ജീവിതത്തിൽ ഒരിക്കലെങ്കിലും ലഡാക്കിലൊക്കെ പോയി കറങ്ങണമെന്ന് ആഗ്രഹിക്കാത്ത ഒരു സഞ്ചാരിയും കാണില്ല. മഞ്ഞിൽ പൊതിഞ്ഞ ലേയും മഞ്ഞു മരുഭൂമിയായ നുബ്രാ വാലിയും പിന്നെ കാഴ്ചകളും കഥകളും ഒരുപാടുള്ള പാൻഗോങ് തടാകവും ഒക്കെ കണ്ടുവരാൻ ഒരു കിടിലൻ പാക്കേജുമായി റെയിൽവേ എത്തിയിട്ടുണ്ട്. ബുദ്ധാശ്രമങ്ങളും ചങ്കിൽ കയറിപ്പറ്റുന്ന കാഴ്ചകളും ഒക്കെ ഇതിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റ മാഗ്നിഫിഷൻറ് ലഡാക്ക് എന്ന പാക്കേജ് ഒരുക്കുന്നത് ഒരു സൂപ്പർ പാക്കേജ് ആണെന്നതിൽ ഒരു സംശയവും വേണ്ട

മാഗ്നിഫിഷന്‍റ് ലഡാക്ക്
ഐആർടിസി ടൂറിസത്തിന്റെ ആകർഷകമായ പാക്കേജുകളിൽ ഒന്നാണ് മാഗ്നിഫിഷന്‍റ് ലഡാക്ക്. റൂട്ടിന്റെയോ പാക്കേജിന്റെയോ പ്രത്യോക തയ്യാറെടുപ്പുകളുടെയോ ഒന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ സുരക്ഷിതമായി പോയി വരാൻ സാധിക്കും എന്നതാണ് ഇതിന്‍റെ ആകർഷണം.

ആറു രാത്രിയും ഏഴു പകലും
ഡെൽഹിയിൽ നിന്നും ലേയിലേക്കും അവിടുന്ന് തിരിച്ചും ഫ്ലൈറ്റിൽ വരുവാനുള്ളത് അടക്കം ആറ് രാത്രികളും ഏഴ് പകലുമാണ് പാക്കേജിലുള്ളത്. ലേയിൽ 4 രാത്രികൾ താങ്ങാനുള്ള താമസസൗകര്യം, നുബ്ര വാലി, പാൻഗോങ് എന്നിവിടങ്ങളിൽ ഒരു രാത്രി ടെന്റിൽ താമസിക്കാനുള്ള സൗകര്യം എന്നിവയും പാക്കേജിൽ ഉണ്ട്.

ലേയിൽ തുടങ്ങി നുബ്ര വരെ
ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു യാത്ര പൂർത്തിയാക്കുവാനുള്ള അവസരമാണ് ഐആർസിടിസി ഒരുക്കിയിരിക്കുന്നത്. സഞ്ചാരികളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ലേയിൽ തുടങ്ങി ലഡാക്ക്, ബുദ്ധാശ്രമങ്ങൾ, ഗ്രാമങ്ങൾ, വിചിത്ര സൗന്ദര്യമുള്ള പട്ടണങ്ങൾ, പാൻഗോങ്ങ് തടാക കാഴ്ചകൾ, നുബ്ര താഴ്വരയിലെ കറക്കം എന്നിവയൊക്കെയായി അടിച്ചുപൊളിച്ചൊരു യാത്രയാണ് ഈ പാക്കേജ്. ലഡാക്കിലെ കാഴ്ചകൾ ഏറിയ പങ്കും അനുഭവിക്കുവാൻ ഇതിലൂടെ സാധിക്കും.

ഭക്ഷണം മുതൽ ട്രാവൽ ഇൻഷുറൻസ് വരെ
എല്ലാ വിധ ചിലവുകളും ഉൾപ്പെടുത്തിയാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. എയർപോർട്ടിലേക്കുള്ള വാഹനം (നോൺ എസി), 6 ബ്രേക്ക്ഫാസ്റ്റ്, 6 ലഞ്ച്, 6 ഡിന്നർ, സൈറ്റ് സീയിങ്ങിനുള്ള നോൺ എസി വാഹനം, ഓരോ വാഹനത്തിനും ഒരു ഓക്സിജൻ സിലിണ്ടർ, സ്മാരകങ്ങളിലും മറ്റും പ്രവേശിക്കാനുള്ള ഫീസ്, ട്രാവൽ ഇൻഷുറൻസ്, പെർമിറ്റുകൾ, ജിഎസ്ടി, മറ്റ് നികുതികൾ എല്ലാം ഇതിലുൾപ്പെടും.
ചാർജ് 38,300 രൂപ മുതലാണ് ഒരാള്‍ക്കുള്ള താരിഫ് നിരക്ക്.

തിയ്യതി
17 യാത്രികരും ഒരു ടൂർ മാനേജറും ഉൾപ്പെടെ 18 പേരാണ് ഒരു സംഘത്തിലുണ്ടാവുക. ഓഗസ്റ്റ് 26ന് മുംബൈയിൽ നിന്നും ഡെൽഹിയിലേക്കും അവിടുന്ന് ലേയിലേക്കും പോകും. തിരിച്ച് സെപ്റ്റംബർ ഒന്നിന് ലേയിൽ നിന്നും ഡെൽഹിയിലേക്കും ഡെൽഹിയിൽ നിന്നും മുംബൈയിലേക്കും വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ശ്രദ്ധിക്കുവാൻ
അഞ്ച് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളും 70 വയസ്സിനു മുകളിലുള്ളവരും യാത്രയിൽ പങ്കെടുക്കാതിരിക്കുകയായിരിക്കും നല്ലത്. താല്പര്യമുണ്ടെങ്കിൽ സ്വന്തം റിസ്കിൽ പോകുന്നതിന് തടസ്സമില്ല, യാത്ര ചെയ്യുവാൻ ഫിറ്റ് ആണ് എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കരുതേണ്ടതാണ്.