» »ഭക്തിയോ ഭയമോ..ഇന്ത്യയിലെ പേടിപ്പിക്കുന്ന അഞ്ച് ക്ഷേത്രങ്ങള്‍

ഭക്തിയോ ഭയമോ..ഇന്ത്യയിലെ പേടിപ്പിക്കുന്ന അഞ്ച് ക്ഷേത്രങ്ങള്‍

Written By: Elizabath

വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. ഭാഷയും സംസ്‌കാരവും ആചാരങ്ങളും വസ്ത്ര രീതികളുമൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമായൊരു രാജ്യം. വിശ്വാസങ്ങളുടെ കാര്യത്തിലും ഈ വ്യത്യാസമുണ്ട്. ഓരോ ക്ഷേത്രങ്ങളും ഓരോ തരത്തിലുള്ള വിശ്വാസങ്ങളെയാണ് പരിപാലിക്കുന്നത്. വളരെ വിചിത്രമായ വിശ്വാസങ്ങളും ആരാധനാ രീതികളും പുലര്‍ത്തുന്ന ഇന്ത്യയിലെ അഞ്ച് ക്ഷേത്രങ്ങളെ പരിചയപ്പെടാം. ഇവിടെ വിശ്വാസത്തെക്കാളധികം ഭയത്തിനു മുന്‍തൂക്കം കൊടുക്കേണ്ടി വരും.

ബാലാജി ക്ഷേത്രം രാജസ്ഥാന്‍

ബാലാജി ക്ഷേത്രം രാജസ്ഥാന്‍

ഭൂത-പ്രേതങ്ങളില്‍ വിശ്വസിക്കാത്തവര്‍ രാജസ്ഥാനിലെ ബാലാജി ക്ഷേത്രത്തിലെത്തുന്നവരെ കണ്ടാല്‍ അത്ഭുതപ്പെടും. അത്രയധികമുണ്ട് ബാധയൊഴുപ്പിക്കാനും പ്രേതങ്ങളുടെ അക്രമണങ്ങളില്‍ നിന്ന് രക്ഷപെടാനായി എത്തുന്നവരുമെല്ലാം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് ദിവസേന ഇവിടെയെത്തുന്നത്.
ഹനുമാന്‍, പ്രേതങ്ങളുടെ രാജാവായ പ്രേത് രാജ്, ഭൈരവന്‍ എന്നിവരെയാണ് ഇവിടെ ആരാധിക്കുന്നത്. ആചാരങ്ങളിലൂടെയും ഉച്ചാടനത്തിലൂടെയുമാണ് ഇവിടം ആളുകള്‍ക്കിടയില്‍ പ്രസിദ്ധമായത്.
ചൂടുള്ള വെള്ളം തലയിലൊഴിച്ച് പൊള്ളാതെ നില്‍ക്കുന്നതും മൃഗങ്ങളെപ്പോലെ ചങ്ങലയില്‍ കെട്ടിയിടുന്നതും പ്രാര്‍ഥനയ്ക്കു ശേഷം പുറകോട്ട് തിരിഞ്ഞു നോക്കാതെ ക്ഷേത്രം വിടുന്നതുമെല്ലാം ഇവിടുത്തെ വിചിത്രമായ കാര്യങ്ങളാണ്.
ജയ്പൂരില്‍ നിന്നും66 കിലോമീറ്റര്‍ അകലെ കരൗലി ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC: Svenkat.iitk.ac.in

കാമാഖ്യ ക്ഷേത്രം ഗുവാഹത്തി

കാമാഖ്യ ക്ഷേത്രം ഗുവാഹത്തി

പ്രാചീനമായ 51 ശക്തിപീഠങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഗുവാഹത്തിയിലെ നീലാചല്‍ കുന്നിലെ കാമാഖ്യ ക്ഷേത്രത്തില്‍ സതിദേവിയുടെ യോനിയാണ് പ്രതിഷ്ഠ. ദേവിയെ പ്രീതിപ്പെടുത്താനായി ആണ്‍മൃഗങ്ങളെ ബലി നല്കുന്ന ഇവിടെ പെണ്‍മൃഗങ്ങളെ ബലികഴിക്കുന്നത് നിഷിദ്ധമാണ്.
അമ്പുബാച്ചി മേളയാണ് ഇവിടുത്തെ പ്രധാന ഉത്സവം. ജൂണ്‍മാസത്തില്‍ നടക്കുന്ന ഈ ഉത്സവത്തില്‍ ദേവി രജസ്വലയാകുമെന്ന വിശ്വാസത്താല്‍ ക്ഷേത്രത്തിന്റെ വാതിലുകളടച്ച് പൂജകള്‍ നിര്‍ത്തി വെയ്ക്കും. നാലു ദിവസങ്ങള്‍ക്കു ശേഷം വാതിലുകള്‍ തുറക്കുകയും പൂജകള്‍ ആരംഭിക്കുകയും ചെയ്യും.
കാമക്യ ദേവി ക്ഷേത്രത്തിനു സമീപമുള്ള ബ്രഹ്മ പുത്ര നദിയിലെ ജലം വര്‍ഷത്തില്‍ മൂന്ന് ദിവസം ചുവന്ന നിറത്തിലാവും. ഇത് കാമാഖ്യ ദേവിയുടെ ആര്‍ത്തവ കാലമെന്നാണ് വിശ്വാസം. എന്നാല്‍ എന്തുകൊണ്ട് നദിയിലെ ജലം ചുവന്ന നിറമാകുന്നു എന്നതിന് യാതൊരു തരത്തിലുള്ള ശാസ്ത്രീയ വിശദീകരണവും ഇത് വരെ ലഭ്യമായിട്ടില്ല.

കാമാഖ്യയുടെ ആര്‍ത്തവ രക്തം പുരണ്ടതെന്ന് കരുതുന്ന ചുവന്ന തുണിയുടെ കഷ്ണങ്ങള്‍ കാര്‍മ്മികനില്‍ നിന്നു സ്വീകരിച്ചാണ് ഭക്തര്‍ മടങ്ങുന്നത്.

PC: চাণক্য কুমাৰ দাস

കരണി മാതാ ക്ഷേത്രം രാജസ്ഥാന്‍

കരണി മാതാ ക്ഷേത്രം രാജസ്ഥാന്‍

ഇരുപത്തി അയ്യായിരത്തോളം എലികളെ സംരക്ഷിക്കുന്ന ക്ഷേത്രമെന്ന നിലയില്‍ പ്രസിദ്ധമാണ് രാജസ്ഥാനിലെ കരണി മാതാ ക്ഷേത്രം. കരണി മാതയുടെ മകനായിരുന്ന ലക്ഷമ്ണ്‍ കുളത്തില്‍ നിന്നും വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വെള്ളത്തില്‍ വീണ് മരിച്ചു. യമദേവനോട് കരണി മാത പ്രാര്‍ഥിച്ചതിന്റെ ഫലമായി മകന് എലിയായി പുനര്‍ജന്‍മം നല്കി എന്നാണ് വിശ്വാസം. പ്രാദേശികമായ മറ്റുപല കഥകളും നിലനില്‍ക്കുന്നുണ്ട്.
എലികളെ ഊട്ടുന്നത് പുണ്യമായിട്ടാണ് ഇവിടെ കരുതുന്നത്.

PC: Arian Zwegers

 തിരുമല തിരുപ്പതി ക്ഷേത്രം

തിരുമല തിരുപ്പതി ക്ഷേത്രം

1979ല്‍ തിരുമല ക്ഷേത്രത്തില്‍ നടന്ന സംഭവം അത്ഭുതമെന്ന് വിശ്വസിക്കാനാണ് ഭക്തര്‍ ആഗ്രഹിക്കുന്നത്. 1979 നവംബര്‍ പതിനേഴിന് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശ്രീ വെങ്കിടേശ്വരന്റെ മുന്നില്‍ തൂക്കിയിട്ടിരുന്ന വെങ്കലത്തില്‍ തീര്‍ത്ത മണി തനിയെ മുഴങ്ങിയത് വലിയ അത്ഭുതമായാണ് ആളുകള്‍ കരുതുന്നത്. ക്ഷേത്രം മുഴുവന്‍ കേള്‍ക്കത്തക്ക രീതിയില്‍ ആ ശബ്ദം കേട്ടിരുന്നു.

PC: Vimalkalyan

ഓം ബന്നാ ക്ഷേത്രം

ഓം ബന്നാ ക്ഷേത്രം

ബുള്ളറ്റിനെ ദൈവരൂപത്തില്‍ ആരാധിക്കുന്ന വിചിത്രമായ ക്ഷേത്രമാണ് ജോധ്പൂരിലുള്ള ബുള്ളറ്റ് ബന്നാ ക്ഷേത്രം. 350 സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെയാണ് ഇവിടെ ദൈവമായി ആരാധിക്കുന്നത്. ദിവസവും നൂറുകണക്കിന് ആളുകള്‍ ഇവിടെയെത്തി സുരക്ഷിതമായ യാത്രയ്ക്കുവേണ്ടി പ്രാര്‍ഥിച്ചിട്ടാണ് പോകുന്നത്. ഇവിടെ നിര്‍ത്തി പ്രാര്‍ഥിച്ചില്ലെങ്കില്‍ അത് അപകടകരമായ യാത്രയായിരിക്കുമെന്ന വിശ്വാസം ഇവിടെ ശക്തമാണ്.

PC: Sentiments777

1. ഈ നിലവറ തുറന്നാൽ ലോകം അവസാനിക്കുമോ?

2.  തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?

3. കുടുംബത്തോടൊപ്പം പോയിരിക്കേണ്ട കേരളത്തിലെ 50 സ്ഥലങ്ങള്‍

4. കേരളത്തിലെ 50 അ‌തി‌ശയ നിർമ്മിതികൾ