» »കേരളത്തിലെ പ്രശസ്തമായ ജൈനക്ഷേത്രങ്ങള്‍

കേരളത്തിലെ പ്രശസ്തമായ ജൈനക്ഷേത്രങ്ങള്‍

Written By: Elizabath

ഒരിക്കല്‍ കേരളത്തില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ച മതവിഭാഗമായിരുന്നു ജൈനമതം. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കില്‍ ക്രിസ്തുമതം കേരളത്തില്‍ എത്തുന്നതിനും വളരെ മുന്‍പുതന്നെ ജൈനമതം ഇവിടെയുണ്ടായിരുന്നുവെന്നു പറയാം. പക്ഷേ എട്ടാം നൂറ്റാണ്ടോടുകൂടി ഇതിന്റെ ശക്തി ക്ഷയിക്കുകയും പല ക്ഷേത്രങ്ങളും ഇല്ലാതാവുകയും ചെയ്തു. എന്നാലും ഇപ്പോഴും കേരളത്തില്‍ ചിലയിടങ്ങളില്‍ ജൈനക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ പ്രശസ്തമായ എട്ട് ജൈനക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

അനന്ത്‌നാഥ് സ്വാമി ക്ഷേത്രം

അനന്ത്‌നാഥ് സ്വാമി ക്ഷേത്രം

വയനാട്ടിലെ കല്പ്പറ്റയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ പുളിയാര്‍മലയില്‍ സ്ഥിതി ചെയ്യുന്ന അനന്ത്‌നാഥ് സ്വാമി ക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ജൈന ക്ഷേത്രങ്ങളിലൊന്നാണ്.
കാപ്പിത്തോട്ടങ്ങളാല്‍ ചുറ്റിയ കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ച ഏറെ മനോഹരമാണ്.
ബുദ്ധമത വിശ്വാസികളെ കൂടാതെ പുരാതന വാസ്തുവിദ്യയില്‍ താല്പര്യമുള്ളവരും ഇവിടെ എത്താറുണ്ട്. ദ്രാവിഡരീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം പതിനാലാം തീര്‍ഥങ്കരനായ അനന്തനാഥനാണ് സമര്‍പ്പിച്ചിരിക്കുന്നത്.

PC: Jafarpulpally

ജൈനിമേട് ജൈനക്ഷേത്രം

ജൈനിമേട് ജൈനക്ഷേത്രം


പാലക്കാട് നഗരത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ ജൈനിമേട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ജൈനക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ജൈനമതം ഇപ്പോഴും നിലനില്‍ക്കുന്ന ഇവിടുത്തെ ക്ഷേത്രത്തിലെ കരിങ്കല്‍ മതിലുകളില്‍ യാതൊരുവിധ കൊത്തുപണികളുമില്ല.
ഇതിനു സമീപമുള്ള ഒരിടത്തുവെച്ചാണ് കുമാരനാശാന്‍ തന്റെ വീണപുവ് എഴുതിയതെന്നാണ് കരുതപ്പെടുന്നത്.

PC: Shijualex

 ധര്‍മ്മനാഥ് ജൈനക്ഷേത്രം

ധര്‍മ്മനാഥ് ജൈനക്ഷേത്രം

നിര്‍മ്മാണത്തിലും രൂപകല്പനയിലും ഏറെ വ്യത്യസ്തവും ആകര്‍ഷകവുമാണ് കൊച്ചി മട്ടാഞ്ചേരിയിലെ ധര്‍മ്മനാഥ് ജൈനക്ഷേത്രം. മനോഹരമായ മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന തൂണുകളിലും ചുവരുകളിലും മുഴുവന്‍ കൊത്തുപണികളും അലങ്കാരങ്ങളും കൊണ്ട് സമ്പന്നമാണ് എന്ന് പറയാതെ വയ്യ.
പതിനഞ്ചാം തീര്‍ഥങ്കരനായ ധര്‍മ്മനാഥനാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.

PC: Thorsten Vieth

ആലപ്പുഴ ജൈനക്ഷേത്രം

ആലപ്പുഴ ജൈനക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ഏക ജൈന ക്ഷേത്രമായ ആലപ്പുഴ ജൈനക്ഷേത്രം കാഴ്ചയിലും നിര്‍മ്മിതിയിലും ഏറെ മനോഹരമാണ്. രാജസ്ഥാനില്‍ നിന്നുള്ള കല്ലുകളും വെളുത്ത മാര്‍ബിളും ഉപയോഗിച്ച് നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ മുകളിലായി മകുടം പോലെയൊരു സൃഷ്ടിയുമുണ്ട്. മറ്റൊരു ജൈനക്ഷേത്രത്തിലും ഇത്തരത്തിലൊരു മകുടം കാണാന്‍ സാധിക്കില്ല. ജൈനമതത്തിലെ നാലു തീര്‍ഥങ്കരന്‍മാര്‍ക്കായിട്ടാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.

PC :Ajeshunnithan

കല്ലില്‍ ക്ഷേത്രം

കല്ലില്‍ ക്ഷേത്രം

എറണാകുളം ജില്ലയിലെ കുന്നത്തുനാടിലെ കല്ലില്‍ ഭഗവതി ക്ഷേത്രം മുന്‍പ് ജൈനക്ഷേത്രമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
28 ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്ന ഈ ക്ഷേത്രം കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ 120 കല്പ്പടവുകള്‍ കയറിയാല്‍ മാത്രമേ ക്ഷേത്രത്തിലെത്താന്‍ സാധിക്കൂ.
45 അടി വീതിയും 25 അടി ഉയരവും 75 അടി നീളവുമുള്ള ഒറ്റക്കല്ലിലാണ് ഇവിടുത്തെ ദേവിയുടെ വിഗ്രഹം പണിതിരിക്കുന്നത്.

PC: Challiyan

സുല്‍ത്താന്‍ ബത്തേരി ജൈന ക്ഷേത്രം

സുല്‍ത്താന്‍ ബത്തേരി ജൈന ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈനക്ഷേത്രമാണ് പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന സുല്‍ത്താന്‍ ബത്തേരിയിലെ ജൈന ക്ഷേത്രം. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്തെ നിര്‍മ്മാണ ശൈലികളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
കൊത്തുപണികളുള്ള തൂണുകള്‍ ഇവിടെ കാണാന്‍ സാധിക്കും. കരിങ്കല്ല് ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യകാലങ്ങളില്‍ ഒരാരാധനാലയവും പിന്നീട് വ്യാപാരകേന്ദ്രവും ആയിരുന്ന ഇവിടം പത്തിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പു സുല്‍ത്താന്‍ അക്രമിച്ചതായും ചരിത്രത്തില്‍ പറയുന്നു.

PC:നിരക്ഷരൻ.

കട്ടില്‍മാടം ക്ഷേത്രം

കട്ടില്‍മാടം ക്ഷേത്രം

പാലക്കാട് ജില്ലയില്‍ പട്ടാമ്പി-ഗുരുവായൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കട്ടില്‍മാടം ക്ഷേത്രം. പാതിയില്‍ നിര്‍മ്മാണം നിര്‍ത്തിയ ഒരു ക്ഷേത്രത്തിന്റെ രൂപത്തോടാണ് ഇതിന് ഏറെ സാമ്യം. പല്ലവ-പാണ്ഡ്യ കാലത്തെ നിര്‍മ്മാണ ശൈലിയോട് സാമ്യം തോന്നുന്ന രീതിയില്‍ കേരളത്തില്‍ ആദ്യം നിര്‍മ്മിച്ച ക്ഷേത്രങ്ങളിലൊന്നാണിത്. ഒന്‍പതാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമ ഇടയിലായി നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. ചതുരാകൃതിയില്‍ അടിത്തറയുള്ള ഈ ക്ഷേത്രത്തിന് ഒരു പിരമിഡിന്റെ രൂപത്തോടാണ് സാമ്യം.

pc: ഡോ. അജയ് ബാലചന്ദ്രൻ

 ശ്രീ വസുപൂജ്യസ്വാമി ജെയ്ന്‍ ക്ഷേത്രം

ശ്രീ വസുപൂജ്യസ്വാമി ജെയ്ന്‍ ക്ഷേത്രം

എറണാകുളം എം.ജി റോഡില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വസുപൂജ്യസ്വാമി ജെയ്ന്‍ ക്ഷേത്രം ഒത്തിരിയേറെ കൊത്തുപണികളും അലങ്കാരങ്ങളുമുള്ള ക്ഷേത്രമാണ്. ജൈനമതത്തിലെ പന്ത്രണ്ടാമത്തെ തീര്‍ഥങ്കരനായ ശ്രീ വസുപൂജ്യസ്വാമിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. കൂടാതെ ഇരുവശത്തുമായി പശ്വനാഥ് തീര്‍ഥങ്കരന്റെയും മുനിസുവ്രത് സ്വാമിയുടെയും പ്രതിഷ്ഠകള്‍ ഇതിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നു.

pc:Kamlesh Shah