» »വാസ്തുവിദ്യയും ശില്പനിര്‍മ്മാണവും കൂടിച്ചേരുന്ന മുക്തേശ്വര്‍ ക്ഷേത്രം

വാസ്തുവിദ്യയും ശില്പനിര്‍മ്മാണവും കൂടിച്ചേരുന്ന മുക്തേശ്വര്‍ ക്ഷേത്രം

Written By: Elizabath

ക്ഷേത്രങ്ങളുടെ നാടാണ് ഒഡീഷ. കൊണാര്‍ക്കിലെ പ്രശസ്തമായ സൂര്യക്ഷേത്രവും ജഗന്നാഥ ക്ഷേത്രവും ഒക്ക ക്ഷേത്ര നിര്‍മ്മിതിയുടെ ചരിത്രത്തില്‍ ഒറീസ്സയുടെ പേരില്‍ അടയാളപ്പെടുത്താവുന്ന ഇടങ്ങള്‍ തന്നെയാണ്. എന്നാല്‍ ഈ പട്ടികയിലൊന്നും കയറിപ്പറ്റാത്ത ഒരു ഇടമാണ് ഭുവനേശ്വറില്‍ സ്ഥിതി ചെയ്യുന്ന മുക്തേശ്വര്‍ ക്ഷേത്രം.

ഒഡീഷ വാസ്തുവിദ്യയുടെ അത്ഭുതം

PC: Subhasisa Panigahi


ഒഡീഷയുടെ തനതായ വാസ്തുവിദ്യ ഇത്രയധികം ഭംഗിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മറ്റൊരു ക്ഷേത്രവും ഇല്ലന്നറിയുമ്പോഴാണ് മുക്തേശ്വര്‍ ക്ഷേത്രത്തിന്റെ മഹത്വം അറിയാനാവുക. ഇന്ത്യയിലെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ പെടുന്ന മുക്തേശ്വര്‍ ക്ഷേത്രം ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.

ശില്പനിര്‍മ്മാണത്തിന്റെയും വാസ്തുവിദ്യയുടെയും അതിമനോഹരമായ ഒരു കൂടിച്ചേരലാണ് മുക്തേശ്വര്‍ ക്ഷേത്രത്തിന്റെ സവിശേഷത. ശിവലിംഗങ്ങളും അഭൗമികമായ ഭംഗിയുള്ള നിരവധി ശില്പങ്ങളും ധ്യാനത്തിന്റെ വിവിധ അവസ്ഥകളിലുള്ള പ്രതിമകളും ഇവിടുത്തെ കാഴ്ചയാണ്.

ഒഡീഷ വാസ്തുവിദ്യയുടെ അത്ഭുതം

PC: J.prasad2012


യതതി ഒന്നാമന്‍ എന്നറിയപ്പെട്ടിരുന്ന സോമവംശി രാജവംശത്തിലെ രാജാവാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മിതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യയ്ക്ക് അക്കാലത്തെ നിര്‍മ്മിതികളില്‍ നിന്നും പ്രകടമായ മാറ്റങ്ങള്‍ ഉണ്ട്. കലിംഗ രീതിയിലുള്ള നിര്‍മ്മാണവിദ്യയുടെ അംശങ്ങള്‍ ഇവിടെയും കാണാന്‍ സാധിക്കും.

ഒഡീഷ വാസ്തുവിദ്യയുടെ അത്ഭുതം

PC: Abhishek8614


ഇവിടെയെത്തുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുന്ന കൂറ്റന്‍ കവാടം തന്നെയാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. മനോഹരമായ ആഭരണങ്ങളുടെയും സുന്ദരികളായ സ്ത്രീകളുടെയും ശില്പങ്ങളാലും മറ്റും അലങ്കരിച്ചിരിക്കുകയാണ് ഈ കവാടം. ബുദ്ധസംസ്‌കാരത്തിന്റെ ഇവിടുത്ത അവശേഷിക്കുന്ന തെളിവാണ് ആ കവാടം.
35 അടി നീളമുള്ള ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ കാണപ്പെടുന്ന ശില്പങ്ങള്‍ തന്നെയാണന്ന് നിസംശയം പറയാം. വജ്രത്തിന്റെ ആകൃതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ജനാലകള്‍ മറ്റൊരു കാഴ്ചയാണ്.
തമാശയില്‍ വിവിധതരം ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന കുരങ്ങന്‍മാരുടെ പ്രതിമകള്‍ കാഴ്ച്ചക്കാരെ ചിരിപ്പിക്കും എന്നതില്‍ സംശയമില്ല. പഞ്ചതന്ത്രം കഥയിലെ കഥാപാത്രങ്ങളായാണ് കുരങ്ങന്‍മാര്‍ ഇവിടെ പര്ത്യക്ഷപ്പെടുന്നത്.

ഒഡീഷ വാസ്തുവിദ്യയുടെ അത്ഭുതം

PC: Amartyabag

മുക്തേശ്വര്‍ ക്ഷേത്രത്തിന്റെ പിരമിഡ് മാതൃകയിലുള്ള ജഗമോഹന അഥവാ അസംബ്ലി ഹാള്‍ ഇത്തരത്തിലുള്ള നിര്‍മ്മിതിയില്‍ ആദ്യമാണ്. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ മുതല്‍ മുറ്റം വരെയുള്ള ഭാഗങ്ങള്‍ വാസ്തുവിദ്യയുടെ ഒന്നാന്തരം മാതൃകയാണ് കാഴ്ചക്കാരുടെ മുന്നില്‍ തുറന്നിടുന്നത്.

മുക്തേശ്വര്‍ ഡാന്‍സ് ഫെസ്റ്റിവല്‍
മുക്തേശ്വര്‍ ഡാന്‍സ് ഫെസ്റ്റിവല്‍ എന്ന പേരില്‍ എല്ലാ വര്‍ഷവും ജനുവരി അല്ലെങ്കില്‍ ഫെബ്രുവരിയില്‍ നടത്തുന്ന ആഘോഷമാണ് മുക്തേശ്വര്‍ ഡാന്‍സ് ഫെസ്റ്റിവല്‍. ഒഡീഷയുടെ തനതായ നൃത്തങ്ങളും മറ്റും നാട്ടുകാരും വിദേശികളും ചേര്‍ന്ന് അവതരിപ്പിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത.

Read more about: temples, odisha, monuments