» »തടാകങ്ങളുടെ നഗരത്തിലെ കാഴ്ചകള്‍

തടാകങ്ങളുടെ നഗരത്തിലെ കാഴ്ചകള്‍

Posted By: Elizabath Joseph

എങ്ങോട്ട് നോക്കിയാലും നിറഞ്ഞു കിടക്കുന്ന തടാകങ്ങള്‍, രാത്രികാലമാണെങ്കില്‍ ചുറ്റും വിളക്കുകള്‍ തെളിയിച്ച് കണ്ണഞ്ചിപ്പിക്കുന്ന പ്രഭയില്‍ കുളിച്ച് തടാകങ്ങള്‍. തടാകങ്ങളുടെ നഗരമായ ഭോപ്പാലില്‍ തടാകങ്ങള്‍ മാത്രമേ കാണാനുള്ളോ എന്നു ചോദിച്ചാല്‍ തെറ്റി. ക്ഷേത്രങ്ങളും മ്യൂസിയവുമടക്കം വേറെയും കുറെ കാഴ്ചകള്‍ ഇവിടെയുണ്ട്.

പ്രകൃതിയാലുള്ളതും മനുഷ്യനിര്‍മ്മിതവുമായ നിരവധി തടാകങ്ങളാണ് ഭോപ്പാല്‍ നഗരത്തിന്റെ പ്രത്യേകത. ഇന്ത്യയിലെ പച്ചപ്പു നിറഞ്ഞ നഗരം എന്ന പേരും ഭോപ്പാലിനു സ്വന്തമാണ്.

ഭോപ്പാലിന് ഈ പേരു വന്നതിനു പിറകില്‍ പല ഐതിഹ്യങ്ങളുമുണ്ട് ഭോജ രാജാവിന്റെ കാലത്ത് അദ്ദേഹം സ്ഥാപിച്ച നഗരമാണ് ഭോജ്പാലെന്നാണ് ഒരു കഥ.ഭൂപാല്‍ എന്നറിയപ്പെടുന്ന ഒരു ഭരണാധികാരിയില്‍ നിന്നാണ് ഭോപ്പാലുണ്ടായതെന്നും പറയപ്പെടുന്നു.

ഭോജരാജാവിന് ഭോപ്പാലുമായുണ്ടായ ബന്ധത്തിനു തെളിവാണ് നഗരത്തില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭോജേശ്വര്‍ ക്ഷേത്രം.

തടാകങ്ങളുടെ നഗരം ഒരിക്കല്‍ നാലു സ്ത്രീകള്‍ ഭരിച്ചിട്ടുണ്ട് എന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നില്ലേ. ഇവരുടെ കീഴില്‍ നഗരത്തിന് അത്ഭുതകരമായ വളര്‍ച്ചയായിരുന്നു. റെയില്‍, തപാല്‍, തുടങ്ങിയ മേഖലകളിലെ ഭോപ്പാലിന്റെ വളര്‍ച്ചയുടെ മുഖ്യപങ്ക് ഇവരുടെ സംഭാവനയാണ്.

1984ല്‍ ഭോപ്പാലിലുണ്ടായ വിഷവാതക ചോര്‍ച്ച രാജ്യം കണ്ട വന്‍ദുരന്തങ്ങളില്‍ ഒന്നായിരുന്നു. ഭോപ്പാല്‍ ഇപ്പോഴും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്.

ഭോപ്പാലിലെ കാഴ്ചകള്‍ പരിചയപ്പെടാം.

1. വന്‍-വിഹാര്‍ ദേശീയോദ്യാനം

1. വന്‍-വിഹാര്‍ ദേശീയോദ്യാനം

ആധുനിക സുവോളജിക്കല്‍ പാര്‍ക്കിന്റെ രീതിയില്‍ പരിപാലിക്കപ്പെടുന്ന ദേശീയോദ്യാനമാണ് വന്‍-വിഹാര്‍ ദേശീയോദ്യാനം. മൃഗങ്ങള്‍ അതിന്റെ സ്വാഭാവികമായ ചുറ്റുപാടില്‍ തന്നെയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്.

കാട്ടില്‍ നിന്നും പിടിച്ചുകൊണ്ടുവരുന്നവയല്ല ഇവിടുത്തെ മൃഗങ്ങള്‍. മറ്റു മൃഗശാലകളില്‍ നിന്ന് കൈമാറ്റം ചെയ്യുന്നതോ അല്ലെങ്കില്‍ അനാഥമായവയോ ആണ് ഇവിടുത്തെ താമസക്കാര്‍.
pc: Nikh549

2. ഖന്നാ ഫണ്‍സിറ്റി

2. ഖന്നാ ഫണ്‍സിറ്റി

ഭോപ്പാലില്‍ സമയം ചെലവഴിക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഖന്നാ ഫണ്‍സിറ്റിയില്‍ പോയിരിക്കണം. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇവിടെ അടിച്ചുപൊളിക്കാം. പ്രദേശവാസികളുടെ സ്ഥിരം സങ്കേതമാണിത്. ത്രില്ലിങായുള്ള റൈഡുകളാണ് ഇവിടുത്തെ പ്രത്യേകത.
pc: official site

3. ബഡാ തലാബ്

3. ബഡാ തലാബ്

ഭോപ്പാലിലെ ഏറ്റവും പഴയ മനുഷ്യനിര്‍മ്മിത തടാകമാണ് ബഡാ തലാബ് എന്നറിയപ്പെടുന്ന അപ്പര്‍ ലേക്ക്. പതിനൊന്നാം നൂറ്റാണ്ടിലാണ് തടാകം പണികഴിപ്പിച്ചത്. ഇതില്‍ നിന്നുമാണ് ഭോപ്പാല്‍ നഗരത്തിലെ വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്.

കയാക്കിങ്, റാഫ്റ്റിങ്, കനോയിങ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങള്‍ ഇവിടെ നടത്താറുണ്ട്.
pc: shivanjan choudhury

4. ചൗക്ക് ബസാര്‍

4. ചൗക്ക് ബസാര്‍

ഭോപ്പാലിലെത്തുന്നവര്‍ക്ക് ഷോപ്പിങ്ങിനു പറ്റിയ സ്ഥലമാണ് പഴയ സിറ്റിക്കടുത്തുള്ള ചൗക്ക് ബസാര്‍. പഴയ കാലത്തിന്റെ പ്രൗഡിയും പുതിയ ലോകത്തിന്റെ ബഹളങ്ങളും നിറഞ്ഞതാണ് ചൗക്ക് മാര്‍ക്കറ്റ്.
pc: Vikramjit Kakati

5. ഭോജേശ്വര്‍ ക്ഷേത്രം

5. ഭോജേശ്വര്‍ ക്ഷേത്രം

ഭോപ്പാലിനു ഈ പേരുവരാന്‍ കാരണമായതെന്നു വിശ്വസിക്കപ്പെടുന്നതിനു പിന്നിലെ ക്ഷേത്രമാണ് ശിവപ്രതിഷ്ഠയുള്ള ഭോജേശ്വര്‍ ക്ഷേത്രം. പണിതീര്‍ന്നിട്ടില്ലാത്ത നിലയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുരാവസ്തു വകുപ്പിന്റെ ചരിത്ര പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിലാണ് ക്ഷേത്രമുള്ളത്.

ഭോജ രാജാവ് പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിനു സമീപമായി പാര്‍വ്വതി ദേവിക്കായി സമര്‍പ്പിച്ചിട്ടുള്ള ഒരു ഗുഹയുണ്ട്. പാര്‍വ്വതി കേവ്‌സ് എന്നാണീ ഗുഹ അറിയപ്പെടുന്നത്.
pc: Ujjwal Pushp

 6. സ്റ്റേറ്റ് മ്യൂസിയം ഭോപ്പാല്‍

6. സ്റ്റേറ്റ് മ്യൂസിയം ഭോപ്പാല്‍

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന കലാവസ്തുക്കള്‍കൊണ്ട് സമ്പന്നമാണ് ഭോപ്പാല്‍ സ്റ്റേറ്റ് മ്യൂസിയം.

രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഇവിടുത്തെ പ്രവേശനം.
pc: Suyash Dwivedi

7. അക്വേറിയം

7. അക്വേറിയം

മത്സ്യത്തിന്റെ ആകൃതിയില്‍ രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന അക്വേറിയത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള ധാരാളം മത്സ്യങ്ങളുണ്ട്. 1977ലാണ് അക്വേറിയം പ്രവര്‍ത്തനമാരംഭിച്ചത്. ശുദ്ധജല മത്സ്യങ്ങളും അലങ്കാര മത്സ്യങ്ങളുമുള്‍പ്പെടെ 66 തരം വ്യത്യസ്ത മത്സ്യങ്ങള്‍ ഇവിടെയുണ്ട്. ഏപ്രില്‍-സെപ്റ്റംബര്‍, ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങളിലാണ് അക്വേറിയം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുവാദമുള്ളത്.
pc: smerikal