വലിയ സംസ്ഥാനത്തിന്റെ തലസ്ഥാനം
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ തലസ്ഥാനമാണ് ജയ്പൂര്‍. പിങ്ക് സിറ്റി എന്നും ജയ്പൂര്‍ അറിയപ്പെടുന്നു.
PC:A.Savin
ഇന്ത്യയിലെ ആദ്യ പ്ലാന്‍ഡ് സിറ്റി
പുരാതന ഇന്ത്യയിലെ ആദ്യത്തെ പ്ലാന്‍ഡ് സിറ്റി അഥവാ ആസൂത്രിത നഗരമാണ് ജയ്പൂരെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.
PC:A.Savin
പിങ്ക് സിറ്റി
ജയ്പൂര്‍ എന്ന പേരിനേക്കാളധികം നഗരം അറിയപ്പെടുന്നത് പിങ്ക് സിറ്റി എന്ന പേരിലാണ്. 1876 ല്‍ വെയില്‍സ് രാജകുമാരന്‍ ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തെ സ്വീകരിക്കാനായി നഗരം മുഴുവന്‍ പിങ്ക് വര്‍ണ്ണം പൂശിയത്.
PC:chetan
സ്വാഗതത്തിന്റെയും ആദിത്യ മര്യാദയുടെയും പിങ്ക്
രാജസ്ഥാന്‍കാരെ സംബന്ധിച്ചെടുത്തോളം പിങ്ക് എന്നത് സ്വാഗതത്തിന്റെയും ആദിത്യ മര്യാദയുടെയും നിറമാണ്. രാജകുമാര്‍ പോയതിനു ശേഷവും ഇവിടെ കെട്ടിടങ്ങളില്‍ ചായം പൂശുമ്പോള്‍ പിങ്ക് നിറം നിലനിര്‍ത്തുകയായിരുന്നു.
PC:A.Savin
അടുക്കും ചിട്ടയുമുള്ള പിങ്ക് സിറ്റി
അടുക്കും ചിട്ടയുമാണ് ഈ പിങ്ക് നഗരത്തിന്റെ പ്രത്യേകത. വീതിയേറിയ രാജപാതകളും കെട്ടിടങ്ങളും ഒക്കെ ചേര്‍ന്നതാണ് പഴയ പിങ്ക് നഗരം.
PC:A.Savin
സിറ്റി പാലസ്
ജയ്പൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സിറ്റി പാലസ് ജയ്പ്പൂരിന്റെ മുന്‍ഭരണാധികാരികളായിരുന്ന കഛവാ രജപുത്രവംശത്തിന്റെ ആസ്ഥാനമായിരുന്നു. രജപുത്ര-മുഗള്‍ ശൈലിയിലാണ് ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് ഇതിന്റെ ഒരു ഭാഗം മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്.
PC:Vssun
ഗംഗാജലി
സിറ്റി പാലസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഭീമാകാരമായ വെള്ളിക്കുടങ്ങളാണ് ഗംഗാജലി എന്ന പേരില്‍ അറിയപ്പെടുന്നത്. 345 കിലോഗ്രാം വീതം ഭാരമുള്ള രണ്ടു കുടങ്ങളാണ് ഇവ.
വെള്ളികൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വസ്തുക്കള്‍ എന്ന ഗിന്നസ് റെക്കോര്‍ഡിനും ഇവ അര്‍ഹമാണ്.
PC:Miya.m
ഹവാ മഹല്‍
കാറ്റുകളുടെ മാളിക എന്നറിയപ്പെടുന്ന ഹവാ മഹല്‍ അഞ്ച് നിലകളോട് കൂടിയ ഒരു മാളികയാണ്. കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് പുറം ലോകം കാണാനായി നിര്‍മ്മിക്കപ്പെട്ട കൊട്ടാരമായിരുന്നു ഇത്.
PC:Wikipedia
953 ജനലകളുള്ള മാളിക
രജപുത്ര ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മാളികയ്ക്ക് 953 ജനലുകളുണ്ട്. കൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
PC:Anupamg
ജന്തര്‍മഹല്‍
ലോകപൈതൃക സ്മാരക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജന്തര്‍ മന്ദര്‍കല്ലുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമായ ഈ കെട്ടിടത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാര യന്ത്രം സ്ഥിതി ചെയ്യുന്നതും.
PC:Wikipedia
ജല്‍മഹല്‍
18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ജല്‍മഹല്‍ ജയ്പ്പൂരിലെ മാന്‍സാഗര്‍ തടാകത്തിനു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. അഞ്ച് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തില്‍ തടാകത്തില്‍ വെള്ളം നിറയുമ്പോള്‍ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകുമത്രെ.
PC:A.Savin
ആംബര്‍ കോട്ട
രജപുത്ര-മുഗള്‍ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ആംബര്‍കോട്ട ഒരു കാലത്ത് രാജസ്ഥാന്റെ തലസ്ഥാനമായിരുന്നു. രാജസ്ഥാനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഇവിടെ കോട്ടക്കരുകില്‍ ഒരു തടാകവും സ്ഥിതി ചെയ്യുന്നുണ്ട്.
PC:A.Savin
ലോകത്തിലെ മികച്ച സ്മാര്‍ട് സിറ്റി ആയപ്പോള്‍
ലോകത്തിലെ മികച്ച സ്മാര്‍ട് സിറ്റി ആയപ്പോള്‍ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് ജയ്പൂര്‍ അധികൃതര്‍ ഇവിടെയെത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. നഗരത്തില്‍ 50 കേന്ദ്രങ്ങളിലായി ഒരുക്കിയിരിക്കുന്ന സൗജന്യ വൈ ഫൈ ഹോട്‌സ്‌പോട്ട് ലക്ഷക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്.
PC:Antoine Taveneaux