» »യാത്ര ചെയ്യാം ഈ ഏഴ് അപൂര്‍വ്വ ശിവക്ഷേത്രങ്ങളിലൂടെ...

യാത്ര ചെയ്യാം ഈ ഏഴ് അപൂര്‍വ്വ ശിവക്ഷേത്രങ്ങളിലൂടെ...

Written By: Elizabath Joseph

ആയിരത്തിയെട്ട് വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന ദൈവം...ഹിന്ദു വിശ്വാസത്തിലെ ഏറ്റവും ശക്തനായ ദൈവം. കൈലാസ നാഥനായി ശിവന്റെ വിശേഷണങ്ങള്‍ എണ്ണിയാല്‍ തീരില്ല. മാത്രമല്ല, എണ്ണിയാല്‍ തീരത്തത്ര ക്ഷേത്രങ്ങളും ശിവന്റെ പേരില്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ അവയില്‍ ആചാരങ്ങള്‍ കൊണ്ടും പ്രതിഷ്ഠ കൊണ്ടും അനുഷ്ഠാനങ്ങള്‍ കൊണ്ടും വളരെ വ്യത്യസ്തത പുലര്‍ത്തുന്ന കുറച്ച് ക്ഷേത്രങ്ങള്‍ ഉണ്ട്. അത്തരത്തിലുള്ള ഏഴു ക്ഷേത്രങ്ങളെ പരിചയപ്പെടാം...

ബൃഹദീശ്വര ക്ഷേത്രം

ബൃഹദീശ്വര ക്ഷേത്രം

ചോള രാജഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ട തമിഴ് വാസ്തുവിദ്യയുടെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് തഞ്ചാവൂരില്‍ സ്ഥിതി ചെയ്യുന്ന ബൃഹദീശ്വര ക്ഷേത്രം. രാജരാജ ചോളന്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം യുനസ്‌കോയുടെ പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇടം കൂടിയാണ്. ദക്ഷിണ മേരു എന്നാണ് ഈ ക്ഷേത്രം വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.

6മീറ്റര്‍ ഉയരമുള്ള ഗോപുരത്തിനു മുകളില്‍ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ ശില്പമുണ്ട്. 400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഇവിടെ കാണാം. എഡി 1010 ലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.

PC:Bernard Gagnon

ലിംഗരാജ ക്ഷേത്രം

ലിംഗരാജ ക്ഷേത്രം

ഒഡീഷയിലെ ഭുവനേശ്വര്‍ നഗരത്തിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നാണ് ആയിരത്തിയൊരുന്നൂറ് വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ലിംഗരാജ ക്ഷേത്രം. നഗരത്തിലെ ഏറ്റവും വലിയ ക്ഷേത്രം കൂടിയായ ഇത് വാസ്തുവിദ്യയില്‍ ഏറെ വ്യത്യസ്തമാണ്. കലിംഗ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് 55 മീറ്റര്‍ ഉയരമുണ്ട്. ക്ഷേത്ത്രതിന്റെ മുന്‍ഭാഗത്ത് കല്ലുകള്‍ പ്രത്യേക രീതിയില്‍ വെട്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏതാണ്ട് 15 കിലോമീറ്റര്‍ അകലെ നിന്നുപോലും കാണാന്‍ സാധിക്കും. ശിവനെയും വിഷ്ണുവിനെയും ഒരുപോലെ ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.
ക്ഷേത്രവാതിലിന്റെ ഒരു പകുതിയില്‍ ത്രിശൂലവും മറുപകുതിയില്‍ സുദര്‍ശന ചക്രവും സ്ഥാപിച്ചിരിക്കുന്നു. ശ്ിവനും വിഷ്ണുവും കൂടാതെ പാര്‍വ്വതി ദേവി, ഗണപതി, സുബ്രഹ്മണ്യന്‍ എന്നിവരുടെ പ്രതിഷ്ഠകളും ഇവിടെ കാണാം.
ഹിന്ദുക്കള്‍ക്കു മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അഹിന്ദുക്കള്‍ക്ക് ക്ഷേത്രം കാണാനായി ക്ഷേത്രത്തിന്റെ പുറത്ത് പ്രത്യേക സൗകര്യങ്ങളുള്ള നിരീക്ഷണ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

PC:Subhashish Panigrahi

കോടിലിംഗേശ്വര ക്ഷേത്രം

കോടിലിംഗേശ്വര ക്ഷേത്രം

കര്‍ണ്ണാടകയിലെ കമ്മസാന്ദ്ര ജില്ലയിലാണ് ശൈവഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ കോടിലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വാമി സാംബശിവ മൂര്‍ത്തി എന്നയാളാണ് ഇവിടെ 108 അടി നീളമുള്ള ശിവലിംഗം സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ശിവലിംഗം എന്ന ഖ്യാതിയും ഇതിനു സ്വന്തമാണിപ്പോള്‍.ശിവനു നേരേ മുന്‍പിലായി 35 അടി നീളമുള്ള നന്ദിയുടെ പ്രതിമയും ഇവിടുത്തെ പ്രത്യേകതയാണ്.
15 ഏക്കര്‍ സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ വലിയ ശിവലിംഗത്തിനു ചുറ്റുമായി പതിനായിരക്കണക്കിന് ചെറുശിവലിംഗങ്ങളും ഒരുക്കിയിട്ടുണ്ട്.
വിഷ്ണു, രാമന്‍, ആജ്ഞനേശന്‍, ബ്രഹ്മാവ്, അന്നപൂര്‍ണ്ണേശ്വരി തുടങ്ങിയവരെയും ഇവിടെ ആരാധിക്കുന്നുണ്ട്. മഹാശിവരാത്രിയിലാണ് ഇവിടെ ഏറ്റവും വലിയ ആഘോഷങ്ങള്‍ നടക്കുക. അന്നേ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്ത ജനങ്ങള്‍ ഇവിടെ എത്താറുണ്ട്.

PC: Mithila

 തുംഗനാഥ് ക്ഷേത്രം

തുംഗനാഥ് ക്ഷേത്രം

പഞ്ച കേദാരമെന്ന പേരില്‍ പ്രസിദ്ധമായ അഞ്ച് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തുംഗനാഥ് ക്ഷേത്രം. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായ ഇത് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.പഞ്ചകേദാരങ്ങളില്‍ മൂന്നാമത്തെ ക്ഷേത്രമായ ഇതിന് ആയിരം കൊല്ലത്തിലധികം പഴക്കമുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇവിടെ ശിവനെ കുളമ്പുകളുടെ രൂപത്തിലാണ് ആരാധിക്കുന്നത്. ചന്ദ്രശില കൊടുമുടിക്ക് താഴെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഹൈന്ദവ തീര്‍ഥാടനവുമായി ബന്ധപ്പെട്ടതാണ്. സമുദ്രനിരപ്പില്‍ നിന്നും 12000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ സാഹസികരാണ് ട്രക്ക് ചെയ്ത് എത്താറുള്ളത്. രാവണമെ നിഗ്രഹിച്ചതിനു ശേഷം ശ്രീ രാമന്‍ ഇവിടെയാണ് തപസ്സ് ചെയ്തത് എന്നൊരു വിശ്വാസവും ഉണ്ട്.

PC: Vvnataraj

അമര്‍നാഥ് ക്ഷേത്രം

അമര്‍നാഥ് ക്ഷേത്രം

കാശ്മീരിലെ ശ്രീനഗറില്‍ നിന്നും 145 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 4175 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ശൈവഭക്തരാണ് കൂടുതലായും എത്തുന്നത്.പ്രകൃതിദത്തമായി നിര്‍മ്മിക്കപ്പെട്ട ഒരു ഗുഹയ്ക്കുള്ളില്‍ മഞ്ഞില്‍ പൊതിഞ്ഞിരിക്കുന്ന നിലയിലാണ് ഇവിടെ ശിവലിംഗമുള്ളത്. നിത്യമായത് അഥവാ നാശമില്ലാത്തത് എന്ന അര്‍ഥമുള്ള അമര്‍ എന്ന വാക്കും നാഥ് എന്ന നാമത്തില്‍ നിന്നുമാണ് അമര്‍നാഥിന് ഈ പേരു ലഭിക്കുന്നത്.
അമര്‍നാഥിലെ ഈ ഗുഹയില്‍ വെച്ചാണ് ശിവന്‍ അമരത്വത്തിന്റെ രഹസ്യം പാര്‍വ്വതിക്ക് വെളിപ്പെടുത്തിയതത്രെ. മുന്‍കൂട്ടിയുള്ള അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇവിടേക്ക് എത്തിച്ചേരുവാന്‍ സാധിക്കു.

PC: Gktambe

 കൈലാസനാഥ ക്ഷേത്രം

കൈലാസനാഥ ക്ഷേത്രം

ഇന്ത്യയില്‍ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ, കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന നിര്‍മ്മിതിയായാണ് എല്ലോറയിലെ കൈലാസ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്.രൂപത്തില്‍ ഏറെ വലുപ്പമുള്ള ഈ ക്ഷേത്രം ഒറ്റക്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ഇതിനെ വ്യത്യസ്തമാക്കുന്ന കാര്യം. ഇന്ത്യയിലെ ശില്പകലയുടെ കാര്യത്തില്‍ ഏറ്റവും മികച്ച ഉദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്.
എല്ലോറയിലെ 32 ഗുഹകളില്‍ 16ാമത്തെ ഗുഹയാണ് കൈലാസ ക്ഷേത്രം. മൂന്നു നില ക്ഷേത്രത്തിന്റെ അത്രയും വലുപ്പത്തിലുള്ള ഈ ക്ഷേത്രം സഞ്ചാരികളുടെയും ചരിത്രകാരന്‍മാരുടെയും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. എഡി 760 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മുകളില്‍ നിന്നും താഴേക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ചരിത്രകാരന്‍മാര്‍ പറയുന്നതനുസരിച്ച് പട്ടടക്കലിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെയും കാഞ്ചിയിലെ കൈലാസ ക്ഷേത്രത്തിന്റെയും നിര്‍മ്മാണ മാതൃകകള്‍ ഈ കൈലാസ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനു സ്വീകരിച്ചിട്ടുണ്ട് എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...