» »വിശ്വാസത്തെ ചോദ്യം ചെയ്യുന്ന താന്ത്രിക ക്ഷേത്രങ്ങള്‍

വിശ്വാസത്തെ ചോദ്യം ചെയ്യുന്ന താന്ത്രിക ക്ഷേത്രങ്ങള്‍

Written By:

ഭാരതത്തിലെ ആത്മീയ ശാഖകളിൽ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ ഇന്ന് തീർത്തും അവഗണിക്കപ്പെട്ടു കിടക്കുന്നതുമായ ഒന്നാണ് താന്ത്രിക വിദ്യകൾ. ഏറെ ദുരൂഹമായി നിലകൊള്ളുന്നതിനാൽ തന്നെ ആളുകൾക്ക് അല്പം അകലെ നിന്നു മാത്രം കാണുവാനും അറിയുവാനും ആഗ്രഹിക്കുന്നവയാണ് ഇതുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങൾ. ഏറെ സംശയത്തോടെയും ഭക്തിയേക്കാൾ അധികം ഭയത്തോടുകൂടിയും ആളുകൾ അറിയാൻ താല്പര്യപ്പെടുന്ന താന്ത്രിക ക്ഷേത്രങ്ങളെക്കുറിച്ച് അറിയപ്പെടാത്ത പല വസ്തുതകളുമുണ്ട്.
വേദങ്ങളുടെ പ്രായോഗിക വശങ്ങളെ ഉപയോഗിച്ചുള്ള താന്ത്രിക ആരാധനകളും രീതികളും ശക്തി, ശിവൻ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
ഭാരതത്തിലെ പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രങ്ങൾ പരിചയപ്പെടാം...

വൈറ്റാൽ ക്ഷേത്രം, ഭുവനേശ്വർ, ഒറീസ്സ

വൈറ്റാൽ ക്ഷേത്രം, ഭുവനേശ്വർ, ഒറീസ്സ

ഒറീസ്സയിലെ ഭുവനേശ്വറിലുള്ള വൈറ്റാൽ ക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട താന്ത്രിക ക്ഷേത്രമാണ്. താന്ത്രിക വിദ്യകളുടെയും ശക്തികളുടെയും ഏറ്റവും ഉയർന്ന ക്ഷേത്രമായാണ് ഇതിനെ കണക്കാക്കുന്നത്. കാളി ദേവിയെ ചാമുണ്ഡയായാണ് ഇവിടെ ആരാധിക്കുന്നത്. തലയോട്ടികൊണ്ടുണ്ടാക്കിയ മാല ധരിച്ച് മൃതദേഹത്തിന്റെ മുകളിൽ ചവിട്ടി കലിപൂണ്ട് നിൽക്കുന്ന രൂപത്തിൽ ചാമുണ്ഡയെ ക്ഷേത്രത്തിന്റെ ഉള്ളിൽ കാണുവാൻ സാധിക്കും.
മൂന്നു സ്തൂപികാ ശിഖരങ്ങളുള്ള വളരെ അപൂര്‍വ്വമായ ഒരു നിർമ്മിതിയാണ് ഈ ക്ഷേത്രത്തിനുള്ളത്. ഇത് ചാമുണ്ഡയുടെ മൂന്നു ശക്തി രൂപങ്ങളായ മഹാസരസ്വരി,മഹാലക്ഷ്മി, മഹാകാളി എന്നിവരെ സൂചിപ്പിക്കുന്നു എന്നാണ് വിശ്വാസം.

PC:Prateek Pattanaik

കാളി ഘട്ട് കാളി ക്ഷേത്രം

കാളി ഘട്ട് കാളി ക്ഷേത്രം

കാളി ദേവിയുടെ 51 ശക്തി പീഠങ്ങളിലൊന്നായി അറിയപ്പെടുന്ന പ്രശസ്തമായ ക്ഷേത്രമാണ് കൽക്കത്തിയിലെ കാളിഘട്ട് കാളി ക്ഷേത്രം. താന്ത്രിക വിദ്യയിൽ താല്പര്യമുള്ളവരും ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരും സന്ദർശിക്കുന്ന പ്രധാന തീർഥാചന കേന്ദ്രങ്ങളിൽ ഒന്നായതിനാൽ വർഷം മുഴുവനും ഇവിടെ തിരക്ക് അനുഭവപ്പെടാറുണ്ട്.
ശിവന്റെ രുദ്രതാണ്ഡവത്തിന്റെ ഫലമായി സതി ദേവിയുടെ ശരീരം 5 1 ഭാഗങ്ങളായി ഭൂമിയിൽ പതിച്ചുവത്രെ. അതിൽ ദേവിയുടെ വലതു കാലിലെ വിരലുകൾ വന്നു പതിച്ച സ്ഥലമായാണ് കാളിഘട്ട് അറിയപ്പെടുന്നത്.
മൃഗബലിയുടെ പേരിൽ വാർത്തകളിൽ ഏറെ ഇടം നേടിയ ഒരു ക്ഷേത്രം കൂടിയാണിത്. ദേവിയുടെ പ്രീതിയ്ക്കായി ആടുകളെയാണ് ഇവിടെ ബലി നല്കാറുള്ളത്.

PC:Thomas Prinsep - British Library

 ബാജിനാഥ് ക്ഷേത്രം, ഹിമാചൽപ്രദേശ്

ബാജിനാഥ് ക്ഷേത്രം, ഹിമാചൽപ്രദേശ്

ശിവനെ ആരാധിക്കുന്ന ഏറെ പ്രശസ്തമായ താന്ത്രിക ക്ഷേത്രങ്ങളിലൊന്നാണ് ഹിമാചൽ പ്രദേശിലെ ബാജിനാഥ് താന്ത്രിക ക്ഷേത്രം. ഐതിഹ്യമനുസരിച്ച് തേത്രാ യുഗത്തിൽ തനിക്ക് കൂടുതൽ ശക്തിയും വരങ്ങളും ലഭിക്കാനായി രാവണൻ ശിവനെ തപസ്സു ചെയ്തുവത്രെ. കൈലാസത്തിൽ വെച്ചു നടത്തിയ തപത്തിൽ ശിവൻ പ്രത്യക്ഷപ്പെടാനായി രാവണൻ തന്റെ പത്തു തലകളും സമർപ്പിക്കാൻ തയ്യാറായി. ഇത്രയധികം ഭക്തിയും സമർപ്പണവും കണ്ട ശിവൻ രാവണന്റെ പത്തു തലകളും തിരികെ നല്കുകകയും അമർത്യതയും അപ്രത്യക്ഷനാകുവാനുള്ള വരവും നല്കുകയും ചെയ്തു. പിന്നീട് ശിവനോട് തന്റെ ഒപ്പം ലങ്കയിലേക്ക് വരണനെന്ന് രാവണൻ അപേക്ഷിക്കുകയും ശിവലിംഗത്തിന്റെ രൂപത്തിൽ ശിവൻ രാവണനൊപ്പം ലങ്കയിലേക്ക് യാത്രയാവുകയും ചെയ്തു. യാത്രയ്ക്കിടയിൽ നിലത്തു വച്ചാൽ അത് അവിടെ ഉറയ്ക്കുമെന്ന് ശിവൻ രാവണനു മുന്നറിയിപ്പ് നല്കി. ബാജിനാഥിലെത്തിയപ്പോൾ ദാഹം അനുഭവപ്പെട്ട രാവണൻ അവിടെ കണ്ട കൊച്ചു കുട്ടിയുടെ കൈവശം ശിവലിംഗം ഏൽപ്പിച്ച് വെള്ളം കുടിക്കുവാൻ പോയി. എന്നാൽ ബാലരൂപത്തിലെത്തിയ ഗണപതി ആ വിഗ്രഹം നിലത്തു വയ്ക്കുകയും അത് അവിടെ ഉറയ്ക്കുകയും ചെയ്തു. ആ സ്ഥലത്താണ് ഇന്നു കാണുന്ന ബാജിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Rakeshkdogra

കാമാഖ്യാ ക്ഷേത്രം ഗുവാഹത്തി, ആസാം

കാമാഖ്യാ ക്ഷേത്രം ഗുവാഹത്തി, ആസാം

താന്ത്രിക വിദ്യകളുടെയും ആചാരങ്ങളുടെയും കേന്ദ്രമായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണ് ആസാമിലെ ഗുവാഹത്തിയിൽ സ്ഥിതി ചെയ്യുന്ന കാമാഖ്യാ ക്ഷേത്രം. ഗുവാഹത്തിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നീലാചല്‍ എന്ന മലമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തി‌ലെ യോനി ‌പ്രതിഷ്ഠയും ആര്‍ത്തവ നാളുകളിലെ ആഘോഷവുമാണ് ഈ ക്ഷേത്രത്തെ പ്രശസ്തമാക്കുന്നത്. ക്ഷേത്രത്തിലെ ചെറിയ ഒരു ഗുഹയ്ക്കുള്ളി‌ലെ ഒരു കല്ലിനേയാണ് യോനിയായി സങ്കല്‍പ്പിച്ചിരിക്കുന്നത്.
താന്ത്രികാരാധനയുടെ കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ചുവ‌ന്ന പൂക്കളും ചുവന്ന ചാന്തുമാണ് ഇവിടെ പൂജയ്ക്ക് ഉപയോഗിക്കുന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അസമീസുകള്‍ മാത്രമല്ലാ ഇന്ത്യയ്ക്ക് അകത്ത് നിന്നും അയല്‍ രാജ്യങ്ങളായ നേ‌പ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ഇവിടെ ആളുകള്‍ എത്താറുണ്ട്. കാമാ‌ഖ്യ ദേവിയുടെ ആര്‍ത്തവ നാളുകള്‍ എന്ന് വിശ്വസിക്കപ്പെടുന്ന സമയത്താണ് ഇവിടെ ആഘോഷം നടത്തപ്പെടുന്നത്. അമ്പുബാച്ചി മേള എന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്.

PC: Raymond Bucko, SJ

ഏക് ലിംഗ് ജി ക്ഷേത്രം, രാജസ്ഥാൻ

ഏക് ലിംഗ് ജി ക്ഷേത്രം, രാജസ്ഥാൻ

രാജസ്ഥാനിലെ ഉദയ്പൂരിലാണ് ശിവന് സമർപ്പിച്ചിരിക്കുന്ന ഏക് ലിംഗ് ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലു മുഖങ്ങളുള്ള സിവന്റെ അപൂർവ്വവും മനോഹരവുമായ പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രത്യേകത. എഡി 734 ൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം താന്ത്രിക വിദ്യകളിൽ താല്പര്യമുള്ളവർ സന്ദർശിക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നുകൂടിയാണ്. ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.

PC:Dennis Jarvis

ലക്കിംപൂർ നർമദേശ്വർ ക്ഷേത്രം, ഉത്തർപ്രദേശ്

ലക്കിംപൂർ നർമദേശ്വർ ക്ഷേത്രം, ഉത്തർപ്രദേശ്

മണ്ഡൂക് മന്ദിർ എന്നറിയപ്പെടുന്ന നർമദേശ്വർ ക്ഷേത്രം ഉത്തർപ്രദേശിലെ ലക്കിംപൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു തവള അതിന്റെ പുറത്ത് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വഹിച്ചിരിക്കുന്ന രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് കാണുന്ന തവളയുടെ രൂപം ആരെയും ക്ഷേത്രത്തിനുള്ളിലേക്ക ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല. തവളയുടെ രൂപത്തിന് പിന്നിലായാണ് ശിവന്റെ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത്.
എട്ടുദളങ്ങളുള്ള താമരയുടെ രൂപവും ഇവിടെ കാണാന്‍ സാധിക്കും. കൂടാതെ ഇവിടുത്തെ ചുവരുകള്‍ അലങ്കരിച്ചിരിക്കുന്നത് താന്ത്രിക് ദൈവങ്ങളുടെ ചിത്രങ്ങളുടെ കൊത്തുപണികള്‍ കൊണ്ടാണ്
ഇവിടെ വന്ന് പ്രാര്‍ഥിച്ചാല്‍ ഭാഗ്യവുപം സമ്പത്തും ഐശ്വര്യവും ലഭിക്കുമെന്ന വിശ്വസിക്കുന്ന ഒട്ടേറെപ്പേര്‍ ഇവിടെ എത്താറുണ്ട്

PC: Abhi9211

ബാലാജി ക്ഷേത്രം, രാജസ്ഥാൻ

ബാലാജി ക്ഷേത്രം, രാജസ്ഥാൻ

ഭൂത പ്രേത ശ്ക്തികളെ മനുഷ്യശരീരത്തിൽ നിന്നും മറ്റും ഉച്ചാടനം ചെയ്യുന്നതിലൂടെ പ്രശസ്തമായ ക്ഷേത്രമാണ് രാജസ്ഥാനിലെ മെഹന്ദിപ്പൂരിൽ സ്ഥിതി ചെയ്യുന്ന ബാലാജി ക്ഷേത്രം.
രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉച്ചാടന പ്രവർത്തനങ്ങൾക്കായി വിശ്വാസികൾ ഇവിടെ എത്താറുണ്ടത്രെ.


PC:wikipedia

 ഖജുരാഹോ ക്ഷേത്രം, മധ്യപ്രദേശ്

ഖജുരാഹോ ക്ഷേത്രം, മധ്യപ്രദേശ്

കല്ലുകളിൽ കാമസൂത്ര കൊത്തിവെച്ചിരിക്കുന്ന ക്ഷേത്രം എന്ന നിലയിൽ ഏറെ പ്രശസ്തമാണ് മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രം. ക്ഷേത്രത്തിന്റെ പുറത്തെ ചുവരുകളിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും രതിക്രീഡകൾ കൊത്തിവെച്ചിരിക്കുന്ന ഇവിടം കാമസൂത്ര ക്ഷേത്രം എന്നും അറിയപ്പെടുന്നു. എന്നാൽ താന്ത്രിക വിദ്യയുമായി ഖജുരാഹോ ക്ഷേത്രത്തിനുള്ള ബന്ധം അറിയുന്നവർ തീരെ കുറവാണ്. താന്ത്രിക ആരാധനയുടെ ഭാഗമായാണ് രതിശി‌ൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

PC: Liji Jinaraj

കാല ഭൈരവ് ക്ഷേത്രം, ഉജ്ജയിനി

കാല ഭൈരവ് ക്ഷേത്രം, ഉജ്ജയിനി

പുരാതന ഹിന്ദു സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ സ്ഥിതി ചെയ്യുന്ന താന്ത്രിക ക്ഷേത്രങ്ങളില്‍ ഒന്നാണ് ഉജ്ജയിനിയിലെ കാല ഭൈരവ് ക്ഷേത്രം. താന്ത്രിക സംസ്‌കാരവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്.
സംഹാര രൂപത്തില്‍ കോപിഷ്ഠനായി നില്‍ക്കുന്ന ശിവന്റെ കാലഭൈരവ രൂപത്തിലുള്ള അവതാരത്തെയാണ് ഇവിടെ ആരാധിക്കുന്നത്. ഉജ്ജെയിന്‍ നഗരത്തിന്റെ കാവല്‍ക്കാരനായാണ് കാല ഭൈരവന്‍ അറിയപ്പെടുന്നത്. നഗരത്തിന്റെ സേനാപതി എന്നും കാലഭാരവനെ വിശേഷിപ്പിക്കാറുണ്ട്.
താന്ത്രിക ക്ഷേത്രമായതിനാല്‍ തന്നെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ആചാരങ്ങളും പൂജകളും ആണ് ഇവിടെ കാണുവാന്‍ സാധിക്കുക. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മദ്യം വഴിപാടായി സമര്‍പ്പിക്കുന്നത്

PC:K.vishnupranay

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...