» »സ്വര്‍ഗ്ഗത്തിലേക്ക് വാതില്‍ തുറക്കുന്ന ഇന്ത്യയിലെ വിമാനത്താവളങ്ങള്‍

സ്വര്‍ഗ്ഗത്തിലേക്ക് വാതില്‍ തുറക്കുന്ന ഇന്ത്യയിലെ വിമാനത്താവളങ്ങള്‍

Written By: Elizabath

ആകാശത്തില്‍ നിന്നുള്ള കാഴ്ചകള്‍ എല്ലായ്‌പ്പോഴും അതിമനോഹരമായിരിക്കും. നീലനിറത്തില്‍ പരന്നു കിടക്കുന്ന കടലും ഉറുമ്പരിക്കുന്നതുപോലെ നീങ്ങുന്ന വാഹനങ്ങളും തീപ്പെട്ടിക്കൂട് പോലെയുള്ള കെട്ടിടങ്ങളും എന്നും കണ്ട് മടുത്തിട്ടുള്ളവര്‍ ധാരാളമുണ്ട്. എന്നാല്‍ ആകാശക്കാഴ്ചയില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത്‌ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ കരുതി വെയ്ക്കുന്ന കുറച്ച് വിമാനത്താവളങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്തിനധികം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ ലാന്‍ഡിങിനു മുമ്പായി കൊച്ചിയുടെ ആകാശദൃശ്യം കണ്ട് ഒരിക്കലെങ്കിലും കൊച്ചിയെ അറിയാതെ പ്രണയിച്ചുപോയവര്‍ സ്വദേശികളും വിദേശികളുമടക്കം ഒരുപാടു പേരുണ്ട്.
പ്രകൃതിയൊരുക്കിയ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍കൊണ്ട് ലാന്‍ഡിങ് ഒരുത്സവമാക്കുന്ന ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ പരിചയപ്പെടാം.

കുശോക് ബകുല റിംമ്പോച്ചി എയര്‍പോര്‍ട്ട്, ലേ

കുശോക് ബകുല റിംമ്പോച്ചി എയര്‍പോര്‍ട്ട്, ലേ

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തില്‍ നിന്നുള്ള കാഴ്ചകള്‍ ഒട്ടും മോശമാവാന്‍ വഴിയില്ല. മലകള്‍ക്കിടയിലൂടെ മേഘത്തെ തട്ടാതെ വിമാനം താഴെയിറങ്ങുന്നത് അത്ഭുതകരമായ കാഴ്ചയാണ്. സമുദ്ര നിരപ്പില്‍ നിന്നും 10682 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച കാഴ്ച പ്രധാനം ചെയ്യുന്ന വിമാനത്താവളമെന്ന പേരും ഇതിനു സ്വന്തമാണ്.
മലമുകളിലെ കാറ്റിന്റെ പ്രശ്‌നമുള്ളതിനാല്‍ വിമാനങ്ങള്‍ അതിരാവിലെയാണ് ഇവിടെ വരികയും പോവുകയും ചെയ്യുന്നത്.

PC: You Tube

അഗത്തി എയര്‍പോര്‍ട്ട്, ലക്ഷദ്വീപ്

അഗത്തി എയര്‍പോര്‍ട്ട്, ലക്ഷദ്വീപ്

മരതക നിറത്തില്‍ കിടക്കുന്ന വിശാലമായ കടല്‍. അതിനുള്ളിലെവിടെയോ നീണ്ടുകിടക്കുന്ന ഒരു നടപ്പാത. ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയാല്‍ കടലിനു നടുവിലെ ഈ എയര്‍പോര്‍ട്ട കാണാന്‍ കഴിയും. ലക്ഷദ്വീപിലെ ഏക വിമാനത്താവളമായ അഗത്തി എയര്‍പോര്‍ട്ട് ഒരുക്കുന്നത് കടലിന്റെ സാമീപ്യത്തിലുള്ള കുറേ കാഴ്ചകളാണ്. ആകാശത്തില്‍ നിന്നുള്ള ദ്വീപിന്റെ കാഴ്ച മനംമയക്കുന്നതാണ്.

PC: Julio

ലംഗ്പൂയ് വിമാനത്താവളം , മിസോറാം

ലംഗ്പൂയ് വിമാനത്താവളം , മിസോറാം

മിസോറാമിന്റെ കാഴ്ചകള്‍ ഒറ്റയടിക്ക് ഒപ്പിയെടുക്കാന്‍ എളുപ്പമാര്‍ഗ്ഗമാണ് ലംഗ്പൂയ് വിമാനത്താവളം.
2500 മീറ്റര്‍ റണ്‍വേയുള്ള ഈ വിമാനത്താവളത്തിന്റെ വശങ്ങളിലുള്ള മലകള്‍ക്കിടയിലൂടെ ഒഴുകുന്ന അരുവകളുടെ കാഴ്ചയാണ് ഇവിടുത്തെ ലാന്‍ഡിങ്ങിലെ പ്രധാന ആകര്‍ഷണം. പച്ചപ്പുതപ്പണിഞ്ഞ മലനിരകള്‍ വിമാനത്താവളത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.

PC: Dipalay Dey

ധര്‍മ്മശാലാ എയര്‍പോര്‍ട്ട്

ധര്‍മ്മശാലാ എയര്‍പോര്‍ട്ട്

കാംഗ്രാ വിമാനത്താവളമെന്നറിയപ്പെടുന്ന ധര്‍മ്മശാലാ എയര്‍പോര്‍ട്ട് 1269 ഏക്കറുകളിലായാണ് വ്യാപിച്ചു കിടക്കുന്നത്. മലനിരകളാല്‍ ചുറ്റപ്പെട്ട് മഞ്ഞില്‍ പുതച്ച ധര്‍മ്മശാലയുടെ മനോഹര ദൃശ്യമാണ് ഇവിടെ നിന്നുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 2492 അടി ഉയരെയാണ് ഇവിടം.

PC :Manuel Menal

ജുബര്‍ഹട്ടി വിമാനത്താവളം, ഷിംല

ജുബര്‍ഹട്ടി വിമാനത്താവളം, ഷിംല

മലമുകളില്‍ സ്ഥിതി ചെയ്യുന്ന ജുബര്‍ഹട്ടി വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും ചെറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്. കാഴ്ചയില്‍ ഇത്തിരിയേ ഉള്ളുവെങ്കിലും കാഴ്ച്ചക്കാര്‍ക്ക് ദൃശ്യവിരുന്നു തന്നെയാണ് ഇവിടുന്ന് ലഭിക്കുന്നത്. മലനിരകളുടെ മഞ്ഞില്‍ പുതച്ച കഥകള്‍ പറയുന്ന ഇവിടം സ്വര്‍ഗ്ഗമാണ് എന്നു പറഞ്ഞാലും അധികമാവില്ല.

PC: generalising

ഡാംബോലിം വിമാനത്താവളം, ഗോവ

ഡാംബോലിം വിമാനത്താവളം, ഗോവ

ഗോവയിലെ ഏക വിമാനത്താവളമായ ഡാംബോലിം വിമാനത്താവളം കണ്ണുതുറക്കുന്നത് അറബിക്കടലിന്റെ സൗന്ദര്യത്തിലേക്കാണ്. ഉയരക്കാഴ്ചയില്‍ കടലിനോട് ചേര്‍ന്നു കിടക്കുന്ന ഗോവയെ ഒരു ദ്വീപായാണ് തോന്നിപ്പിക്കുക.

PC: Vinoth Chandar

നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി

നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി

പച്ചയുടെ പുതപ്പണിഞ്ഞ കൊച്ചിയും സമീപത്തുള്ള അറബിക്കടലും ചേര്‍ന്നൊരുക്കുന്ന ആകാശക്കാഴ്ചയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റേത്. ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പുള്ള ഈ ദൃശ്യം കണ്ട് ആരും കൊച്ചിയെ ഒന്നു പ്രണയിച്ചുപോകുമെന്നത് തീര്‍ച്ചയാണ്.

pc: Binu jayakrishnan

Read more about: kerala tourism shimla goa kochi