» »കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇതാ ശിവന്‍ വസിക്കുന്ന തെങ്കൈലായം

കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇതാ ശിവന്‍ വസിക്കുന്ന തെങ്കൈലായം

Written By: Elizabath

കൈലാസം...ശിവഭഗവാന്‍ വസിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പര്‍വ്വത നിരകള്‍. ഒരിക്കലെങ്കിലും ഇവിടെ പോയി ആ തേജസ്സ് അറിയണമെന്ന് ആഗ്രഹിക്കാത്ത വിശ്വാസികള്‍ കാണില്ല. എന്നാല്‍ എല്ലാ തീര്‍ഥയാത്രയ്ക്കും ഒരു സമയമുണ്ടെന്ന് പറയുന്നതുപോലെ തന്നെയാണ് കൈലാസ യാത്രയുടേയും. പോകണമെന്ന് വിചാരിച്ചാലും പോകാന്‍ സാധിക്കില്ല. ചിലപ്പോല്‍ വിചാരിക്കാത്ത നേരത്തായിരിക്കും എല്ലാം ശരിയാവുക. എന്നാല്‍ കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി മറ്റൊരു തീര്‍ഥാടന കേന്ദ്രമുണ്ട്. തീര്‍ഥാടന കേന്ദ്രം എന്നതിലുപരി ഭക്തി പരീക്ഷിക്കാന്‍ ഉള്ള ഒരിടം എന്നു പറയുന്നതാവും കൂടുതല്‍ നല്ലത്. ഏഴു മലകള്‍ താണ്ടി മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന തെക്കിന്റെ കൈലാസമായ വെള്ളിയാങ്കിരിയുടെ വിശേഷങ്ങള്‍..!

ഏഴുമലകള്‍ കടന്നെത്തുന്ന കൈലാസം

ഏഴുമലകള്‍ കടന്നെത്തുന്ന കൈലാസം

തെക്കിന്റെ കൈലാസം എന്നറിയപ്പെടുന്ന വെള്ളിയാങ്കിരി അത്ര എളുപ്പത്തില്‍ ചെന്നെത്താവുന്ന ഒരിടമല്ല. കൈലസത്തില്‍ എത്തുന്നയത്രയും ബുദ്ധിമുട്ട് ഇല്ല എങ്കിലും പ്രകൃതിയുടെ പരീക്ഷണങ്ങളും കുസൃതികളും നേരിടാന്‍ സജ്ജരായി തന്നെ വേണം ഇവിടേക്കുള്ള യാത്രയ്‌ക്കൊരുങ്ങുവാന്‍. സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഏഴുമലകള്‍ താണ്ടിയാല്‍ മാത്രമേ എത്താന്‍ സാധിക്കൂ.

PC:Silvershocky

പരീക്ഷണങ്ങള്‍ നിറഞ്ഞ മലകള്‍

പരീക്ഷണങ്ങള്‍ നിറഞ്ഞ മലകള്‍

നല്ല ആരോഗ്യമുള്ളവര്‍ക്ക് മാത്രമേ ഇവിടെ വരാനും ഭഗവാനെ ദര്‍ശിച്ച് പോകാനും സാധിക്കുകയുള്ളൂ. വ്യത്യസ്ത ഭൂപ്രകൃതിയിലുള്ള ഏഴു മലകളാണ് വെള്ളിയാങ്കിരി യാത്രയിലെ ഏറ്റവും വലിയ കടമ്പ. കൊടുംകാടുകളും ചവിട്ടിയാല്‍ ഉറയ്ക്കാത്ത മണ്ണും പാറക്കെട്ടുകള്‍ മാത്രമുള്ള മലകളും ഒക്കയാണ് ഇവിടെയുള്ളത്. കൂടാതെ പുല്‍മേടുകള്‍ മാത്രം നിറഞ്ഞ മലകളും ചെങ്കല്ലുകള്‍ നിറഞ്ഞ വഴികളും ഒക്കെ ഇവിടെയെത്താന്‍ കടക്കണം.

PC: Kksens85

കാറ്റിന്റെ പരീക്ഷണങ്ങള്‍

കാറ്റിന്റെ പരീക്ഷണങ്ങള്‍

പൂര്‍ണ്ണ ആരോഗ്യവാനായ ഒരാളെപ്പോലും പറത്തിക്കൊണ്ടുപോകാന്‍ തക്ക ശക്തിയുള്ള കാറ്റാണ് ഇവിടുത്തേത് എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. വീശിയടിക്കുന്ന കാറ്റില്‍ ചിലയിടങ്ങളില്‍ പുല്‍ച്ചെടികല്‍ മാത്രമായിരിക്കും പിടിച്ചുനില്‍ക്കാന്‍ കാണുക. ചെങ്കുത്തായ പാറകളിലൂടെ ജീവന്‍ പണയം വെച്ച് സഞ്ചരിക്കുമ്പോല്‍ ശക്തമായ കാറ്റ് വീശിയാലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ...

PC: sri kanth

പൂര്‍ത്തിയാക്കാത്തവര്‍

പൂര്‍ത്തിയാക്കാത്തവര്‍

കഠിനമായ വഴികള്‍ താണ്ടി, എന്തു കഷ്ടപ്പാടും സഹിച്ച് തന്നെ കാണാനെത്തുന്ന ഭക്തരോട് ആണത്രെ ഇവിടുത്തെ ശിവന് പ്രിയം എന്നാണ് വിശ്വാസികള്‍ പറയുന്നത്. അതിനാല്‍ തന്നെ എത്ര ബുദ്ധിമുട്ടുകള്‍ സഹിച്ചായാലും ഇവിടെ എത്തുന്നവര്‍ എല്ലാ പരീക്ഷണങ്ങളിലും വിജയിച്ച് ഈ യാത്ര പൂര്‍ത്തിയാക്കാറുണ്ട്. എന്നാല്‍ ആരോഗ്യപരമായി നല്ല അവസ്ഥയില്‍ അല്ലാത്തവരും പരീക്ഷണങ്ങള്‍ നേരിടാന്‍ വേണ്ടി മാത്രം മനക്കട്ടി ഇല്ലാത്തവരും യാത്ര പകുതിയില്‍ വെച്ച നിര്‍ത്താറുമുണ്ട്.

PC: sri kanth

എപ്പോള്‍ വേണമെങ്കിലും മാറാവുന്ന കാലാവസ്ഥ

എപ്പോള്‍ വേണമെങ്കിലും മാറാവുന്ന കാലാവസ്ഥ

സീസണനുസകരിച്ച് യാത്ര ചെയ്യാന്‍ പറ്റിയ ഒരിടമല്ല ഇത്. കാരണം അപ്രതീക്ഷിതമായി വരുന്ന കാലാവസ്ഥ വ്യതിയാനങ്ങളാണ് ഈ സ്ഥലത്തിനുള്ളത്. മുന്നറിയിപ്പുകളൊന്നും ഇല്ലാതെ മാറുന്ന കാലാവസ്ഥയും വീശിയടിക്കുന്ന കാറ്റും എല്ലുകളെ പോലും മരവിപ്പിക്കുന്ന തണുപ്പും ഒക്കെ ഇവിടെ സ്ഥിരമാണത്രെ. എന്നാല്‍ എപ്പോഴാണ് ഇത് സംഭവിക്കുക എന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല.

PC: sri kanth

സപ്തഗിരി

സപ്തഗിരി

വെള്ളിയാങ്കിരി മലനിരകളുടെ മറ്റൊരു പേരാണ് സപ്തഗിരി എന്നത്. ഏഴു മലകളുള്ളതിനാലാണ് ഇത് ഇങ്ഹനെയൊരു പേരില്‍ അറിയപ്പെടുന്നത്. മടക്കുകളായായിട്ടാണ് ഇവ കിടക്കുന്നതെന്നും പറയപ്പെടുന്നു.

തെങ്കൈലായം

തെങ്കൈലായം

തെക്കിന്റെ കൈലാസം എന്ന് മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന വെള്ളിയാങ്കിരി മലനിരകള്‍ തമിഴ്‌നാട്ടില്‍ തെങ്കൈലായം എന്നാണ് അറിയപ്പെടുന്നത്.

PC: Ondřej Žváček

സ്വയംഭൂ ശിവന്‍

സ്വയംഭൂ ശിവന്‍

കൈലാസത്തിനു സമാനമായ ചൈതന്യമുള്ള സ്ഥലമായാണല്ലോ ഇവിടം അറിയപ്പെടുന്നത്. ഇവിടെ ശിവന്‍ സ്വംഭൂ ആയി അവതരിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മൂന്നുകല്ലുകള്‍ക്കിടയിലെ ശിവലിംഗം

മൂന്നുകല്ലുകള്‍ക്കിടയിലെ ശിവലിംഗം

ഇത്രയും കഷ്ടപ്പാടുകള്‍ സഹിച്ച് എത്തിച്ചേരുന്നത് ത്രിശൂലങ്ങള്‍ നിരനിരയായി നില്‍ക്കുന്ന ഒരിടത്താണ്. അവിടെ നിന്നും വീണ്ടും മുന്നോട്ട് പോയാല്‍ മൂന്നു വലിയ കല്ലുകള്‍ ചേര്‍ന്നിരിക്കുന്ന സ്ഥലം കാണാം. ഇതിന്റെ ഉള്ളിലായാണ് സ്വയംഭൂ വിഗ്രഹം സ്ഥിതി ചെയ്യുന്നത്.

PC: Silvershocky

യോഗികളുടെയും സിദ്ധന്‍മാരുടെയും സ്ഥലം

യോഗികളുടെയും സിദ്ധന്‍മാരുടെയും സ്ഥലം

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടം യോഗികളുടെയും സിദ്ധന്‍മാരുടെയും സ്ഥാനമായിരുന്നുവത്രെ. മറ്റൊന്നിന്റെയും ശല്യമില്ലാതെ സ്വസ്ഥമായി ധ്യാനിക്കുവാനും ആത്മീയ ചിന്തകളില്‍ ഏര്‍പ്പെടുവാനും ഇവിടെ ഇത്തരത്തിലുള്ള ആളുകള്‍ വന്നിരുന്നുവത്രെ. തങ്ങളുടെ അറിവും കഴിവുകളുമെല്ലാം ഈ മലമുകളില്‍ പകര്‍ന്നു നല്കിയിട്ടാണത്രെ അവര്‍ ദേഹം വെടിഞ്ഞത്. അതുകൊണ്ടാണത്രെ ഇവിടം അത്രയും പുണ്യസ്ഥലമായി മാറിയത്.

PC: sri kanth

ഐതിഹ്യം

ഐതിഹ്യം

പുരാണങ്ങളനുസരിച്ച് കന്യാകുമാരിയായി ഭൂമിയില്‍ അവതരിച്ച പരാശക്തി ശിവനില്‍ ആകൃഷ്ടയായി ഭഗവാന്റെ പത്‌നിയാകാന്‍ ആഗ്രഹിച്ചു. ഭഗവാനെ പ്രീതിപ്പെടുത്താനായി കഠിന തപസ് ആരംഭിച്ച കുമാരി നിശ്ചിത സമയത്തിനുള്ളില്‍ ഭഗവാന്‍ തന്നെ വരിച്ചില്ലെങ്കില്‍ പ്രാണന്‍ വെടിയുമെന്ന് തീരുമാനിച്ചിരുന്നു. തപസ്സില്‍ പ്രീതനായ ഭഗവാന്‍ വിവാഹിതനാവാന്‍ ദക്ഷിണ ദിക്കിലേക്ക് യാത്ര ആരംഭിച്ചു. എന്നാല്‍ ഈ വിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്ന ചില ഗ്രാമീണര്‍ ചേര്‍ന്ന് വിവാഹം മുടക്കാനൊരു വഴി കണ്ടുപിടിച്ചു.
കുമാരി നിശ്ചയിച്ച പ്രഭാതത്തിനു മുന്‍പായി ഗ്രാമീണര്‍ വഴിയില്‍ വലിയൊരു കര്‍പ്പൂരാഴി തീര്‍ക്കുകയും അത് സൂര്യനുദിച്ച ഒരു പ്രതീതി സൃഷ്ടിക്കുകയും ചെയ്തുവത്രേ. ഇത് കണ്ട് പ്രഭാതമായെന്ന് വിശ്വസിച്ച് ശിവഭഗവാന്‍ സമയത്ത് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ ദുഖിതനായി അവിടെനിന്ന് മടങ്ങി. തിരിച്ചുള്ള യാത്രയില്‍ വിശ്രമത്തിനായി വെള്ളിയങ്കരി മലമുകളില്‍ ഭഗവാന്‍ സമയം ചിലവഴിച്ചു. അതിനാല്‍ ഈ മല തെങ്കൈലായം അഥവാ തെക്കിന്റെ കൈലാസം എന്ന് അറിയപ്പെട്ടുവത്രെ. സ്വയംഭൂവായ ശിവനെയാണ് വെള്ളിയാങ്കിരിയില്‍ ആരാധിക്കുന്നത്. ശിവനെ പ്രതീക്ഷിച്ച് നിന്ന കന്യാകുമാരിയുടെ പേരിലും ഇവിടെ ഒരു ദേവാലയം ഉണ്ടത്രെ.

പ്രവേശനമില്ല

പ്രവേശനമില്ല

കഠിനമായ യാത്രയും പ്രകൃതിയുടെ പരീക്ഷണങ്ങളുമുള്ള വെള്ളിയാങ്കിരി മലനിരകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍ 12 വയസ്സില്‍ താഴെയും 45 വയസ്സിനു മുകളിലും പ്രായമുള്ളവര്‍ക്ക് ഇവിടെ പ്രവേശിക്കാം എന്നാണ് ചട്ടം.

PC: Natesh Ramasamy

ട്രക്കിങ്

ട്രക്കിങ്

സാഹസികര്‍ക്കായി ഇവിടെ ട്രക്കിങ് സൗകര്യം ലഭ്യമാണ്. ഫെബ്രുവരി മുതല്‍ മേയ് മാസം വരെയുളള സമയമാണ് ഇവിടുത്തെ ട്രക്കിങ്ങിന് അനുയോജ്യം. എന്നാല്‍ ട്രക്കിങ്ങിനു പോകുന്നവര്‍ എല്ലാ വിധ മുന്‍കരുതലുകളും എടു്കകാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആനകളും മറ്റു വന്യമൃഗങ്ങളും ധാരാളമായി ഇറങ്ങുന്ന സ്ഥലമാണിത്.

PC: sri kanth

ആദിയോഗി പ്രതിമ

ആദിയോഗി പ്രതിമ

34 മീറ്റര്‍ ഉയരത്തിലുള്ള ആദി യോഗി പ്രതിമയാണ്
വെള്ളിയാങ്കിരിയുടെ മറ്റൊരാകര്‍ഷണം,. ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ പ്രതിമയ്ക്ക് 500 ടണ്‍ ഭാരമുണ്ട്. പശ്ചിമഘട്ടത്തിന്റെ അരുകിലായി വെള്ളിയാങ്കിരി മലനിരകളുടെ താഴ്‌വരയിലാണ് ആദിയോഗി പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇഷ ഫൗണ്ടേഷന്റെ ആശ്രമവും മറ്റ് ആത്മീയ കേന്ദ്രങ്ങളും ഇതിന് സമീപം പ്രവര്‍ത്തിക്കുന്നു.

PC: Isha

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോയമ്പത്തൂരില്‍ നിന്നും വെള്ളിയാങ്കിരിയിലേക്ക് 40 കിലോമീറ്റര്‍ ദൂരമാണുള്ളത്.
കൊച്ചിയില്‍ നിന്നും കോയമ്പത്തൂര്‍ വഴി വെള്ളിയാങ്കിരിയിലേക്ക് 217 കിലോമീറ്റര്‍ ദൂരമുണ്ട്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...