Search
  • Follow NativePlanet
Share
» »ലോക പൈതൃക ദിനം 2022: പരിചയപ്പെടാം യുനസ്കോ പട്ടികയിലെ പ്രസിദ്ധമല്ലാത്ത ഇടങ്ങളെ

ലോക പൈതൃക ദിനം 2022: പരിചയപ്പെടാം യുനസ്കോ പട്ടികയിലെ പ്രസിദ്ധമല്ലാത്ത ഇടങ്ങളെ

ഇതാ ഇന്ത്യയിലെ അറിഞ്ഞിരിക്കേണ്ട കുറച്ച് ചരിത്രസ്മാരകങ്ങള്‍ പരിചയപ്പെടാം

സമ്പന്നവും വൈവിധ്യവുമായ പൈതൃകത്തിന്
അവകാശികളാണ് നാം. എന്നാല്‍ ഇതിനെക്കുറിച്ചുള്ള അറിവിന്‍റെ കാര്യത്തില്‍ അല്പം പിന്നോട്ടാണെന്ന് പറയാതെ വയ്യ. നമ്മെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തില്‍ ലോകം ഏപ്രിൽ 18 ന് ലോക പൈതൃക ദിനമായി ആചരിക്കുന്നു. നമ്മുടെ സാംസ്കാരിക വൈവിധ്യം സംരക്ഷിക്കാനും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്നലകളെ നിര്‍വ്വചിക്കുന്ന, നമ്മുടെ നാളെകളെ രൂപപ്പെടുത്തുവാന്‍ സഹായിക്കുന്ന ചരിത്രസ്മാരകങ്ങളാൽ സമ്പന്നമാണ് ഇന്ത്യ. ഇതാ ഇന്ത്യയിലെ അറിഞ്ഞിരിക്കേണ്ട കുറച്ച് ചരിത്രസ്മാരകങ്ങള്‍ പരിചയപ്പെടാം

ലോകപൈതൃക ദിനം

ലോകപൈതൃക ദിനം

ലോക പൈതൃക സ്ഥലങ്ങളുടെ വൈവിധ്യത്തെക്കുറിച്ചും അവ സംരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള അനിവാര്യമായ ശ്രമങ്ങളെ കുറിച്ചും ബോധവൽക്കരിക്കുക എന്നതാണ് ലോക പൈതൃക ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. 1982-ൽ ഏപ്രിൽ 18 സ്മാരകങ്ങൾക്കും സൈറ്റുകൾക്കുമുള്ള അന്താരാഷ്ട്ര ദിനമായി ആഘോഷിക്കണമെന്ന് ICOMOS നിർദ്ദേശിച്ചു. 1983-ൽ യുനെസ്കോ അതിന്റെ 22-ാമത് ജനറൽ കോൺഫറൻസിൽ ഈ തീയതി അംഗീകരിച്ചു.

പൈതൃകവും കാലാവസ്ഥയും

പൈതൃകവും കാലാവസ്ഥയും

2022 ലെ ലോക പൈതൃക ദിനത്തിന്റെ തീം "പൈതൃകവും കാലാവസ്ഥയും" എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് പൈതൃകം എങ്ങനെ അറിവിന്റെ ഉറവിടമാകുമെന്ന് എടുത്തുകാണിക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഈ വര്‍ഷം പ്രോത്സാഹനം നല്കുന്നത്.

ഇന്ത്യയിലെ പൈതൃക സ്ഥാനങ്ങള്‍

ഇന്ത്യയിലെ പൈതൃക സ്ഥാനങ്ങള്‍


40 ലോക പൈതൃക സ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്. അവയില്‍ 32 എണ്ണം സാംസ്കാരികവും 7 സ്വാഭാവികവും 1 മിശ്രിതവുമാണ് (സാംസ്കാരികവും പ്രകൃതിദത്തവുമായ സവിശേഷതകളുമായി പൊരുത്തപ്പെടുന്നു). സൈറ്റുകളുടെ എണ്ണത്തിൽ ലോകത്തിലെ ആറാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.

പട്ടടക്കല്‍ സ്മാരകങ്ങള്‍

പട്ടടക്കല്‍ സ്മാരകങ്ങള്‍

ഏഴ്, എട്ട് നൂറ്റാണ്ടുകളിലെ ചരിത്രസ്മാരകങ്ങളാണ് മാലപ്രഭ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടടക്കല്‍. ചാലൂക്യൻ വാസ്തുവിദ്യയുടെ സമ്പന്നതയുടെ ഉദാഹണമായ ഇത് കര്‍ണ്ണാടകയിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടടക്കലിൽ ദ്രാവിഡ, ആര്യൻ ശൈലികളും ഈ ശൈലികളുടെ മിശ്രിതം എന്നിവയിൽ നിന്നുള്ള ക്ഷേത്ര വാസ്തുവിദ്യയുണ്ട്. സങ്കീര്‍ണ്ണവും സമ്പന്നവുമായി വാസ്തുവിദ്യയില്‍ പണിതീര്‍ത്തിരിക്കുന്ന പത്ത് ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച. രാജാക്കന്മാരെ കിരീടമണിയിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്ന ആചാരപരമായ കേന്ദ്രമായി പോലും ഇവിടം ഉപയോഗിക്കപ്പെട്ടിരുന്നു എന്നാണ് ചരിത്രം പറയുന്നത്.
PC:Nithin bolar k

ഗ്രേറ്റ് ലിവിങ് ചോളാ ക്ഷേത്രങ്ങള്‍

ഗ്രേറ്റ് ലിവിങ് ചോളാ ക്ഷേത്രങ്ങള്‍

തമിഴ്നാട്ടില്‍ ചോള ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട മൂന്ന് മഹാ ക്ഷേത്രങ്ങളാണ് ഗ്രേറ്റ് ലിവിങ് ചോളാ ക്ഷേത്രങ്ങള്‍ അഥവാ അനശ്വര ചോള മഹാക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ട ചോഴ പുരത്തെ ബൃഹദീശ്വരക്ഷേത്രം, ദാരാശുരത്തെ ഐരാവതേശ്വര ക്ഷേത്രം എന്നിവയാണിവ. 11,12 നൂറ്റാണ്ടുകളിലായാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. വാസ്തുവിദ്യ, ശിൽപം, പെയിന്റിംഗ്, വെങ്കല വാർപ്പ് എന്നിവയിൽ ചോളരുടെ തിളക്കമാർന്ന നേട്ടങ്ങൾക്ക് ക്ഷേത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
PC:Neelcr07

സാഞ്ചിയിലെ ബുദ്ധസ്മാരകങ്ങള്‍

സാഞ്ചിയിലെ ബുദ്ധസ്മാരകങ്ങള്‍

മധ്യപ്രദേശിലെ ഭോപ്പാലിന് സമീപത്താണ് സാഞ്ചിയിലെ ബുദ്ധസ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നിലവില്‍ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴയ ബുദ്ധ സങ്കേതമാണിത്. എ ഡി 12-ാം നൂറ്റാണ്ട് വരെ ഇന്ത്യയിലെ ഒരു പ്രധാന ബുദ്ധമത കേന്ദ്രമായിരുന്നു ഇത്. ബിസി മൂന്നാം നൂറ്റാണ്ടിലാണ് ഇവിടുത്തെ സ്മാരകങ്ങളുടെ പണി ആരംഭിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഈ കാലഘട്ടത്തിലെ ബുദ്ധമതത്തിന്‍റെ സമഗ്രമായ ചരിത്രവും രേഖപ്പെടുത്തലുകളുമാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്. കലകളുടെയും സ്വതന്ത്രമായ വാസ്തുവിദ്യയുടെയും ഏറ്റവും പഴക്കമേറിയതും പക്വതയുള്ളതുമായ ഉദാഹരണങ്ങളായാണ് ഇതിനെ യുനസ്കോ വിശേഷിപ്പിച്ചിരിക്കുന്നത്.

ഹുമയൂണിന്‍റെ ശവകുടീരം

ഹുമയൂണിന്‍റെ ശവകുടീരം

ഇന്ത്യയിലെ മറ്റൊരു പ്രധാനപ്പെട്ട യുനസ്കോ പൈതൃക സ്ഥാനമാണ് ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഹുമയൂണിന്‍റെ ശവകുടീരം. 150-ലധികം മുഗൾ കുടുംബാംഗങ്ങളെ ഇവിടുത്തെ സെല്ലുകളില്‍ അടക്കം ചെയ്തിട്ടുള്ളതിനാല്‍ ഹുമയൂണിന്റെ ശവകുടീരത്തെ 'മുഗളന്മാരുടെ ഡോർമിറ്ററി' എന്നും വിളിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യ ഉദ്യാന ശവകുടീരം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹുമയൂണിന്റെ മരണത്തിനു ശേഷം 14 വർഷങ്ങള്‍ കഴിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഹമീദ ബാനു ബീഗം എഡി 1569 ലാണ് ഈ ശവകുടീരം നിർമ്മിച്ചത്. പേർഷ്യൻ വാസ്തുശില്പികളായ മിറാക് മിർസ ഗിയാസും അദ്ദേഹത്തിന്റെ മകൻ സയ്യിദ് മുഹമ്മദും ചേർന്നായിരുന്നു ഇതിന്‍റെ രൂപകൽപ്പന ചെയ്തത്.

മഹാബോധി ക്ഷേത്രം

മഹാബോധി ക്ഷേത്രം

മഹാബോധി ക്ഷേത്രം അഥവാ മഹാബോധി മഹാവിഹാർ ബുദ്ധൻ ജ്ഞാനോദയം പ്രാപിച്ചതായി പറയപ്പെടുന്ന സ്ഥലത്തെ അടയാളപ്പെടുത്തുന്നതാണ്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ഇവിടം ബീഹാറിലെ പട്‌നയിൽ നിന്ന് 96 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പുനര്‍നിര്‍മ്മിക്കപ്പെട്ട ഒരു ബുദ്ധ ക്ഷേത്രമാണിത്. ബുദ്ധമത ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും ജന്മസ്ഥലമാണ് അതിനെ കണക്കാക്കുന്നത്. ബിസി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തി നിർമ്മിച്ച ആദ്യത്തെ ക്ഷേത്രമാണ് മഹാബോധി ക്ഷേത്ര സമുച്ചയം, ഇപ്പോഴത്തെ ക്ഷേത്രം 5-6 നൂറ്റാണ്ടുകൾ മുതലുള്ളതാണ്.
PC:Ken Wieland

ഭീംബെട്ക

ഭീംബെട്ക

ഒന്‍പതിനായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ശിലാഗൃഹങ്ങള്‍ അഥവാ റോക്ക് ഷെല്‍ട്ടറുകളാണ് ഭീംബെട്കയിലുള്ളത്. മധ്യപ്രദേശിലെ റൈസൺ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ മനുഷ്യവാസത്തിന്റെ ഇതുവരെയുള്ള ഏറ്റവും പഴയ അടയാളങ്ങള്‍ ഇവിടെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടുത്തെ ചില ഗുഹകളില്‍ ഹോമോ ഇറക്ടസ് എന്ന ആദിമമനുഷ്യന്‍ താമസിച്ചിരുന്നതായി പഠനങ്ങള്‍ പറയുന്നു. ഏകദേശം പത്ത് കിലോമീറ്ററോളം നീളത്തില്‍ പരന്നുകിടക്കുന്ന ഇവിടെ ഏഴു മലകളും 750 ശിലാഗൃഹങ്ങളും ഉണ്ട്.
PC: Vijay Tiwari09

ഹില്‍ ഫോര്‍ട്ടുകള്‍

ഹില്‍ ഫോര്‍ട്ടുകള്‍

രാജസ്ഥാനിലെ ആറു കോട്ടകള്‍ യുനസ്കോയുടെ പൈതൃക ഇടങ്ങളുടെ പട്ടികയിലുണ്ട്. ചിറ്റോർഗഡ്, കുംഭൽഗഡ്, രൺതംബോർ ഫോർട്ട്, ഗാഗ്രോൺ ഫോർട്ട്, ആംബർ ഫോർട്ട്, ജയ്സാൽമീർ ഫോർട്ട് എന്നിവയാണത്. രജപുത്ര സൈനിക പ്രതിരോധ വാസ്തുവിദ്യയ്ക്ക് പേരുകേട്ടവയാണ് ഓരോ കോട്ടകളും. ഏകദേശം 20 കിലോമീറ്റർ ചുറ്റളവുള്ള കോട്ടകളുടെ വാസ്തുവിദ്യ, എട്ടാം നൂറ്റാണ്ട് മുതൽ 18ാം നൂറ്റാണ്ട് വരെ ഈ പ്രദേശത്ത് തഴച്ചുവളർന്ന രജപുത്ര നാട്ടുരാജ്യങ്ങളുടെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.
PC:Janardanprasad

റാണി കി വാവ്

റാണി കി വാവ്

ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പടവ് കിണറാണ് റാണി കി വാവ്. സോളങ്കി രാജവംശത്തിന്റെ നിർമ്മിതിയായ ഇത് സോളങ്കി രാജവംശത്തിന്റെ സ്ഥാപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണിയാണ് നിര്‍മ്മിക്കുന്നത്. 64 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 27 മീറ്റര്‍ ആഴവുമാണ് ഇതിനുള്ളത്. ഭൂമിക്കടിയിലേക്ക് ഏഴ് നിലകളാണ് ഇതിനുള്ളത്. 1068 ൽ നിർമ്മാണം പൂര്‍ത്തിയാക്കിയ ഈ പടവ്കിണര്‍ ഒരിക്കല്‍ സരസ്വതി നദി ഗതിമാറി ഒഴുകിയപ്പോള്‍ വെള്ളത്തിനടിയിലായി. പിന്നീട് 1980 പുരാവസ്തു വകുപ്പ് നടത്തിയ ഖനനപ്രവര്‍ത്തനങ്ങളിലാണ് ഇത് കണ്ടെത്തുന്നത്. വർഷത്തിൽ കൂടുതൽ സമയത്തും ജലക്ഷാമവും കടുത്തചൂടം അനുഭവപ്പെടുന്ന ഇവിടെ ജലസംരക്ഷണത്തിനായാണ് ഇത് നിര്‍മ്മിക്കപ്പെട്ടത് എന്നാണ് ചരിത്രം പറയുന്നത്.
PC:Vistarphotos

നളന്ദ

നളന്ദ

പൗരാണിക സര്‍വ്വകലാശാലകളിലൊന്നായിരുന്ന നളന്ദ ബീഹാറിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പുരാതനമായ സർവ്വകലാശാലയായി നളന്ദ അറിയപ്പെടുന്നു.ലോകത്തിലെ ആദ്യത്തെ റെസിഡന്‍ഷ്യല്‍ സര്‍വ്വകലാശാല കൂടിയായിരുന്ന നളന്ദയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം വിദ്യാര്‍ഥികളും രണ്ടായിരത്തോളം അധ്യാപകരും ഉണ്ടായിരുന്നു. കുത്തബ്ബുദ്ദീന്‍ ഐബക്കിന്റെ സൈന്യാധിപന്‍മാരിലൊരാളായ മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജി സര്‍വ്വകലാശാല അക്രമിച്ചു കീഴടക്കുകയും തീവെക്കുകയും ചെയ്തു. 1193 ലാണ് ഇത് സംഭവിക്കുന്നത്. ഏകദേശം 1,50,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഇവിടുത്തെ അവശിഷ്ടങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. എന്നാല്‍ യഥാര്‍ഥ സര്‍വ്വകലാശാലയുടെ 90 ശതമാനത്തോളം ഭാഗങ്ങള്‍ ഇനിയും മണ്ണിനടിയിലാണെന്നാണ് കരുതുന്നത്.
PC:myself

ഹിസ്റ്റോറിക് സിറ്റി അഹമ്മദാബാദ്

ഹിസ്റ്റോറിക് സിറ്റി അഹമ്മദാബാദ്

1411-ൽ ഗുജറാത്ത് സുൽത്താനേറ്റിലെ അഹമ്മദ് ഷാ ഒന്നാമൻ സ്ഥാപിച്ചതാണ് അഹമ്മദാബാദ്. ഇത് ഗുജറാത്ത് സുൽത്താനേറ്റിന്റെ തലസ്ഥാനമായും പിന്നീട് ഗുജറാത്തിന്റെ പ്രധാന രാഷ്ട്രീയ വാണിജ്യ കേന്ദ്രമായും തുടർന്നു. 2017 ജൂലൈയിൽ ആണ് ഇവിടം യുനെസ്കോ ലോക പൈതൃക നഗരമായി മാറുന്നത്. സുൽത്താനേറ്റ് കാലഘട്ടത്തിലെ സമ്പന്നമായ വാസ്തുവിദ്യാ പൈതൃകം ഇവിടെ കാണാം. ഭദ്ര കോട്ട, കോട്ട നഗരത്തിന്റെ മതിലുകളും കവാടങ്ങളും. മസ്ജിദുകളും ശവകുടീരങ്ങളും കൂടാതെ പിന്നീടുള്ള കാലഘട്ടങ്ങളിലെ പ്രധാനപ്പെട്ട ഹിന്ദു, ജൈന ക്ഷേത്രങ്ങളും ഇവിടെ കാണുവാനുണ്ട്.

PC:Kalyan Shah

ധോളാവീര

ധോളാവീര

സിന്ധു നദീതട സംസ്‌കാരത്തിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ഹാരപ്പൻ സൈറ്റുകളിൽ ഒന്നാണ് ധോളാവീര. ഗുജറാത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കച്ച് ജില്ലയിലെ ബച്ചാവു താലൂക്കിലാണ് ധോളാവീര. 1955 നും 1960 നും ഇടയിൽ കുഴിച്ചെടുത്ത ഇവിടെ നിന്നും പുരാതന നാഗരികതയുടെ ഒരു പ്രധാന തുറമുഖ നഗരമായി കണ്ടെത്തി. ചെളി ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ചതാിരുന്നു ഘടനകൾ.
PC:Rahul Zota

വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്

Read more about: monuments history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X