ഡെല്‍ഹി....ഇന്ത്യയിലെ ഏറ്റവും ശക്തമായ നഗരങ്ങളിലൊന്ന്.... ഭാരതത്തിന്റെ ചരിത്രത്തിലെ പലവിധ സംഭവങ്ങൾക്കും സാക്ഷിയായ നാട്...ചരിത്രസ്മാരകങ്ങൾ കൊണ്ടും രാഷ്ട്രീയത്തിലെ വിവിദ സംഭവ വികാസങ്ങൾ കൊണ്ടും എന്നും വാർത്തകളിലിടം നേടുന്ന ഇവിടെ എന്താണ് കാണുവാനുള്ളത് എന്നത് ഒരു ചോദ്യമേയല്ല. കണ്ണു തുറന്നു നോക്കിയാൽ കാഴ്ചകൾ ഒരുപാടുള്ള ഇവിടെ തീർച്ചയായും കണ്ടിരിക്കേണ്ടത് ചരിത്ര സ്മാരകങ്ങൾ തന്നെയാണ്. ഭരണത്തിന്റെ ഗതിയെ പലപ്പോഴും മാറ്റിമറിച്ചും നിയന്ത്രിച്ചുകൊണ്ടുമിരുന്ന കാലങ്ങളുടെ ശേഷിപ്പായി തലയുയർത്തി നിൽക്കുന്ന ഇടങ്ങൾ.
രാജഭരണങ്ങളുടെയും കോളനി ഭരണങ്ങളുടെയും എല്ലാം പിടിയിൽ നിന്നും മോചിതമായി സ്വാതന്ത്ര്യം നേടി സ്വന്തമായി ഭരണഘടനയുള്ള റിപ്പബ്ലിക്കായി നമ്മുടെ രാജ്യം മാറിയിട്ട് ഇത് എഴുപതാം വർഷം. ഇതാ ഈ റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് സന്ദര്‍ശിക്കേണ്ട ചരിത്ര സ്മാരകങ്ങൾ പരിചയപ്പെടാം...

ചെങ്കോട്ട
മുഗൾ ഭരണാധികാരികളുടെ കാലത്തിന്റെ അടയാളങ്ങളുമായി തലയുയർത്തി നില്‍ക്കുന്ന ചെങ്കോട്ടയാണ് ഡെൽഹിയിലെ സ്മാരകങ്ങളിൽ ആദ്യം മനസ്സിലെത്തുക. നഗരത്തെ ശത്രുക്കളുടെ അക്രമണങ്ങളിൽ നിന്നും രക്ഷിക്കുവാനായി രണ്ടു കിലോമീറ്റർ ചുറ്റളവിൽ നിർമ്മിച്ചിരിക്കുന്ന ഈ കോട്ട ഭാരതത്തിന്റെ അടയാളങ്ങളിലൊന്നുമാണ്. ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച കോട്ട കാലങ്ങളായി മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി വർത്തിച്ചിരുന്നു. ഓൾഡ് ഡെൽഹിയിൽ ചാന്ദിനി ചൗക്കിന് എതിർവശത്തായാണ് ചെങ്കോട്ട നിലകൊള്ളുന്നത്.

കുത്തബ് മിനാർ
ഡെൽഹിയിലെ സ്മാരകങ്ങളിൽ ഏറ്റവും കൗതുകത്തോടെ മാത്രം ആളുകൾ നോക്കിക്കാണുന്ന ഒന്നാണ് കുത്തബ് മിനാർ. ഏറ്റവും പ്രാധാന്യമുള്ള ചരിത്ര സ്മാരകങ്ങളിലൊന്നായി അറിയപ്പെടുന്ന ഇതിന് ഏകദേശം 72.5 മീറ്റർ ഉയരമുണ്ട്. ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലയിൽ ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ. 399 പടികൾ കയറി എത്തുന്ന ഇതിന്റെ മുകളിൽ നിന്നുള്ള കാഴ്ച ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒന്നാണ്. 1199-ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആണ് നിർമ്മാണം തുടങ്ങിയതെങ്കിലും പിന്നീട് വന്ന സുൽത്താൻ ഇൽത്തുമിഷ് ഉൾപ്പെടെയുള്ളവർ ഇതിന്റെ നിർമ്മാണത്തിന് തങ്ങളുടേതായ സംഭാവനകൾ നല്കിയിട്ടുണ്ട്.
PC:Khanshahab06

ഇന്ത്യാ ഗേറ്റ്
രാജ്യസ്നേഹം ഉള്ളിലുറങ്ങിക്കിടക്കുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം ഡെൽഹിയിലെ ഏറ്റവും പ്രധാന കാഴ്ചകളിലൊന്ന് ഇവിടുത്തെ ഇന്ത്യാ ഗേറ്റ് തന്നെയായിരിക്കും. ഒന്നാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ധീര സൈനികരുടെ ഓർമ്മയ്ക്കായി നിർമ്മിച്ചിരിക്കുന്ന സ്മാരകമാണ് ഇന്ത്യാ ഗേറ്റ്. 1931 ൽ നിർമ്മിച്ച ഇതിന്റെ ചുവരുകളിൽ അന്നു ജീവൻവെടിഞ്ഞ സൈനികരുടെ പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ മരിച്ച സൈനികരുടെ ഓർമ്മക്കായി തെളിയിച്ചിരിക്കുന്ന അമർ ജവാൻ ജ്യോതി ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്റെ ഓർമ്മക്കായി 1972 ജനുവരി 26-നാണ് ഇത് സ്ഥാപിക്കപ്പെട്ടത്.
PC:Deepak TL

ലോധിയുടെ ശവകുടീരം
നിർമ്മാണത്തിലെ മനോഹാരിത കൊണ്ട് സന്ദർശകരുടെ മനസ്സിൽ കയറിപ്പറ്റുന്ന ഒന്നാണ് ലോധി ഗാര്‍ഡനിലുള്ളിൽ സ്ഥിതി ചെയ്യുന്ന ലോധിയുടെ ശവകുടീരം. മുഗൾ വാസ്തുവിദ്യയുടെ മികച്ച ഒരുദാഹരണം കൂടിയാണിത്. പ്രശസ്ത ഭരണാധികാരിയായിരുന്ന സിക്കന്ദര്‍ ലോധിയുടെ ശവകുടീരമാണ് ഇവിടെയുള്ളത്.
മുഹമ്മദ് ഷായുടെ ശവകുടീരം, ശീഷ് ഗുംബഡ്, ബാരാ ദുംബഡ് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.
PC: Karthiknanda

പുരാനാ കിലാ
ഡെൽഹിയിലെ ഏറ്റവും പഴക്കം ചെന്ന സ്മാരകങ്ങളിലൊന്നാണ് 5000 ൽ അധികം വർഷം പഴക്കമുള്ള പുരാന കിലാ അഥലാ ഓൾഡ് ഫോർട്ട്. ഷേർ-ഷാ സൂരിയുടെ ഭരണ കാലത്ത് 1538-45 ൽ ആണ് ഈ കോട്ട നിർമ്മിക്കുന്നത്.
തലാക്വി ദർവാസാ, ബാരാ ദർവാസാ, ഹുമയൂൺ ദർവാസാ എന്നീ മൂന്നു കവാടങ്ങളുടെ സാന്നിധ്യമാണ് ഈ കോട്ടയെ പ്രസിദ്ധമാക്കിയിരിക്കുന്നത്. ഇവിടുത്തെ അന്തരീക്ഷംസ പച്ചപ്പ്, തചാകം, പുൽത്തകിടി തുടങ്ങിയ കാര്യങ്ങളും ഇവിടെ എത്തുന്ന സന്ദർശകർക്ക് പ്രിയപ്പെട്ടതാണ്.

രാജ്ഘട്ട്
രാഷ്ട്രപിതാവിന്റെ ഇന്നും മരിക്കാത്ത സ്മരണകളുറങ്ങുന്ന നാടാണ് രാജ്ഘട്ട്. ഡൽഹിയിൽ യമുനാ നദിയുടെ തീരത്ത് ഗാന്ധി മാര്‍ഗ്ഗിലാണ് രാജ് ഘട്ട് സ്ഥിതി ചെയ്യുന്നത്. ഗാന്ധിജിയുടെ മാത്രമല്ല, ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള പല നേതാക്കളുടെയും അന്ത്യ വിശ്രമ കേന്ദ്രം കൂടിയാണ് ഇവിടം.
ഭാരത സന്ദർശനം നടത്തുന്ന വിദേശികളും ഡെൽഹി കാണാനെത്തുന്നവരും ചരിത്ര പ്രേമികളും തങ്ങളുടെ യാത്രയിൽ മറക്കാതെ ഉൾപ്പെടുത്തുന്ന ഇടം കൂടിയാണ് രാജ് ഘട്ട്. ഇതിനോട് ചേർന്നു മനോഹരമായ ഒരു പുൽത്തകിടിയും സംരക്ഷിക്കപ്പെടുന്നു.
PC:Pinakpani

അലെ ദർവാസ
എഡി 1311 ൽ അലാവുദ്ദീൻ ഖിൽജി നിർമ്മിച്ച ഒരു സ്മാരകമാണ് അലെ ദർവാസ. കുത്തബ് മിനാറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇത് ചുവന്ന മണൽക്കല്ലുകളും വെളുത്ത മാർബിളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇസ്ലാമിക് വാസ്തു വിദ്യയിൽ ഇന്ത്യയിൽ ഏറ്റവും ആദ്യം പണിതീർത്ത നിർമ്മിതികളിലൊന്നാണിത്. ലോക പൈതൃക സ്മാരക കേന്ദ്രം കൂടിയാണിത്.
റിപ്പബ്ലിക് ദിനം 2020- ചരിത്രവും പരേഡും അറിയേണ്ടതെല്ലാം