വീക്കെൻഡുകൾ ആയാലും സാധാരണ ദിവസങ്ങളായാലും യാത്രകളിലെ ട്രെന്‍ഡ് കുറച്ചു നാളായി പകൽ യാത്രകളാണ് (Day Trip). പുലർച്ചെയിറങ്ങി ഒരു ദിവസം അല്ലങ്കിൽ ഒരു പകൽ മുഴുവൻ കാണുവാൻ സാധിക്കുന്ന കാഴ്ചകളത്രയും കണ്ട് വൈകുന്നേരത്തോടു കൂടി തിരികെ മടങ്ങുവാൻ സാധിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ യാത്രകളിധികവും ആളുകൾ പ്ലാൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഡേ ട്രിപ്പുകൾക്ക് ആരാധകരും അധികമുണ്ട്. ഇതാ കൊച്ചിയിൽ നിന്നും ഒരു പുലർച്ചെ പോയി കണ്ട് രാത്രിയോടെ മടങ്ങി വരുവാൻ സാധിക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം...

ആലപ്പുഴ
ഇതുവരെ പോകാത്ത ഒരിടത്തേയ്ക്ക് യാത്ര പോകണമെന്നു കരുതി പ്ലാൻ ചെയ്യുമെങ്കിലും കൊച്ചിയിൽ നിന്നു തുടങ്ങുന്ന യാത്ര പലപ്പോഴും അവസാനിക്കുന്നത് ആലപ്പുഴയിൽ കെട്ടുവള്ളത്തിലോ അല്ലെങ്കിൽ ഏതെങ്കിലും റിസോർട്ടുകളിലോ ആയിരിക്കും. ഇങ്ങനെയൊരനുഭവം ഇല്ലാത്ത സഞ്ചാരികൾ കൊച്ചിയിൽ കാണുകയുമില്ല. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കൊച്ചിയിൽ നിന്നുള്ള ഏറ്റവം മികച്ച ഏകദിന/ പകൽ യാത്രാ ലക്ഷ്യസ്ഥാനമാണ്. മികച്ച റോഡും കാഴ്ചകൾ കണ്ട് ആസ്വദിച്ചു പോകുവാനുള്ള മൂഡും ഉണ്ടെങ്കിൽ 53 കിലോമീറ്റർ എന്ന യാത്രാ ദൂരം മടുപ്പിക്കില്ല.
വള്ളങ്ങളും നാടൻ ഭക്ഷണവും ഹൗസ് ബോട്ടും കനാൽ കാഴ്ചകളും എല്ലാമായി ഒരു പകൽ വേണ്ടവിധത്തിൽ നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഇവിടെ ചിലവഴിക്കാം. താല്പര്യം പോലെ ഭക്ഷണ പരീക്ഷണം നടത്തുവാനും ബീച്ചുകള്‍ സന്ദർശിക്കുവാനും അവസരം കണ്ടെത്താം,
PC:Abishek

അതിരപ്പള്ളി വെള്ളച്ചാട്ടം
ആലപ്പുഴ കഴിഞ്ഞാൽ കൊച്ചിയിൽ നിന്നുള്ള ഏകദിന യാത്രയ്കക് പറ്റിയ സ്ഥലം അതിരപ്പള്ളി വെള്ളച്ചാട്ടമാണ്. യാത്ര തുടങ്ങുമ്പോൾ പതിവുപോലെ നഗരത്തിന്റെ തിരക്കുകളിലൂടെ ആയിരിക്കുമെങ്കിലും ചാലക്കുടി കഴിഞ്ഞാൽ പിന്നെ ഗ്രാമീണതയും പച്ചപ്പും ശുദ്ധവായുവും വരികയായി, കാടും മരങ്ങളും തണലും നിറഞ്ഞ വഴിയും കുളിരുള്ള കാലാവസ്ഥയും ഒക്കെയായി മൊത്തത്തിൽ ഒന്നു റീചാർജ് ആകുവാൻ ഈ സ്ഥലം മതിയാകും. ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം കാണുവാൻ നൂറുകണക്കിനാളുകളാണ് ഇവിടേക്ക് വരുന്നത്. ഏതു സമയത്തു വന്നാലും മികച്ച കാഴ്ചയാണെങ്കിലും കടുത്ത വേനലും നട്ടുച്ച സമയവും പരമാവധി ഒഴിവാക്കാം.
കൊച്ചിയിൽ നിന്നും 67 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. അഞ്ച് കിലോമീറ്റർ കൂടി പോയാൽ വാഴച്ചാൽ വെള്ളച്ചാടട്വും യാത്രയിൽ ഉൾപ്പെടുത്താം.
PC:Vivek Sharma

ഏഴാറ്റുമുഖം
അതിരപ്പള്ളി യാത്രയ്ക്കൊപ്പം തന്നെ പ്ലാൻ ചെയ്യുവാൻ പറ്റിയ മറ്റൊരു യാത്രയാണ് ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലേക്കുള്ളത്. അതിരപ്പള്ളി യാത്രയില്‍ തന്നെ ഇവിടേക്കെത്തുവാൻ സാധിക്കും. കൊച്ചിയിൽ നിന്നു വരുമ്പോൾ 47 കിലോമീറ്ററാണ് ഏഴാറ്റുമുഖത്തേയ്ക്കുള്ള ദൂരം. അതിമനോഹരമായ, പ്രകൃതി സൗഹൃദ ഗ്രാമമാണ് ഏഴാറ്റുമുഖം. ഏഴായി പിരിഞ്ഞ് നദി ഒഴുകുന്നതിനാലാണിത് ഏഴ് ആറിന്റെ മുഖം അഥവാ ഏഴാറ്റുമുഖം എന്ന് ഇതറിയപ്പെടുന്നത്. വെള്ളത്തിൻരെ കുത്തൊഴുക്കും കാഴ്ചകളും ഒക്കെയായി പ്രകൃതിയോട് ചേർന്നു ചിലവഴിക്കുവാൻ പറ്റിയ സ്ഥലമാണിത്. തിരക്കുകുറവായിരിക്കും എന്നതാണ് ഏഴാറ്റുമുഖത്തിന്റെ സൗന്ദര്യം.
PC:Ranjithsiji

തട്ടേക്കാട് പക്ഷി സങ്കേതവും ഭൂതത്താന്‍കെട്ടും
ഒറ്റപ്പകലിൽ മനസ്സു നിറയ്ക്കുന്നൊരു യാത്രയാണ് കൊച്ചിയിൽ നിന്നും തട്ടേക്കാട് പക്ഷി സങ്കേതവും ഭൂതത്താന്‍കെട്ടും കാണുവാനുള്ള യാത്ര. അതിരാവിലെ ആരംഭിച്ചാൽ വൈകുന്നേരത്തോടു കൂടി മനസ്സും ശരീരവും റീച്ചാർജ് ചെയ്ത് മടങ്ങിയെത്തുവാൻ സാധിക്കും. സലിം അലി പക്ഷി സങ്കേതം എന്നറിയപ്പെടുന്ന തട്ടേക്കാട് പക്ഷി സങ്കേതം ഒറ്റദിന യാത്രാ ലക്ഷ്യസ്ഥാനം എന്നതിലുപരിയായി, കേരളത്തിൽ തീർച്ചായയും കണ്ടിരിക്കേണ്ട സ്ഥലമാണ്. 500 ൽ അധികം പക്ഷികൾ ഇവിടെ വസിക്കുന്നുണ്ട്. ചങ്ങാടത്തിലുള്ള യാത്രയും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.
ഇവിടെ നിന്നു പത്ത് കിലോമീറ്റർ കൂടി പോയാൽ ഭൂതത്താന്‍കെട്ടു അണക്കെട്ടിലെത്തും. ശിവന്‍റെ ഭൂതഗണങ്ങൾ നിർമ്മിച്ചു എന്നു കഥയുള്ള ഈ അണക്കെട്ട് മനസ്സിനെ ശാന്തമാക്കുന്ന തരത്തിൽ പച്ചപ്പും കാഴ്ചകളുമുള്ള ഇടമാണ്. ട്രക്കിങ്ങിനും ബോട്ടിങ്ങിനും ഇവിടെ സമയം കണ്ടെത്തുവാൻ മറക്കേണ്ട. കൊച്ചിയിൽ നിന്നും 65 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
PC:Avin CP

തൊമ്മൻകുത്ത് വെള്ളച്ചാട്ടം
വെള്ളച്ചാട്ടം മാത്രമല്ല, കിടിലൻ ട്രക്കിങ്ങും ആസ്വദിക്കുവാൻ പറ്റിയ വൺഡെ യാത്രാ ലക്ഷ്യസ്ഥാനമാണ് തൊമ്മൻകുത്ത്. തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കൊച്ചിയിൽ നിന്നും 72 കിലോമീറ്റർ ദൂരത്തിലാണുള്ളത്. ഇടുക്കിയുടെ മനോഹര കാഴ്ചകളിലേക്ക് കടക്കുന്നതിനു മുൻപായി നാടിനെ പരിചയപ്പെടുവാനുള്ള അവസരമാണ് തൊമ്മൻകുത്ത് നല്കുന്നത്. ഇടുക്കിയുടെ കവാടമാണ് തൊടുപുഴ. സാഹസികർക്കു വളരെ യോജിച്ച സ്ഥലമാണിത്. അവസരം ലഭിച്ചാൽ ഇവിടുത്തെ ട്രക്കിങ്ങിലും പങ്കെടുക്കാം.
PC:Amjithps
കൊച്ചിയിൽ ചിലവ് കുറഞ്ഞ രാത്രി താമസം, സുരക്ഷിതവും; 'ഷീ ലോഡ്ജിലേക്ക്' വിട്ടോ, പ്രവർത്തനം തുടങ്ങി

വാഗമൺ
കൊച്ചിയിൽ നിന്നും 110 കിലോമീറ്റർ അകലെയാണ് ഇടുക്കിയിലെ വാഗമൺ സ്ഥിതി ചെയ്യുന്നത്. ഏതു തരത്തിലുള്ള യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിലും അതെല്ലാം വാഗമണ്ണിൽ നിങ്ങൾക്കു കണ്ടെത്താം. പുൽമേടുകൾ, കാട്, പൈൻ ഫോറസ്റ്റ്, ട്രക്കിങ്, വ്യൂ പോയിന്‍റ് എന്നിങ്ങനെ ഒരു ദിവസത്തെ മുഴുവന് തിരക്കിൽ നിർത്തുവാൻ വാഗമണ്ണിനു കഴിയും. പുലർച്ചെ ഇറങ്ങിയാൽ വെയിലാകുന്നതിനു മുൻപ് ഇവിടെയെത്താം. വൈകിട്ട് സൂര്യാസ്മയം കൂടി കഴിഞ്ഞ് കോടമഞ്ഞിലലിഞ്ഞ് താഴേക്കിറങ്ങാം. നാഷണൽ ജിയോഗ്രാഫിക് ട്രാവലറിന്റെ ഇന്ത്യയിലെ ഏറ്റവും ആകർഷകമായ 50 സ്ഥലങ്ങളിൽ വാഗമൺ ഇടം നേടിയിട്ടുണ്ട്,.
PC:Nandhu Kumar

കുമരകം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാണ് കുമരകം. വേമ്പനാട്ടു കായലിലെ ചെറിയ ദ്വീപുകളുടെ സമൂഹമായ ഇവിടം സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ നെതർലാൻഡ് എന്നും ഇവിടം അറിയപ്പെടുന്നു. ലോകത്തിലെ തന്നെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണിത്. . വേമ്പനാട് കായലിന്റെ തീരത്തായി 14 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുമരകം പക്ഷി സങ്കേതം യാത്രയിൽ തീർച്ചയായും കാണണം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യസമയം. രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറു വരെയാണ് സന്ദര്‍ശന സമയം
PC:Anil Xavier
മറൈന്‍ ഡ്രൈവ് മുതല്‍ മലയാറ്റൂര്‍ വരെ... കൊച്ചിയിലെ യാത്രകള്‍ ആഘോഷമാക്കാം...