Search
  • Follow NativePlanet
Share
» »കാടിനെയറിയാം...കേരളത്തിലെ കാടകങ്ങളെ അറിയാം...

കാടിനെയറിയാം...കേരളത്തിലെ കാടകങ്ങളെ അറിയാം...

By Elizabath Joseph

മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...കൊച്ചു മലയാളമെന്നൊരു നാടുണ്ട്...കേരളത്തിന്റെ പ്രകൃതി ഭംഗിയെ പ്രകീർത്തിക്കുന്ന ഈ ഗാനം കേൾക്കാത്ത മലയാളികളുണ്ടാവില്ല. കേരളത്തിന്റെ ആകെയുള്ള പ്രദേശത്തിന്റെ 21 ശതമാനവും തിങ്ങിനിറഞ്ഞു നിൽക്കുന്ന വനഭൂമി കൂടിയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ കേരളത്തിന്‌‍റെ മുക്കാൽ ഭാഗത്തോളം വനമായിരുന്നുവത്രെ. വിദേശശക്തികളുടെ കടന്നു വരവും വികസന പ്രവർത്തനങ്ങളും ഒക്കെ ചേർന്നപ്പോൾ കേരളത്തിലെ വനഭൂമിയുടെ അളവ് തീരെ കുറയുകയായിരുന്നു.

സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും ശ്രമഫലമായി കേരളത്തിലെ വനത്തിന്റെ അളവ് അതുപോലെ നിലനിർത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

വിനോദ സഞ്ചാര രംഗത്ത് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് നമ്മുടെ കാടുകൾ തന്നെയാണ്. തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളിൽ പച്ചപ്പിന്റെ വലിയ തണലൊരുക്കിക്കൊണ്ട് സ്ഥിതി ചെയ്യുന്ന ഒട്ടേറെ കാടുകളുണ്ട്. കേരളത്തിലെ പ്രശസ്തമായ കാടുകളെ അറിയാം...

ഗവി

ഗവി

കേരളത്തിലെ ഏറ്റവും പ്രശസ്തമായ കാടുകളിലൊന്നാണ് പത്തനംതിട്ട ജില്ലയിൽ സമുദ്ര നിരപ്പില്‍ നിന്നും 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവി. നിത്യഹരിത വനങ്ങളോട് ചേർന്നു നില്‍ക്കുന്ന ഗ്രാമങ്ങളാണ് ഗവിയുടെ പ്രത്യേകത. പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഇക്കോ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത്. നിത്യഹരിത വനങ്ങൾ നിറ‍ഞ്ഞു നിൽക്കുന്ന ഇവിടുത്തെ പ്രധാന കാഴ്തകൾ വന്യജീവികൾ തന്നെയാണ്. കാടിനുള്ളിലൂടെ കിലോമീറ്ററുകളോളം ദൂരം നടക്കുക, വന്യജീവികളെ തൊട്ടടുത്തു നിന്നും കാണുക, ട്രക്കിങ്ങ്, രാത്രികാലങ്ങളിലെ ക്യാംപിങ്, ബോട്ടിങ്, ജംഗിൾ സഫാരി തുടങ്ങിയവയാണ് ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്ന കാര്യങ്ങൾ.

നിത്യഹരിത വനങ്ങളുടെഒരു തുരുത്തുതന്നെയായ ഇവിടെ പക്ഷെ, മനുഷ്യന്റെ ഇടപെടലുകൾക്ക് കാര്യമായ നിയന്ത്രണങ്ങളുണ്ട്. നിശ്ചിത എണ്ണം യാത്രക്കാർക്കു മാത്രമേ ഇവിടെ ഒരു ദിവസം പ്രവേശിക്കുവാനാവൂ.

കൊല്ലം- മധുര ദേശീയ പാതയിൽ (എൻ.എച്ച് 220) ഉള്ള വണ്ടിപ്പെരിയാറിൽ നിന്നും 28 കി.മി.അകലെയാണ് ഗവി സ്ഥിതി ചെയ്യുന്നത്.

PC: Arun Suresh

സൈലന്റ് വാലി

സൈലന്റ് വാലി

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ സൈലന്റ് വാലി. 70 ലക്ഷം വർഷങ്ങൾ പഴക്കമുള്ള ഈ കാടുകൾ പശ്ചിമഘട്ടം മലനിരകളുടെ ഭാഗമാണ്. സാധാരണ വനങ്ങളിൽ കാണപ്പെടുന്ന ചീവിടുകൾ ഇവിടെ ഇല്ലാത്തതിനാലാണ് ഇവിടം നിശബ്ദ താഴ്വര അഥവാ സൈലന്റ് വാലി എന്നറിയപ്പെടുന്നതെന്ന് ഒരു വാദമുണ്ട്.

1914 ൽ മദ്രാസ് സർക്കാരിന്റെ കാലത്താണ് ഇവിടം സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചത്. പുരാണങ്ങളും ഐതിഹ്യങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇവിടം പാണ്ഡവൻമാരുമായി ബന്ധപ്പെട്ട കഥകള്‍ക്കാണ് കൂടുതൽ പ്രശസ്തമായിരിക്കുന്നത്.

കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒരുപോലെ പ്രവേശിക്കാൻ സാധിക്കുന്ന ഒരു ദേശീയോദ്യാനം കൂടിയാാണ് ഇത്.

89 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള സൈലന്റ് വാലി നീലഗിരി പീഠഭൂമിയുടെ ഭാഗമായാണ് കിടക്കുന്നത്.

PC:Cj.samson

 കോന്നി

കോന്നി

കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമാണ് കോന്നി. 1888 ഒക്ടോബർ ഒൻപതിനാണ് തിരുവിതാംകൂർ മഹാരാജാവ് നടപ്പാക്കിയ വനനിയമം വഴി ഇത് നിലവില്‍ വരുന്നത്, പത്തനംതിട്ട ജില്ലയിൽ നിന്നും 11 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോന്നി വനമേഖല ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിലനിൽക്കുന്ന ഒരിടമാണ്. സഞ്ചാരികൾക്ക് താരതമ്യേന എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ഇവിടെ സാഹസികർക്കായി ഒട്ടേറെ കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ കുട്ടവഞ്ചിയിൽ യാത്ര ചെയ്യാൻ സാധിക്കുന്ന അപൂർവ്വ ഇടെ കൂടിയാണിത്. പത്തനംതിട്ട ജില്ലയിലെ ഏറെ പ്രശസ്തമായ ഇക്കോ-ടൂറിസം പദ്ധതിയാണ് കോന്നി-അടവി ഇക്കോ ടൂറിസം പദ്ധതി. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ആദ്യമായി കുട്ടവഞ്ചി യാത്ര ഒരുക്കിയിയത്. കോന്നിയിലെ തണ്ണിത്തോട്-മുണ്ടന്‍മൂഴിയിലാണ് കല്ലാര്‍ നദിയിലൂടെ കുട്ടവഞ്ചിയാത്രയുള്ളത്. അച്ചന്‍കോവിലാറിന്റെ കൈവഴിയാണ് കല്ലാര്‍.

ഗവിയിലേക്കുള്ള പ്രവേശന കവാടമായ ആങ്ങമൂഴിയാണ് കൊട്ടവഞ്ചി യാത്ര ഒരുക്കിയിരിക്കുന്ന അടുത്ത സ്ഥലം. ഗവിയിലേക്കുള്ള വഴിയിലാണ് കുട്ടവഞ്ചി യാത്ര ഒരുക്കിയിട്ടുള്ളതിനാല്‍ സഞ്ചാരികളെ ഇതേറെ ആകര്‍ഷിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ആങ്ങമൂഴി.

PC: Navaneeth Krishnan S

അട്ടപ്പാടി

അട്ടപ്പാടി

സൈലന്‍റ് വാലി താഴ്വരയോട് ചേർന്നു സ്ഥിതി ചെയ്യുന്ന അട്ടപ്പാടി കേരളത്തിലെ വികസനം ഒട്ടും കടന്നുവരാത്ത ഇടങ്ങളിലൊന്നാണ്. എന്നാൽ വനസമ്പത്തിന്റെ കാര്യത്തിൽ ഏറ്റവും സമ്പന്നമായ ഇടമാണ് അട്ടപ്പാട്ടി. സഹ്യപർവ്വതത്തിന്റെ ഭാഗമായ ഇവിടെ നിന്നാണ് ഭാരതപ്പുഴയിലെ പ്രധാന പോഷക നദികളെല്ലാം ഉത്ഭവിക്കുന്നത്. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവയാണ് പ്രധാന പോഷക നദികൾ.

PC:L. Shyamal

അരിപ്പ

അരിപ്പ

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രശ്തമായ വനമേഖലകളിലൊന്നാണ് അരിപ്പ. തിരുവനന്തപുരം-ചെങ്കോട്ട ദേശീയപാതയിൽ 52 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം പ്രാദേശികമായി അരിപ്പ അമ്മയമ്പലം പച്ച എന്ന പേരിലാണ് അറിയപ്പെടുന്നത്. ആയിരം ഹൈക്ടർ വിസ്ത‍ൃതിയിലുള്ള ഈ വനം അപൂർവ്വങ്ങളായ സസ്യജന്തുജാലങ്ങൾകൊണ്ട് സമ്പന്നമാണ്.

PC:keralatourism

ചിന്നാർ

ചിന്നാർ

കേരളത്തിലെ പന്ത്രണ്ട് സംരക്ഷിത വനപ്രദേശങ്ങളിൽ ഒന്നായചിന്നാർ ഇടുക്കി ജില്ലയിലെ മറയൂരിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നക്ഷത്ര ആമകളെ പരിപാലിക്കുന്ന ഏക സ്ഥലം എന്ന നിലയിലാണ് ഇവിടം കൂടുതൽ പ്രശസ്തമായിരിക്കുന്നത്. മൂന്നൂ ദേശീയോദ്യാനങ്ങളോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഒരു വന്യജീവി സംരക്ഷണ കേന്ദ്രം കൂടിയാണിത്. ഇരവികുളം ദേശീയോദ്യാനം, ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ കേന്ദ്രം, കൊടൈക്കനാൽ വൈൽഡ് ലൈഫ് സാങ്ച്വറി എന്നിവയാണവ.

മഴനിഴൽ പ്രദേശത്തിന്റെ ഭാഗമായതിനാൽ വന്യജീവി സമ്പത്തിൻറെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഇവിടെ മുൾച്ചെടികൾ, കുറ്റിക്കാടുകൾ, ചതുപ്പു വനങ്ങൾ, ചോലവനങ്ങൾ, അപൂർവ്വങ്ങളായ ജീവികൾ തുടങ്ങിയവഇവിടെ കാണാം. കേരളത്തിൽ ഏറ്റവും കബടുതൽ ചെളി മുതലകൾ കാണപ്പെടുന്ന സ്ഥലവും ഇതുതന്നെയാണ്.

ട്രക്കിങ്ങിനു ഏറെ പേരുകേട്ട സ്ഥലം കൂടിയാണിത്. തണുപ്പു കാലമാണ് ഇവിടെ സന്ദർശിക്കാൻ യോജിച്ചതെങ്കിലും എല്ലായ്പ്പോഴും സ‍ഞ്ചാരികൾക്ക് ഇവിടെ പ്രവേശനമുണ്ട്.

PC:Kerala Tourism

ജാനകിക്കാട്

ജാനകിക്കാട്

കോഴിക്കോട് കുറ്റ്യാടിക്കു സമീപം സ്ഥിതി ചെയ്യുന്ന അതിമനോഹരമായ കാടുകളിലൊന്നാണ് ജാനകിക്കാണ്. 113 ഹെക്ടർ വിസ്തീർണ്ണമുള്ള ഈ കാട് കുറ്റ്യാടി പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ എക്കോ ടൂറിസം പദ്ധതി ഏറെ ശ്രദ്ധേയമായ ഒന്നാണ്.

PC: Manojk

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more