ഒരുപാട് സാങ്കേതി പദങ്ങൾ ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ടുണ്ട്. സ്ഥിരം യാത്ര ചെയ്യുന്നവരെപ്പോലും ചിലപ്പോഴൊക്കെ ഇത് കൺഫ്യൂഷനിലാക്കാറുണ്ട്. അതിലൊന്നാണ് പിഎൻആർ (PNR). പലപ്പോഴും ട്രെയിന്‍ ടിക്കറ്റിന്‍റെ സ്റ്റാറ്റസ് നോക്കുക എന്നതിലപ്പുറം ഇതിനെ ഉപയോഗിക്കുന്നവരും അറിയുന്നവരും കുറവാണ്. ഇതാ എന്താണ് ട്രെയിൻ ടിക്കറ്റിലെ പിഎൻആർ എന്നും എങ്ങനെ ഇതു പ്രയോജനപ്പെടുത്താം എന്നും ഇതുമായി ബന്ധപ്പെട്ട മറ്റു സാങ്കേതിക പദങ്ങൾ എന്തൊക്കെയാണെന്നും നോക്കാം

എന്താണ് പിഎൻആർ
ഇന്ത്യൻ റെയിൽവേയുടെ
പാസഞ്ചർ നെയിം റെക്കോർഡ് ആണ് PNR എന്നറിയപ്പെടുന്നത്. ബുക്ക് ചെയ്ത യാത്രയുടെ എല്ലാ വിവരങ്ങളും നല്കുന്ന പത്ത് അക്ക നമ്പറാണിത്. ഒരു ട്രെയിൻ യാത്രക്കാരനെ സംബന്ധിച്ചെടുത്തോളം ഏറ്റവും അടിസ്ഥാന വിവരങ്ങളായ ബുക്കിംഗ് സ്റ്റാറ്റസ്- ഇതിൽ ടിക്കറ്റ് നില, ടിക്കറ്റ് സ്ഥിരീകരിച്ചിട്ടുണ്ടോ? വെയിറ്റിങ് ലിസ്റ്റിലാണോ കിടക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കാണാം. ഒപ്പംതന്നെ ബുക്ക് ചെയ്ത ട്രെയിനിന്റെ സമയം, എപ്പോൾ പുറപ്പെടും എപ്പോൾ എത്തിച്ചേരും തുടങ്ങിയ കാര്യങ്ങളും ഈ നമ്പർ വഴി ലഭിക്കും.
നിങ്ങൾ ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ പിഎന്‍ആർ വഴി ട്രെയിൻ ക്ലാസ്, കോച്ച്, ലഭിച്ച സീറ്റ് നമ്പർ നിങ്ങൾ ടിക്കറ്റിനായി നല്കിയ തുക എന്നിവയും ഇതിൽ കാണാം.
PC:jitu chauhan/Unsplash

സ്ഥിരീകരിച്ച പിഎൻആർ ടിക്കറ്റ് ലഭിക്കുവാൻ
ട്രെയിൻ യാത്രക്കാരനെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ ആശ്വാസം സ്ഥിരീകരിച്ച് ടിക്കറ്റ് കയ്യിലുണ്ടാവുക എന്നതാണ്. വെയിറ്റിങ് ലിസ്റ്റിലോ ആർഎസിയിലോ ടിക്കറ്റുകൾ ഉള്ളവർ സീറ്റു കിട്ടുമോ, എന്താകും അവസ്ഥ തുടങ്ങിയ നിരവധി ആശങ്കകളിലായിരിക്കിക്കും. സ്ഥിരീകരിച്ച പിഎൻആർ ടിക്കറ്റ് ലഭിക്കുവാൻ എന്തൊക്കെ ചെയ്യണെമന്നു നോക്കാം
PC:Vignesh Moorthy/Unsplash

നേരത്തെ ബുക്ക് ചെയ്യാം
ട്രെയിൻ പുറപ്പെടുന്നതിന് 120 ദിവസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ഇന്ത്യൻ റെയിൽവേ സഹായിക്കും. നിങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്ത യാത്രയാണെങ്കിൽ എത്രയും പെട്ടന്നു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ശ്രമിക്കുക. താമസിക്കുംതോറും ടിക്കറ്റ് ലഭിക്കുവാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്.
PC:grayom/Unsplash

തത്കാല്‍ ബുക്കിങും പ്രീമിയം തത്കാലും
അവസാനനിമിഷത്തിലെ ആശ്രയമാണ് തത്കാൽ ബുക്കിങ്. തത്കാൽ ക്വാട്ടയില്‍ നിങ്ങൾക്ക് നിശ്ചിത സമയത്ത് ബുക്ക് ചെയ്യുവാൻ സാധിക്കുമെങ്കില്‍ തത്കാല്‍ വഴി ബുക്ക് ചെയ്യാം. സാധാരണ നിരക്കിനേക്കാൾ കൂടുതലായിരിക്കും ഇതിന്റെ നിരക്ക്. തത്കാൽ ക്വാട്ട സീറ്റുകൾക്കുള്ള ബുക്കിംഗ് ആദ്യ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് തുറന്നിരിക്കും.
പ്രീമിയം തത്കാലിലും ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രീമിയം ക്വാട്ട സീറ്റുകൾ തത്കാൽ ക്വാട്ട സീറ്റുകൾക്ക് സമാനമാണ്, എന്നാൽ ടിക്കറ്റ് നിരക്ക് തത്കാലിലും കൂടുതൽ ആയിരിക്കും.
PC:Deepesh Pareek/Unsplash

ആദ്യ സ്റ്റേഷൻ മുതൽ അവസാന സ്റ്റേഷൻ വരെ ബുക്ക് ചെയ്യാം
നിങ്ങൾ ബുക്ക് ചെയ്യുന്ന ട്രെയിൻ തുടങ്ങുന്ന സ്റ്റേഷൻ മുതൽ അവസാനിക്കുന്ന സ്റ്റേഷൻ വരെ അല്ല ബുക്ക് ചെയ്യുന്നതെങ്കിൽ PQWL - പൂൾഡ് ക്വാട്ട വെയ്റ്റിംഗ് ലിസ്റ്റ് അല്ലെങ്കിൽ RLWL - റിമോട്ട് ലൊക്കേഷൻ വെയിറ്റിംഗ് ലിസ്റ്റിന് കീഴിൽ നിങ്ങൾക്ക് സീറ്റ് ലഭിക്കാനുള്ള സാധ്യതയുണ്ട്. ആദ്യത്തേയും അവസാനത്തേയും സ്റ്റേഷനുകൾക്കിടയിൽ കൂടുതൽ സീറ്റുകൾ റെയിൽവേ അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ സീറ്റ് ലഭിക്കുവാൻ വേണമെങ്കിൽ നിങ്ങൾക്ക് ട്രെയിൻ പുറപ്പെടുന്ന ആദ്യ സ്റ്റേഷനിൽ നിന്ന് ബുക്ക് ചെയ്യാനും പിന്നീട് നിങ്ങളുടെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാനും കഴിയും. എന്നാൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് നിങ്ങൾക്ക് ബോർഡിംഗ് സ്റ്റേഷൻ മാറ്റിയിരിക്കണം.
PC:Free Walking Tour Salzburg/Unsplash

എന്തൊക്കെയാണ് പിഎൻആർ നമ്പറിന്‍റെ ഗുണങ്ങൾ
നിങ്ങളുടെ യാത്രയെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ കയ്യിലെത്തിക്കുന്നു എന്നതു തന്നെയാണ് പിഎൻആർ നമ്പറിന്‍റെ പ്രധാന ഗുണം. അതുവഴി യാത്ര കൃത്യമായി ആസൂത്രണം ചെയ്യുവാനും സഹായിക്കും. എടുത്ത ടിക്കറ്റിന്റെ സ്ഥിരീകരണം സംബന്ധിച്ച അപ്ഡേറ്റുകൾ പിഎൻആർ ചെക്ക് ചെയ്യുന്നതു വഴി ലഭിക്കും. അതായത് ടിക്കറ്റ് ജനറൽ വെയിറ്റിംഗ് ലിസ്റ്റിലാണോ, തത്കാൽ വെയിറ്റിംഗ് ലിസ്റ്റിലാണോ പോലുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കും.
ട്രെയിൻ എത്തിച്ചേരുന്ന സമയവും പുറപ്പെടുന്ന സമയവുമെല്ലാം അറിയുവാും ഈ നമ്പർ വഴി കഴിയും. ട്രെയിൻ നിലവിൽ എവിടെയാണ് ഉള്ളതെന്നും അതിന്റെ സ്റ്റാറ്റസും അറിയുവാനും സാധിക്കും.
മൊബൈൽ ഉപയോഗിച്ച് PNR നമ്പർ കൊടുത്ത് നിങ്ങളുടെ യാത്രയുടെ സ്റ്റാറ്റസ് അറിയാം.
പ്ലാൻ ചെയ്ത യാത്രയുടെ തിയതി മാറിയോ? ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ട..വഴിയുണ്ട്, റെയിൽവേ സഹായിക്കും!

PNR നമ്പറും മറ്റ് സാങ്കേതിക പദങ്ങളും
പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കുമ്പോൾ ടിക്കറ്റ് നിലയുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതിക പദങ്ങൾ നമ്മൾ കാണാറുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം,
CNF- Confirm സ്ഥിരീകരിച്ച ടിക്കറ്റ്, ചാർട്ടിംഗിന് ശേഷം സീറ്റ് അനുവദിക്കും
RAC-Reservation Against Cancellation - യാത്രക്കാര് യാത്ര ചെയ്യുവാൻ അനുമതിയുണ്ട്. എന്നാൽ ഒരു ബെർത്ത് രണ്ട് യാത്രക്കാർ പങ്കിടണം. ടിക്കറ്റ് സ്ഥിരീകരിച്ച യാത്രക്കാരൻ കയറാതിരിക്കുകയും ബെർത്ത് ഒഴിഞ്ഞു കിടക്കുകയും ചെയ്താൽ മുഴുവൻ ബെർത്തും ലഭിക്കും.
WL Waitlist- ഈ സ്റ്റാറ്റസ് ഉള്ള ടിക്കറ്റിൽ യാത്ര ചെയ്യുവാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് ഈ ട്രെയിൻ ടിക്കറ്റ് റദ്ദാക്കാം.
RLWL- Remote Location Waitlist
പ്രധാന സ്റ്റേഷനുകൾക്കിടയിലുള്ള ചെറിയ സ്റ്റേഷനുകൾക്ക് പ്രത്യേക സീറ്റുകൾ ഉണ്ട്. അതിന്റെ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകളാണ് റിമോട്ട് ലൊക്കേഷൻ വെയ്റ്റ്‌ലിസ്റ്റിൽ വരുന്നത്.
PQWL- Pooled Quota Waitlist
ഇന്റർമീഡിയറ്റ് സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കുള്ളതാണ് ഈ ക്വാട്ട. പൊതുവായ വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് പ്രത്യേക വെയിറ്റിംഗ് ലിസ്റ്റ് ഇതിനു ഉണ്ടായിരിക്കും.
TQWL- Tatkal Waitlist തത്കാൽ വഴിയെടുത്ത ടിക്കറ്റിലെ വെയ്റ്റ്‌ലിസ്റ്റ്.
PC:Shruti Singh/Unsplahs

മറ്റു സാങ്കേതിക പദങ്ങൾ
CAN- Cancelled-യാത്രക്കാരന് യാത്ര റദ്ദാക്കി
RSWL Road-Side Waitlist-സ്‌റ്റേഷൻ നിർദ്ദിഷ്ട കാത്തിരിപ്പ് പട്ടിക.
REL-Released
NR-No Room- ഇനി കൂടുതൽ ബുക്കിങ് അനുവദനീയമല്ല
NOSB-No Seat Berth-കുട്ടികളുടെ ട്രെയിൻ യാത്രയ്ക്ക് യാത്രാക്കൂലി നൽകുമ്പോൾ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സീറ്റ് അനുവദിച്ചിട്ടില്ല, അവരുടെ പിഎൻആർ സ്റ്റാറ്റസ് NOSB എന്നാണ് കാണിക്കുന്നത്.
WEBCAN-റെയിൽവേ കൗണ്ടർ ടിക്കറ്റ്-യാത്രക്കാരൻ ഓൺലൈൻ വഴി വഴി യാത്ര റദ്ദാക്കി, റീഫണ്ട് ലഭിച്ചിട്ടില്ല
WEBCANRF -റെയിൽവേ കൗണ്ടർ ടിക്കറ്റ്- യാത്രക്കാരൻ ഓൺലൈൻ വഴി വഴി യാത്ര റദ്ദാക്കുകയും, റീഫണ്ട് ലഭിക്കുകയും ചെയ്തു.
GNWL -General Waitlist പൊതുവായ കാത്തിരിപ്പ് പട്ടിക

പിഎൻആർ സ്റ്റാറ്റസും റീഫണ്ടും
വ്യത്യസ്ത പിൻആർ സ്റ്റാറ്റസ് അനുസരിച്ച് ടിക്കറ്റിന്റെ റീഫണ്ടിലും വ്യത്യാസം വരും.
ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് സ്ഥിരീകരിച്ച ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണെങ്കിൽ റീഫണ്ട് നൽകില്ല.
ട്രെയിൻ പുറപ്പെടുന്നതിന് മുപ്പത് മിനിറ്റിന് ശേഷം RAC അല്ലെങ്കിൽ വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റിന് റീഫണ്ട് അനുവദിക്കില്ല.
ഒരു പാർട്ടി ഇ-ടിക്കറ്റിലോ ഒന്നിലധികം യാത്രക്കാരുടെ യാത്രയ്‌ക്കായി നൽകുന്ന ഫാമിലി ഇ-ടിക്കറ്റിലോ, ചില യാത്രക്കാർക്ക് മാത്രം റിസർവേഷൻ സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ സ്ഥിരീകരിക്കാത്ത മറ്റുള്ളവർ ആർഎസിയിലോ വെയിറ്റിംഗ് ലിസ്റ്റിലോ ആണെങ്കിൽ, യാത്രാക്കൂലിയുടെ മുഴുവൻ റീഫണ്ടും കുറഞ്ഞ ക്ലർക്കേജും സ്വീകാര്യമായിരിക്കും. എന്നാൽ ഇതിന് രണ്ട് നിഹന്ധനകളുണ്ട്. ഒന്നെങ്കില്‍ ടിക്കറ്റ് സ്ഥിരീകരിച്ച യാത്രക്കാർ ടിക്കറ്റ് ഓൺലൈനായി റദ്ദാക്കണം. അല്ലെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് എല്ലാ യാത്രക്കാർക്കും ഓൺലൈൻ ടിഡിആർ ഫയൽ ചെയ്യണം എന്നിവയാണ് വ്യവസ്ഥ.

റിട്ടയറിങ് റൂം ബുക്ക് ചെയ്യാം
പിഎൻആർ നമ്പർ ഉപയോഗിച്ച് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ റെയിൽ സ്റ്റേഷനുകളിലെ വെയ്റ്റിങ് റൂമുകളും റിട്ടയറിങ് റൂമുകളും ഉപയോഗിക്കുവാൻ സാധിക്കും. കൺഫേം ടിക്കറ്റ് ഉള്ളവർക്കും ആർഎസി ടിക്കറ്റുള്ളവർക്കും റിട്ടയറിംഗ് റൂം സേവനം പ്രയോജനപ്പെടുത്താം. എന്നാൽ വെയിറ്റിങ് ലിസ്റ്റിലുള്ളവർക്ക് പിഎൻആർ വഴി ഈ സൗകര്യം ഉപയോഗിക്കുവാൻ സാധിക്കില്ല . നിങ്ങൾ യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ അഥവാ സോഴ്സ് സ്റ്റേഷനിലോ അല്ലെങ്കിൽ യാത്ര അവസാനിപ്പിക്കുന്ന ഡെസ്റ്റിനേഷന്‍ സ്‌റ്റേഷനിലോ മാത്രമേ റിട്ടയറിങ് റൂം ബുക്ക് ചെയ്യുവാൻ സാധിക്കുകയുള്ളൂ.
ട്രെയിൻ കിട്ടിയില്ലേ.. അതേ ടിക്കറ്റിൽ മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യാമോ? റെയിൽവേ പറയുന്നതിങ്ങനെ