ഏകാംബരേശ്വർ ക്ഷേത്രം
തമിഴ്നാടിന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള ക്ഷേത്രമാണ് കാഞ്ചീപുരത്തു സ്ഥിതി ചെയ്യുന്ന ഏകാംബരേശ്വർ ക്ഷേത്രം. രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ശിവനാണ് സമർപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾക്കിടയിൽ ഇവിടെ ഭരണത്തിലേറിയ മിക്ക രാജവംശങ്ങളും പുനർനിർമ്മാണം നടത്തിയ ക്ഷേത്രം കൂടിയാണിത്. പല്ലവ രാജാക്കൻമാരുടെ കാലത്ത് അവർ ആ ക്ഷേത്രം മൊത്തത്തിൽ നശിപ്പിച്ച് ഒന്നിൽ നിന്നും തുടങ്ങി പുനർ നിർമ്മിച്ചു. പിന്നീട് ചോള രാജാക്കൻമാരുടെ കാലത്തും നവീകരണങ്ങൾ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്‍റെ ഇന്നു കാണുന്ന രൂപം നിർമ്മിച്ചിരിക്കുന്നത്വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരാണ്. 1509 ൽ ആയിരുന്നു ഈ നിർമ്മാണം നടന്നത്. കഴിഞ്ഞ കാലത്തിൻറെ അടയാളങ്ങളും മഹത്വങ്ങളും അറിയുവാൻ ഇതിലും മികച്ചൊരു ഇടമില്ല.
PC:Ssriram mt
കാമാക്ഷി അമ്മൻ ക്ഷേത്രം
ശക്തിയെ ആരാധിക്കുന്ന പ്രധാന നഗരങ്ങളിൽ ഒന്നാണ് കാഞ്ചിപുരം. എണ്ണം പറഞ്ഞ ശക്തി ക്ഷേത്രമായ കാമാക്ഷി അമ്മൻ ക്ഷേത്രം ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്വർണ്ണം പൂശിയ ക്ഷേത്ര ഗോപുരവും സ്വർണ്ണ രഥവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിലെ കൊത്തുപണികളും ചിത്രങ്ങളും വിട്ടുകളയരുതാത്ത കാഴ്ചകൾ തന്നെയാണ്. അഞ്ച് ഏക്കറോളം വരുന്ന ഭൂമിയിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. ആദിശങ്കരാചാര്യരുടെ ജീവചരിത്രം പറയുന്ന ഒരു ഗാലറിയും ക്ഷേത്രത്തിലുണ്ട്.
PC:SINHA
കൈലാസനാഥർ ക്ഷേത്രം
തമിഴ്നാട്ടിലെ തന്നെ പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചീപുരത്തു സ്ഥിതി ചെയ്യു്ന കൈലാസനാഥർ ക്ഷേത്രം. എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ശിവന് സമർപ്പിക്കപ്പെട്ടവരാണ്. പല്ലവ രാജവംശത്തിലെ രാജസിംഹ പല്ലവന്റെ കാലത്താണ് നിർമ്മാണം ആരംഭിച്ചതെങ്കിലും അദ്ദേഹത്തിന്റെ മകനായ മഹേന്ദ്ര വർമ്മ പല്ലവനാണ് നിർമ്മാണം പൂർത്തിയാക്കിയത്. കലകളോടും നിർമ്മാണ വിദ്യയോടുമുള്ള സ്നേഹത്തിനു പേരുകേട്ടവരാണ് പല്ലവ രാജാക്കൻമാർ.
PC:Ssriram mt
കാഞ്ചി കുടിൽ
കാഞ്ചീപുരത്തെ ആളുകളുടെ ജീവിതം എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കുവാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട ഇടമാണ് കാഞ്ചി കുടിൽ. കുടിൽ എന്നാൽ വീട് എന്നാണർഥം. ഏകദേശം 90 വർഷത്തിനു മുകളിൽ പഴക്കമുള്ള ഈ നിർമ്മിതി കണ്ടാൽ ഇവിടുത്തെ ചരിത്രവും ജീവിതവും വളരെ എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കും.
PC:tshrinivasan
വേടന്താങ്കൽ പക്ഷി സങ്കേതം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പക്ഷികളെ ഒരിടത്ത് കാണമെന്നുണ്ടെങ്കിൽ വേടന്താങ്കൽ പക്ഷി സങ്കേതത്തിലേക്ക് പോകാം. പക്ഷി നിരീക്ഷകരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സ്ഥലമാണ് വേടന്താങ്കൽ പക്ഷി സങ്കേതം. കാഞ്ചീപുരത്തു നിന്നും 48 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പക്ഷി സങ്കേതം കൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പക്ഷികൾ എത്തിച്ചേരുന്ന ഇവിടം 74 ഏക്കർ സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്.
PC:Phoenix bangalore
ദേവരാജസ്വാമി ക്ഷേത്രം
കൊത്തുപണികളുടെയും കലാരൂപങ്ങളുടെയും പേരിൽ പ്രശസ്തമായ ക്ഷേത്രമാണ് ദേവരാജസ്വാമി ക്ഷേത്രം. വിജയനഗര രാജാക്കൻമാർ വിഷ്ണുവിനായി നിർമ്മിച്ചിരിക്കുന്ന ക്ഷേത്രമാണിത്, ഒരിഞ്ചു പോലും വിടാതെ കൊത്തുപണികളാൽ നിറഞ്ഞിരിക്കുന്ന ഇവിടുത്തെ തൂണുകൾ കണ്ടില്ലെങ്കിൽ അതിലും വലിയൊരു നഷ്ടം വരാനില്ല എന്നതാണ് സത്യം.
PC: Gabriele Giuseppini