» »ഇന്ത്യയില്‍ ഇങ്ങനെയും നഷ്ട നഗരങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കാമോ?

ഇന്ത്യയില്‍ ഇങ്ങനെയും നഷ്ട നഗരങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കാമോ?

Written By:

ഒരു കാലത്ത് സമ്പത്തിനും അധികാരത്തിനും പ്രതാപത്തിനും ഒക്കെ പേരു കേട്ട ഇടങ്ങള്‍...ഇന്ന് അതൊക്കെയും പഴമയുടെ വിസ്മൃതിയിലേക്ക് മറയുകയാണ്. ഒരു കാലത്ത് ആളും ആരവും ബഹളങ്ങളും കൊണ്ട് നിറഞ്ഞു നിന്നിരുന്ന പല സ്ഥലങ്ങളും ഇന്ന് ബഹളങ്ങളൊഴിഞ്ഞ് പഴമയുടെ അടയാളങ്ങളുമായി ജീവിക്കുന്ന സ്ഥലങ്ങളായി മാറിയിരിക്കുന്നു. പ്രകൃതി ദുരന്തങ്ങള്‍ കൊണ്ടും യുദ്ധങ്ങളും കലാപങ്ങളും കൊണ്ടൊക്കെ ആളുകള്‍ ഉപേക്ഷിച്ച ഇത്തരം സ്ഥലങ്ങള്‍ ഇന്ന് കുറേയൊക്കെ അത്ഭുതം ജനിപ്പിക്കുന്ന ഇടങ്ങള്‍ കൂടിയാണ്.സന്ദര്‍ശകരും സഞ്ചാരികളും ചരിത്രവിദ്യാര്‍ഥികളും എന്തിനധികം നിധി തേടുന്നവര്‍ വരെ ഇവിടെ എത്താറുണ്ട്.
നമ്മുടെ രാജ്യത്ത് എന്നും ആളുകളെ ആകര്‍ഷിക്കുന്ന കുറച്ച് നഷ്ട നഗരങ്ങളെ പരിചയപ്പെടാം..

വൈശാലി ബീഹാര്‍

വൈശാലി ബീഹാര്‍

ഭാരതത്തിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരിടമാണ് ബീഹാറിലെ വൈശാലി. ബുദ്ധമതവുമായി ചേര്‍ന്നു കിടക്കുന്ന സ്മാരകങ്ങളും അവശിഷ്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് രാജ്യമായി ചരിത്രകാരന്‍മാര്‍ കരുതുന്ന ഇവിടെ ആറാം നൂറ്റാണ്ടു മുതല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഭരണത്തിന് നേതൃത്വം കൊടുത്തിരുന്നത്.
രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ കാലത്തു നിന്നും തുടങ്ങുന്ന വൈശാലിയുടെ ചരിത്രം ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് ഏറെ പ്രശസ്തമായിരിക്കുന്നത്. മഹാവീരന്‍ ജനിച്ച ഈ സ്ഥലം, ശ്രീബുദ്ധന്റെ സാന്നിധ്യത്താല്‍ ഏറെ പ്രാധാന്യം നേടി. ബുദ്ധന് ജ്ഞാനോദയം ലഭിച്ച് നൂറ്റാണ്ടിന് ശേഷം രണ്ടാം ബുദ്ധിസ്റ്റ് കൗണ്‍സില്‍ നടന്നതും ഇവിടെ വച്ചാണ്.
അശോക സ്തംഭം, ബുദ്ധ സ്തംഭം, കുന്ദാല്‍പൂര്‍, രാജ വിശാലിന്റെ ഭവനം, കോറണേഷന്‍ ടാങ്ക്, ബുദ്ധി മായി, രാംചൗര, വൈശാലി മ്യൂസിയം, വേള്‍ഡ് പീസ് പഗോഡ എന്നിവ വൈശാലിയിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ്. മഹാവീരന്റെ ജന്മദിനത്തില്‍ ആഘോഷിക്കപ്പെടുന്ന വൈശാലി മഹോത്സവം ഏറെ പേരുകേട്ടതാണ്.

PC: Jaiprakashsingh

വിജയനഗര കര്‍ണ്ണാടക

വിജയനഗര കര്‍ണ്ണാടക

പ്രധാനമായും കര്‍ണ്ണാടകയില്‍ നിലനിന്നിരുന്ന രാജവംശമാണ് വിജയനഗര സാമ്രാജ്യം എന്ന പേരില്‍ അറിയപ്പെടുന്നത്. 1336 ല്‍ സ്ഥാപിക്കപ്പെട്ട വിജയനഗരത്തിന്റെ തലസ്ഥാനമായിരുന്നത് ഇന്നത്തെ ഹംപിയായിരുന്നുവത്രെ. ഇവരുടെ വലിയ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ഹംപിയിലും പരിസരങ്ങളിലും ചിതറിക്കിടക്കുന്നത് ഇവിടെ എത്തിയാല്‍ കാണാം. കര്‍ണ്ണാടകയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഭരണമായിരുന്നു വിജയനഗര രാജാക്കന്‍മാരുടേത്. കലകളില്‍ അഗാധമായ താല്പര്യം ഉള്ളവരായിരുന്നു ഇവര്‍. അതിന്റെ അടയാളമാണ് ഇന്ന് ഹംപിയില്‍ കാണുന്നത്.
കല്ലുകളില്‍ കഥയെഴുതിയിരിക്കുന്ന ഹംപി കല്ലുകള്‍ കൊണ്ട് തീര്‍ക്കപ്പെട്ടിരിക്കുന്ന ഒരു സാമ്രാജ്യം തന്നെയാണ്. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ് വിരൂപാക്ഷ ക്ഷേത്രം. കല്ലില്‍ തീര്‍ത്ത അപൂര്‍വ്വങ്ങളായ ഒട്ടേറെ ശില്പങ്ങളും പ്രതിമകളും ഒക്കെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ഹംപിയില്‍ ഒരിടത്തും കൊത്തുപണികളില്ലാത്ത ഒരു കല്ലു പോലും കണ്ടെത്താന്‍ സാധിക്കില്ല. മന്‍മദ തീര്‍ഥക്കുളം, ഹസാര രാമക്ഷേത്രം, ഉഗ്രനരസിംഹമൂര്‍ത്തി, വീരഭദ്ര പ്രതിമ, ഭൂഗര്‍ഭ ശിവക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍

PC:Dineshkannambadi

ലോധാല്‍ ഗുജറാത്ത്

ലോധാല്‍ ഗുജറാത്ത്

ഒരു കാലത്ത് ഭാരതത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു ഗുജറാത്തില്‍ സ്ഥിതി ചെയ്തിരുന്ന ലോദാല്‍. സിന്ധൂ നദീതടത്തില്‍ സ്ഥിതി ചെയ്തിരുന്ന ഇവിടം മുത്തുകളും രത്‌നങ്ങളും വിലയേറിയ മറ്റു സാധനങ്ങളും ഒക്കെ കയറ്റി അയച്ചിരുന്ന ഒരിടം കൂടിയായിരുന്നു ഇവിടം.
സരസ്വതീ നദിയുടെ തീരത്ത് ഈ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ 1954 ലാണ് കണ്ടെത്തുന്നത്. പുരോഗതിയും നാഗരികതയും ഒക്കെ ഏറെ വളര്‍ന്നിരുന്ന ഒരിടെ കൂടിയായിരുന്നു ഇവിടം. ലോകത്തിലെ ഏറ്റവും പഴയ കപ്പല്‍ ശാലയായ ലൊതാല്‍ കപ്പല്‍ ശാല, ല1താലിലെ ഭണ്ഡാര സൂക്ഷിപ്പുശാല, പുരാതന കിണര്‍, പ്രാചീനമായ കോട്ട തുടങ്ങിയവയാണ് ഇവിടുത്തെ ഇന്നു കാണുന്ന പഴമയുടെ അവശിഷ്ടങ്ങല്‍.

PC:Orissa8

ശ്രവസ്തി ഉത്തര്‍ പ്രദേശ്

ശ്രവസ്തി ഉത്തര്‍ പ്രദേശ്

ഉത്തര്‍പ്രദേശില്‍ സ്ഥിതി ചെയ്യുന്ന പുരാതന നഗരങ്ങളിലൊന്നും ഇപ്പോള്‍ ആളുകളാല്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളതുമായ പ്രാചീന നഗരങ്ങളിലൊന്നാണ് ശ്രവസ്തി. ഗൗതമ ബുദ്ധന്റെ കാലത്ത് അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ആറു പ്രധാന നഗരങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഇവിടം. പഴയ കാല സ്തൂപങ്ങള്‍, വിഹാരങ്ങള്‍, ക്ഷേത്രങ്ങള്‍ ഒക്കെ ഇവിടെ കാണാന്‍ സാധിക്കും
ഇന്നത്തെ റാപ്തി നദിയുടെ തീരത്താണ് ശ്രവസ്തി സ്ഥിതി ചെയ്യുന്നത്. കോശാല രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടെ ബുദ്ധന്റെ കാലത്ത് ഏകദേശം അന്‍പത്തിഏഴായിരത്തോളം കുടുംബങ്ങള്‍ താമസിച്ചിരുന്നുവത്രെ. തന്റെ ആശ്രമ ജീവിതത്തില്‍റെ ഭൂരിഭാഗവും ബുദ്ധന്‍ ഇവിടെ ആയിരുന്നു ചിലവഴിച്ചിരുന്നത്.
പഴയ കാലത്തിന്റെ അവശിഷ്ടങ്ങളുമായാണ് ഇന്ന് ശ്രവസ്തി നിലനില്‍ക്കുന്നത്. തീര്‍ഥാടകരുടെയും ചരിത്രകാരന്‍മാരുടെയും ഇടയില്‍ പ്രശസ്തമായ ഇവിടം വിനോദ സഞ്ചാര രംഗത്തേക്ക് ഇനിയും ഉയര്‍ന്നു വന്നിട്ടില്ല.

PC:Varun Shiv Kapur

റിപ്ടാന്‍സ് സിക്കിം

റിപ്ടാന്‍സ് സിക്കിം

വടക്കു കിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍ സ്ഥിതി ചെയ്യുന്ന പുരാതന നഷ്ട നഗരങ്ങളിലൊന്നാണ് റിപ്ടാന്‍സ്. പണ്ട് സിക്കിമിന്റെ തലസ്ഥാനം കൂടിയായിരുന്നു ഇവിടം. ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ ദേശീയ പ്രാധാന്യമുള്ള ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടുന്ന ഇവിടെ പുരാനതമായ ഒരു നഗരത്തിന്റെ ശേഷിപ്പുകള്‍ കാണാം. ശത്രുക്കളാല്‍ തകര്‍ക്കപ്പെട്ട ഒരു പഠന കേന്ദ്രം, ഹാള്‍, പട്ടാളക്കാരുടെ താമസസ്ഥലം, പാചകം ചെയ്യുന്നതിനുള്ള ഇടം, സ്റ്റേഡിയം തുടങ്ങിയവ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

PC:Anand Bhushan

Read more about: bihar hampi gujarat

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...