബ്ര-ലില്ലി തുടങ്ങിയവയുടെ കാഴ്ചയാണ് ഇവിടെ വരുന്നത്. കണ്ണെത്താദൂരത്തോളം പൂത്തുതളിര്‍ത്തു നില്‍ക്കുന്ന ഇതിന്‍റെ കാഴ്ച വളരെ രസകരമാണ്.

അവിശ്വസനീയമായ പ്രകൃതിഭംഗി
എത്രകണ്ടാലും മതിവരാത്ത ചില കാഴ്ചകളില്ലേ... പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതകാഴ്ചകള്‍... അത്തത്തിലുള്ള ഒരിടമാണ് യംതാങ് വാലിയും. പച്ചപ്പുനിറഞ്ഞ ചരിവുകളും മരങ്ങളും നദികളും പര്‍വ്വതങ്ങളും പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന താഴ്വാരങ്ങളും അതുവഴിയൊഴുകുന്ന അരുവികളും പുല്‍മേടും എന്നിങ്ങനെ വാക്കുകളില്‍ ഇതിന്റെ വിശദീകരിക്കുക എന്നത് ശ്രമകരമായ സംഗതിയായിരിക്കും.
PC:Pulak Bhagawati
https://unsplash.com/photos/6MSk2NMkwRc

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം
സാധാരണ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയം കനത്ത മഞ്ഞുവീഴ്ച ഇവിടെ അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് വാലി അടഞ്ഞുകിടക്കുകയായിരിക്കും. യുംതാങ് വാലിയുടെ സൗന്ദര്യം അതിന്‍റെ പരിപൂര്‍ണ്ണതയില്‍ ആസ്വദിക്കുവാനാണ് താല്പര്യപ്പെടുന്നതെങ്കില്‍ ഫെബ്രുവരി അവസാനം മുതല്‍ മാര്‍ച്ച് പകുതി വരെയുള്ള സമയമായിരിക്കും ഏറ്റവും യോജിച്ചത്. ഈ സമയത്ത് പൂക്കളുടെയും ഹരിതാഭയുടെയും കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
തെളിഞ്ഞ ആകാശവും മഞ്ഞുപുതച്ചുനില്‍ക്കുന്ന പര്‍വ്വതനിരകളും ആണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയം ഇവിടേക്കുള്ള യാത്രയ്ക്കായി മാറ്റിവയ്ക്കാം.
കാഴ്ചകള്‍ മാത്രമല്ല, ഇവിടുത്തെ ചരിത്രം അറിയുകയും സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യണെമങ്കില്‍ ഫെബ്രുവരിയും മാര്‍ച്ചും വരാം. സ്ഥലത്തെ പ്രസിദ്ധമായ പല ആഘോഷങ്ങളും നടക്കുന്ന സമയമാണിത്.
PC: Subhadeep Saha

മഴക്കാലത്ത്
ഹിമാലയത്തില്‍ വിടരുന്ന പൂക്കളാല്‍ നിറഞ്ഞുനില്‍ക്കുന്ന യുംതാങ് വാലിയുടെ സൗന്ദര്യം മഴക്കാലത്ത് പതിന്മടങ്ങ് വര്‍ധിക്കുമെങ്കിലും കാഴ്ചകളോടൊപ്പം തന്നെ അപകടങ്ങളും ഈ സമയത്ത് പതുങ്ങിയിരുപ്പുണ്ട്. മഴപെയ്താല്‍ ചെളിയാകുന്ന വഴികളും അപ്രതീക്ഷിതമായെത്തുന്ന മലയിടിച്ചിലും ഒക്കെ ഇവിടെ പ്രതീക്ഷിക്കാം. എന്നിരുന്നാലും, മഴക്കാലങ്ങളില്‍ ഇതിന്റെ ഭംഗി ആസ്വദിക്കുവാനായി നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്. കനത്ത മഴയും ഇടിയും ഇവിടുത്തെ മഴക്കാല്തത് സര്‍വ്വസാധാരണമാണ്.
PC:Ujwala Bhat

സന്ദര്‍ശിക്കുവാനുള്ള അനുമതി
ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്നുസ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഇവിടേക്ക് പ്രവേശിക്കുവാന്‍ സാധിക്കില്ല. ഇവിടുത്തത സുരക്ഷാ പരിശോധനകള്‍ വളരെ കര്‍ശനമാണ്. ഇവിടേക്ക് യാത്ര ചെയ്യുന്നവര്‍ അനുമതി മുന്‍കൂട്ടി ഉറപ്പാക്കുകയും പ്രവേശനം അനുവദിക്കുന്നുണ്ടെോയെന്ന് അറിഞ്ഞിരിക്കുകയും വേണം. നിങ്ങള്‍ക്ക് നേരിട്ടും ഏജന്‍റുമാര്‍ വഴിയും അനുമതി ലഭ്യമാക്കുവാന്‍ സാധിക്കും.
PC:wikipedia

ലാച്ചുങ് കാണാം
യംതാങ് വാലി യാത്രയില്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട കാര്യങ്ങളിലൊന്ന് സമീപത്തെ പ്രധാനപട്ടണമായ ലാച്ചുങ് കണ്ടിരിക്കുക എന്നതാണ്. ചോപ്താ വാലിയിലേക്കും ഗുരു ഡോങ്മാര്‍ തടാകത്തിലേക്കുമുള്ള യാത്രയുടെ ബേസ് ക്യാംപായി വര്‍ത്തിക്കുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും 2,750 മീറ്റര്‍ ഉയരത്തിലാണുള്ളത്. പ്രകൃതിഭംഗി തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
PC:Amit Singh

സീറോ പോയിന്‍റ്
യംതാങ്ങിനു തൊട്ടടുത്ത് അല്ലെങ്കില്‍ക്കൂടിയും നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് സീറോ പോയിന്‍റ്. മൂന്നു നദികളുടെ സംഗമസ്ഥാനമായ ഇവിടെ വഴി അവസാനിക്കുകയാണ്. മലകളും പര്‍വ്വതങ്ങളും അതില്‍ മൂടിക്കിടക്കുന്ന മഞ്ഞും ഇവിടുത്തെ കാഴ്ചകളെ മൂല്യമുള്ളതാക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 5,000 അടി ഉയരത്തിലാണ് സീറോ പോയിന്‍റ് ഉള്ളത്. യംതാങ്ങില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം ഇവിടെയെത്തുവാന്‍. ഇവിടെനിന്നു നോക്കിയാല്‍ ടിബറ്റന്‍ പീഠഭൂമി കാണാം.
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!

ഷിംഗ്ബ റോഡോഡെൻഡ്രോൺ സാങ്ച്വറി
യംതാങ് വാലിയിലേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലമാണ് ഷിംഗ്ബ റോഡോഡെൻഡ്രോൺ സാങ്ച്വറി. റോഡോഡെൻഡ്രോൺ മരങ്ങളുടെ അസാധാരണമായ കാഴ്ചയാണ് ഇവിടെയുള്ളത്. നാൽപ്പതോളം ഇനം റോഡോഡെൻഡ്രോൺ മരങ്ങൾ ഇവിടെ കാണാം. മെയ് മാസത്തിൽ ആണ് ഇവിടുത്തെ ഭംഗി ആസ്വദിക്കുവാന്‍ സന്ദര്‍ശിക്കേണ്ടത്.

മീന്‍ പിടിക്കുവാന്‍ പോകാം
യംതാങ്ങ് യാത്രയില്‍ ചെയ്യുവാന്‍ പറ്റിയ മറ്റൊരു കാര്യം മീന്‍പിടുത്തം ആണ്. നിരവധി നദികളും ചെറുഅരുവികളും യാത്രയിലുടനീളം കാണാമെന്നതിനാല്‍ ഇടയ്ക്ക് ചെറിയൊരു വിനോദത്തിനായി മീന്‍പിടിക്കുവാനിറങ്ങാം, യംതാങ് ചു, പുനിയ ചു നദികളിൽ ആണ് കൂടുതലും ആളുകള്‍ മീന്‍പിടുത്തത്തിനായി പോകുന്നത്.
PC:Brady Rogers
താഴ്വാരങ്ങളില് കിലോമീറ്ററുകളോളം പൂത്തുലഞ്ഞ് ചെടികള്‍, കാണാം അപൂര്‍വ്വ കാഴ്ച
സിക്കിമിലേക്കാണോ യാത്ര? എങ്ങനെ പോകണം, എവിടെ പോകണം, എന്തൊക്കെ കാണാം.. അറിയേണ്ടതെല്ലാം!!