എക്കണോമിസ്റ്റ് ഇന്‍റലിജെന്‍സ് യൂണിറ്റ്
എക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ കീഴിൽ പഠനങ്ങളും അനാലിസിസുകളും ഒക്കെയായി സാമ്പത്തിക കാര്യത്തിൽ പഠനങ്ങളും പ്രവചനങ്ങളും നടത്തുന്ന ഒരു ബിസിനസ് സ്ഥാപനമാണ് എക്കണോമിസ്റ്റ് ഇന്‍റലിജെന്‍സ് യൂണിറ്റ്. ലോകത്തിലെ 133 നഗരങ്ങളിൽ 150 ലധികം സാധനങ്ങളുടെ വിലയെ താരതമ്യപ്പെടുത്തി, കുറഞ്ഞ ജീവിത ചെലവിൽ സുഖമായി ജീവിക്കാൻ പറ്റുന്ന നഗരങ്ങളെക്കുറിച്ച്
എക്കണോമിസ്റ്റ് ഇന്‍റലിജെന്‍സ് യൂണിറ്റ് നടത്തിയ പഠനങ്ങളിലാണ് ഇന്ത്യയിലെ മൂന്നു നഗരങ്ങള്‍ ഇടം നേടിയിരിക്കുന്നത്.
കുറഞ്ഞ ചിലവിൽ ജീവിക്കുവാൻ പറ്റിയ ഇന്ത്യൻ നഗരങ്ങൾ
ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ ജീവിക്കുവാൻ പറ്റിയ നഗരങ്ങളിൽ മൂന്ന് ഇന്ത്യൻ നഗരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ഡെൽഹി, ചെന്നൈ, ബാംഗ്ലൂർ എന്നിവയാണ് ഈ മൂന്നു നഗരങ്ങൾ.
ഡെൽഹി
എന്നും എപ്പോഴും വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായാ നാടാണ് ഡെൽഹി. എടുപ്പിലും നടപ്പിലും മാത്രമല്ല, നിറത്തിലും സംസ്കാരത്തിലും പാരമ്പര്യത്തിലും ഒക്കെ വിസ്മയങ്ങൾ സൂക്ഷിക്കുന്ന ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വസിക്കുന്നു. മിശ്രസംസ്കാര പ്രദേശമായാണ് ഇവിടം അറിപ്പെടുന്നത്.
ഡെൽഹി കാഴ്ചകൾ
തീരാത്ത ഈ വൈവിധ്യമാണ് ഇവിടെ എത്തുന്ന സഞ്ചാരികളും തിരയുന്നത്. മുഗള്‍ കാലത്തെ ഭരണത്തിന്റെ കഥ പറയുന്ന കെട്ടിടങ്ങളും കൊട്ടാരങ്ങളും ഭരണചക്രം തിരിയുന്ന പാർലമെന്റും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളും ആൾക്കൂട്ടം നിറഞ്ഞ മാർക്കറ്റും ഒക്കെ ഡെൽഹിയുടെ ഓരോ മുഖങ്ങളാണ്.
കുത്തബ് മിനാർ, ചെങ്കോട്ട, ഇന്ത്യാഗേറ്റ്. ലോട്ടസ് ടെംപിള്‍, അക്ഷര്‍ധാം ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
ചെന്നൈ
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ് ചെന്നൈ. മലയാളികളുടെ ഒരു രണ്ടാം വീട് തന്നെയാണ് ഇവിടം. വിദ്യാഭ്യാസം, വ്യവസായം കച്ചവടം എന്നിങ്ങനെ കൈവെച്ച എല്ലായിടത്തും വിജയം മാത്രം നേടി ഇടമാണിത്. ബ്രിട്ടീഷുകാരുടെ കാലത്താണ് ചെന്നൈ ഒരു മഹാനഗരമായി വളരുവാൻ തുടങ്ങിയത്. ചെന്നെയെ എണ്ണപ്പെട്ട ഒരു തുറമുഖ കേന്ദ്രമാക്കി മാറ്റിയതും ബ്രിട്ടീഷുകാർ തന്നെയാണ്.
ചെന്നൈ കാഴ്ചകൾ
എല്ലാ തരത്തിലുമുള്ള കാഴ്ചകൾ കൊണ്ടു സമ്പന്നമായ നാടാണ് ചെന്നൈ. ക്ഷേത്രങ്ങളും തീർഥാടന കേന്ദ്രങ്ങളും മ്യൂസിയങ്ങളും ബീച്ചുകളുമാണ് ഇവിടുത്തെ കാഴ്ചകളിൽ ഒഴിച്ചു കൂടുവാൻ സാധിക്കാത്തത്. ചരിത്രമുറങ്ങുന്ന മഹാബലിപുരവും ഓപ്പൺ മ്യൂസിയവും മറീനാ ബീച്ചും സാന്തോം ബസലിക്കയും മൈലാപ്പൂരും ഒക്കെയാണ് ഇവിടെ എളുപ്പത്തിൽ പോയിവരുവാൻ സാധിക്കുന്ന കുറച്ചിടങ്ങൾ.
ബാംഗ്ലൂർ
ഷോപ്പിങ്ങിനും കാഴ്ചകൾക്കും അലഞ്ഞു തിരിയലിനും ഒക്കെ പേരുകേട്ട നാടാണ് ബാംഗ്ലൂർ. ഐടി നഗരമെന്നും ഇന്ത്യയുടെ പൂന്തോട്ടം എന്നുമൊക്കെ വിളിപ്പേരുണ്ടെങ്കിലും യഥാർഥത്തിൽ ഒരു ഗ്ലോബൽ വില്ലേജാണ് ഇവിടം. വിദേശ സഞ്ചാരികളടക്കം ആളുകൾ എത്തിച്ചേരുന്ന ഇവിടം കർണ്ണാടകയിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞെത്തുന്ന പ്രദേശം കൂടിയാണ്.
കുറഞ്ഞ ചിലവിൽ
ഏതു പാവപ്പെട്ടവും എത്ര വലിയ പണക്കാരനും സന്തോഷത്തോടെ ജീവിക്കുവാൻ സാധിക്കുന്ന നാടാണിത്. എത്ര കുറഞ്ഞ ചിലവിൽ വേണമെങ്കിലും ഇവിടെ ജീവിതം സാധ്യമാണ്.
ബാംഗ്ലൂർ കാഴ്ചകൾ
ലാൽ ബാഗ്, സാവൻ ദുർഗ്ഗ, നന്ദി ഹിൽസ്, ബാംഗ്ലൂർ സ്പെഷയ്ൽ രുചി ലഭിക്കുന്ന ഭക്ഷണ ശാലകൾ, ക്ഷേത്രങ്ങൾ, വിധാൻ സൗധ, ഫ്ലീ മാർക്കറ്റ്, ബാംഗ്ലൂർ കൊട്ടാരം, നെഹ്റു പ്ലാനെറ്റോറിയം, ടിപ്പു സുൽത്താൻ പാലസ്, തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.