» »പണ്ട് പണ്ട്...ലോകം ഭരിച്ചിരുന്ന ഇടങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ!

പണ്ട് പണ്ട്...ലോകം ഭരിച്ചിരുന്ന ഇടങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ!

Written By: Elizabath

പണ്ട് പണ്ട്...ലോകം ഭരിച്ചിരുന്ന ഇടങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ!
ഒരിക്കല്‍ ആളും ആരവവും നിറഞ്ഞിരുന്ന ഇടങ്ങള്‍... എന്തിനും ഏതിനും ജനങ്ങളുണ്ടായിരുന്ന സ്ഥലം... എന്നാല്‍ അവിടം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പ്രേതഭവനങ്ങള്‍ പോലെ അനാഥമാക്കപ്പെട്ട,
ആരും നോക്കാനില്ലാതെ കിടക്കുന്ന കുറച്ച് സ്ഥലങ്ങള്‍... ചരിത്രത്തില്‍ ഇടം നേടിയെങ്കിലും ആളുകളാല്‍ ഉപേക്ഷിക്കപ്പെട്ട അപൂര്‍വ്വ സ്ഥലങ്ങളുടെ വിശേഷങ്ങള്‍..

ഉനകോട്ടി, തൃപുര

ഉനകോട്ടി, തൃപുര

ജനങ്ങള്‍ താമസിക്കാത്ത, ഇതുവരെയും അധികമൊന്നും സഞ്ചാരികള്‍ എത്തിയിട്ടില്ലാത്ത, പ്രദേശവാസികള്‍ക്കു പോലും അന്യമായ സ്ഥലമാണ് തൃപുരയിലെ ഉനകോട്ടി എന്ന സ്ഥലം.
ഉനകോട്ടി എന്ന ബംഗാളി വാക്കിന് ഒരു കോടിയ്ക്ക് ഒന്നു കുറവ് എന്നാണ് അര്‍ഥം. അതായത് 99,99,999 എന്ന സംഖ്യയെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
99,99,999 കല്ലില്‍ കൊത്തിയ ശിവരൂപങ്ങള്‍ ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം

ശിവശാപമേറ്റു എന്ന് വിശ്വസിക്കപ്പെടുന്ന ഉനകോട്ടിയുടെ അപൂര്‍വ്വ വിശേഷങ്ങള്‍ അറിയാം..

PC:Shivam22383

ഹംപി, കര്‍ണ്ണാടക

ഹംപി, കര്‍ണ്ണാടക

ഒരിക്കല്‍ വിജയനഗര രാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്ന ഹംപി ഇന്ന് കല്ലുകള്‍ കഥ പറയുന്ന ഒരു നഗരമാണ്. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും സമ്പന്നവും സന്തുഷ്ടരുമായ ജനങ്ങള്‍ താമസിച്ചിരുന്ന സ്ഥലമാണ് ഇവിടമെന്ന് ഒരിക്കലെങ്കിലും ഹംപി കണ്ടിട്ടുള്ളവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും അധികം ആളുകള്‍ താമസിച്ചിരുന്ന സ്ഥലം കൂടിയായിരുന്നു ഇവിടം. ഇപ്പോള്‍ യുനസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ഹംപി സഞ്ചാരികളുടെ ഇഷ്ടസ്ഥലം കൂടിയാണ്.

കാഴ്ചകളുടെ വിസ്മയം തീര്‍ക്കുന്ന ഹംപി

PC:ShivaRajvanshi

 റോസ് ഐലന്‍ഡ്, ആന്‍ഡമാന്‍

റോസ് ഐലന്‍ഡ്, ആന്‍ഡമാന്‍

ഒരു കാലത്ത് കിഴക്കിന്റെ പാരീസ് എന്നറിയപ്പെട്ടിരുന്ന റോസ് ഐലന്‍ഡ് ഇന്ന് ആന്‍ഡമാനിലെ പ്രേത നഗരമായാണ് അറിയപ്പെടുന്നത്.
1941 ല്‍ ഇവിടെ ഉണ്ടായ ഒരു ഭൂമികുലുക്കത്തെത്തുടര്‍ന്നാണ് ഇന്നു കാണുന്ന രീതിയില്‍ ഈ ദ്വീപ് ഒറ്റപ്പെട്ടും ആല്‍പ്പാര്‍പ്പില്ലാതെയും മാറിയത്
ഡാനിയേല്‍ റോസ് എന്ന് പേരുള്ള മറൈന്‍ സര്‍വേയറുടെ പേരില്‍ നിന്നാണ് ഈ ദ്വീപിന് റോസ് ദ്വീപ് എന്ന പേരുണ്ടായത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ത്യാഗ സ്മരണകള്‍ ഇരമ്പുന്ന ഒരു സ്ഥലം കൂടിയാണ് ഇവിടെ. സ്വാതന്ത്ര്യ സമരത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ടവര്‍ നിര്‍മ്മിച്ച നിര്‍വധി കെട്ടിടങ്ങള്‍ ഇവിടെയുണ്ടായിരുന്നു.

റോസ് ദ്വീപിന്റെ മരണം; അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ


PC:Stefan Krasowski

ചിക്താന്‍, ലഡാക്ക്

ചിക്താന്‍, ലഡാക്ക്


ഡ്രാക്കുളയുടെ കൊട്ടാരത്തിന്റെ ഇന്ത്യന്‍ വേര്‍ഷന്‍ എന്നറിയപ്പെടുന്ന കോട്ടയാണ് ലഡാക്കിലെ ചിക്താന്‍. ഒരു വലിയ കുന്നിന്റെ മുകളില്‍ മുറിഞ്ഞ നിലയില്‍ കാണപ്പെടുന്ന ഈ കോട്ട പതിനാറാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടത്. ഇത്രയും വലിയൊരു കുന്നിന്റെ മുകളില്‍ 9 നിലകളിലായാണ് ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് ഏറെക്കുറെ നശിപ്പിക്കപ്പെട്ട നിലയിലാണ് ഈ കോട്ടയുള്ളത്. ഒരു കാലത്ത് കോട്ടയിലും താഴ് വാരത്തുമായി ആളുകള്‍ താമസിച്ചിരുന്നെങ്കിലും ഇന്ന ഇവിടം ഒറ്റപ്പെട്ട നിലയിലാണ്.

 ധനുഷ്‌കോടി

ധനുഷ്‌കോടി

സുനാമിയും ചുഴലിക്കാറ്റും എല്ലാം കൂടി ഒരിക്കല്‍ തകര്‍ത്തറിയഞ്ഞ തമിഴ്‌നാട്ടിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് ധനുഷ്‌കോടി.
ധനുഷ്‌കോടിയുടെ ഇന്നു കാണുന്ന ഉപേക്ഷിക്കപ്പെട്ട അവസ്ഥയ്ക്ക് കാരണമായത് 1964 ഡിസംബറില്‍ വീശിയ ചുഴലിക്കൊടുങ്കാറ്റാണ്. ഡിസംബര്‍ 22ന് ആരംഭിച്ച മഴയും കടല്‍ ക്ഷോഭവും അവസാനിച്ചത് ധനുഷ്‌കോടിയിലെ ജീവന്റെ ശേഷിപ്പുകളെ എടുത്തുകൊണ്ടായിരുന്നു.
തകര്‍ന്ന റെയില്‍വേ ലൈനുകളും ആളൊഴിഞ്ഞ കെട്ടിടങ്ങളും മരുഭൂമി പോലെ കിടക്കുന്ന സ്ഥലങ്ങളും ഒക്കെ ചേര്‍ന്ന് ധനുഷ്‌കോടിക്ക് നല്കുന്നത് ഒരു പ്രേതനഗരത്തിന്റെ മട്ടും ഭാവവുമാണ്.
ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നു എന്നു വിശ്വസിക്കുന്ന രാമസേതു ഇവിടെയാണ് ഉണ്ടായിരുന്നത്.

PC:rajaraman sundaram

കാലവന്തിന്‍ ദുര്‍ഗ്

കാലവന്തിന്‍ ദുര്‍ഗ്

പശ്ചിമഘട്ടത്തോട് ചേര്‍ന്ന് മഹാരാഷ്ട്രയില്‍ മുംബൈക്ക് സമീപമാണ് കാലവന്തിന്‍ ദുര്‍ഗ് സ്ഥിതി ചെയ്യുന്നത്.
500 ബി സിക്ക് മുന്‍പ് ബുദ്ധന്റെ കാലഘട്ടത്തില്‍ തന്നെ ഈ കോട്ട ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ചെങ്കുത്തായ പര്‍വ്വതശിഖരത്തിന്റെ മുകള്‍ തട്ടില്‍ 700 മീറ്റര്‍ ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. സ്റ്റെപ്പുകള്‍ കയറി വേണം ഈ കോട്ടയില്‍ എത്താന്‍. ലോകത്തിലെ തന്നെ കയറുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കോട്ടകളില്‍ ഒന്നാണിത്.

PC: rohit gowaikar

കുല്‍ധാര രാജസ്ഥാന്‍

കുല്‍ധാര രാജസ്ഥാന്‍

ഒരു കാലത്ത് രാജസ്ഥാനിലെ ഏറ്റവും സമ്പന്നമായ സ്ഥലങ്ങളില്‍ ഒന്നായിരുന്നുവത്രെ കുല്‍ധാര. മുന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറ്റരാത്രി കൊണ്ട് ഇവിടുത്തെ ഗ്രാമം ഒറ്രയടിക്ക് അപ്രത്യക്ഷമായെന്നാണ് കരുതപ്പെടുന്നത്.
പലിവാല്‍ എന്ന വിഭാഗത്തില്‍ പെട്ട ബ്രാഹ്മണന്‍മാര്‍ ആയിരുന്നു ഇവിടുത്തെ താമസക്കാര്‍. രാജ്യത്തിന്റെ നിയമമനുസരിച്ച് മന്ത്രിയായ സലിം സിങ്ങിന് ഇവര്‍ നികുതി നല്‌കേണ്ടതുണ്ടായിരുന്നു. ഒരിക്കല്‍ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമത്തിന്റെ നികുതി വര്‍ധിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാനായി കുല്‍ധാര ഗ്രാമം അടുത്തുള്ള 84 ഗ്രാമങ്ങളോടും ചേര്‍ന്ന് ഇരുട്ടിവെളുക്കുന്നതിനു മുന്‍പ് ഇവിടം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്.
എന്തുതന്നെയായാലും ഇപ്പോള്‍ ഇവിടം ആള്‍ത്താമസമില്ലാത്ത ഒരിടമാണ്.

ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഗ്രാമം

PC: Suman Wadhwa

ഭാംഗഡ് ഫോര്‍ട്ട്

ഭാംഗഡ് ഫോര്‍ട്ട്

രാജസ്ഥാനിലെ മരുഭുമിയില്‍ സ്ഥിതി ചെയ്യുന്ന ഭംഗഡ് ഫോര്‍ട്ട് ആളുകള്‍ ഉപേക്ഷിട്ട ഒരിടമാണ്. ഒരുകാലത്ത് ഒട്ടേറെ ആളുകള്‍ വസിച്ചിരുന്ന ഇവിടം ഇന്ന് ആളുകള്‍ കടന്നുചെല്ലാന്‍ പോലും മടിക്കുന്ന സ്ഥലമാണ്.

കോട്ടയും കോട്ടയോടു ചേര്‍ന്നുള്ള സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് രാത്രികാലങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്ന് പറഞ്ഞ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സൂര്യോദയത്തിനു മുന്‍പും ശേഷവും ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് കോട്ടയുടെ ഭീകരത മനസ്സിലാവുക.

PC: Shahnawaz Sid

മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം

മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം

ജമ്മു കാശ്മീരിലെ അനന്തനാദ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം കാര്‍ക്കോത്ത രാജവംശം സൂര്യദേവനായി നിര്‍മ്മിച്ച ക്ഷേത്രമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍
ഇസ്ലാമിക് ഭരണാധികാരിയായിരുന്ന സിക്കന്ദര്‍ ബുട്ഷികന്‍ ഇവിടെ ആക്രമിക്കുകയുണ്ടായി. അന്ന നശിപ്പിക്കപ്പെട്ട നിലയില്‍ തന്നെയാണ് ക്ഷേത്രം ഇപ്പോളും കാണപ്പെടുന്നത്. മുഴുവനായും ചിതറിയ നിലയിലാണ് ഇതുള്ളത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണിത്.

PC:Varun Shiv Kapur

ഗണ്ടിക്കോട്ട

ഗണ്ടിക്കോട്ട

ഒരു കാലത്ത് നദിയും കോട്ടയും ഒക്കെയായി ആളുകള്‍ വസിച്ചിരുന്ന ഗണ്ടിക്കോട്ട
ഇന്ത്യന്‍ വേര്‍ഷന്‍ ഓഫ് ഗ്രാന്‍ഡ് കാന്യന്‍ എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രങ്ങളും ഇസ്ലാമിക് ആരാധനാലയങ്ങളും കാണപ്പെടുന്ന ഇവിടം പെണ്ണാര്‍ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. ചാലൂക്യ രാജവംശത്തില്‍ പെട്ട കാപ്പ രാജാവാണ് ഈ കോട്ട പണികഴിപ്പിച്ചത്.

ഇന്ത്യയിലും ഒരു ഗ്രാന്‍ഡ് കാന്യന്‍

PC: solarisgirl

ഫത്തേപൂര്‍ സിക്രി, ആഗ്ര

ഫത്തേപൂര്‍ സിക്രി, ആഗ്ര

പതിനാറാം നൂറ്റാണ്ടില്‍ അക്ബര്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ഫത്തേപൂര്‍ സിക്രി കൊട്ടാരങ്ങളും ആരാധനാലയങ്ങളും പൂന്തോട്ടങ്ങളുമൊക്കെയായി വളരെ മനോഹരമായ ഒരു നിര്‍മ്മിതിയാണ്. പിന്നീട് ഇവിടം ആളുകള്‍ ഉപേക്ഷിച്ചെങ്കിലും ഇപ്പോള്‍ സഞ്ചാരികള്‍ക്കായി ഇവിടം തുറന്നുകൊടുത്തിട്ടുണ്ട്.

PC: flickr

 നളന്ദ സര്‍വ്വകലാശാല

നളന്ദ സര്‍വ്വകലാശാല

പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയ്ക്കും മുന്നില്‍ നിലവില്‍ വന്ന നളന്ദ സര്‍വ്വകലാശാല ഒരുകാലത്ത് ഇന്ത്യയുടെ അതിശയങ്ങളില്‍ ഒന്നായിരുന്നു.
ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര റസിഡന്‍ഷ്യന്‍ സര്‍വ്വകലാശാലയായിരുന്ന നളന്ദ അക്കാലത്തെ ഏറ്റവും വലിയ ബുദ്ധമത വൈജ്ഞാനിക കേന്ദ്രം കൂടിയായിരുന്നു. അഞ്ചാം നൂറ്റാണ്ടില്‍ ഗുപ്ത രാജാക്കന്‍മാരാല്‍ സ്ഥാപിക്കപ്പെട്ട ഈ സര്‍വ്വകലാശാല ലോകത്തിലെ ആദ്യത്തെ മഹദ്‌സര്‍വ്വകലാശാലയും ആയിരുന്നു. എന്നാല്‍ വളരെ പെട്ടന്നാണ് സര്‍വ്വകലാശാല നശിപ്പിക്കപ്പെട്ടത്.

അടിമവംശത്തിലെ രാജാവായിരുന്ന കുത്തബ്ബുദ്ദീന്‍ ഐബക്കിന്റെ സൈന്യാധിപന്‍മാരിലൊരാളായ മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജി സര്‍വ്വകലാശാല അക്രമിച്ചു കീഴടക്കുകയും തീവെക്കുകയും ചെയ്തു. 1193 ലാണ് ഇത് സംഭവിക്കുന്നത്.
അതിനുശേഷം പിന്നീട് ഇവിടം പൂര്‍ണ്ണമായുമ ഉപേക്ഷിക്കപ്പെട്ട നിലയിലായി.

നളന്ദ സര്‍വ്വകലാശാലയുടെ നാശത്തിന് പിന്നില്‍ ആരാണെന്ന് അറിയുമോ?

PC:myself

ബതേശ്വര്‍ ക്ഷേത്രം

ബതേശ്വര്‍ ക്ഷേത്രം

25 ഏക്കര്‍ സ്ഥലത്തായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇരുന്നൂറോളം ക്ഷേത്രങ്ങളുടെ കൂട്ടമാണ് ബതേശ്വര്‍ ക്ഷേത്രം എന്നറിയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രങ്ങള്‍ ശിവനും വിഷ്ണുവിനുമായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഏറെക്കുറെ ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടം കുറച്ചു കാലം മുന്‍പ് വരെ പൊതപജനങ്ങള്‍ക്ക് അന്യമായ ഇടമായിരുന്നു. സാമൂഹീക വിരുദ്ധരും കൊള്ളക്കാരുമായിരുന്നു ഇവിടുത്തെ താമസക്കാര്‍.
മധ്യപ്രദേശില്‍ ഗ്വാളിയാറില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മൊറേന എന്ന സ്ഥലത്താണ് ഈ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

PC:Varun Shiv Kapur

 മലൂട്ടി ക്ഷേത്രങ്ങള്‍

മലൂട്ടി ക്ഷേത്രങ്ങള്‍

ജാര്‍ഘണ്ഡിലെ മലൂട്ടി ഗ്രാമത്തിലെ പ്രധാന ആകര്‍ഷണമാണ് എഴുപത്തിരണ്ടോളം വരുന്ന കളിമണ്ണില്‍ തീര്‍ത്ത ക്ഷേത്രങ്ങള്‍. 17-ാം നൂറ്റാണ്ടിനും 19-ാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രങ്ങള്‍ മിക്കവയും ഇന്ന് നശിപ്പിക്കപ്പെട്ട നിലയിലാണ്.

PC:Moongo.in

ഐഹോളെ

ഐഹോളെ

ഭാരതീയ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന സ്ഥലമാണ് കര്‍ണ്ണാടകയിലെ ഐഹോള.
ചാലൂക്യന്മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച അതിശയിപ്പിക്കുന്ന ശില്‍പകലകളുള്ള ക്ഷേത്രങ്ങളാണ് ഐഹോളെയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.
കുറേക്കാലത്തോളും മറഞ്ഞുകിടന്നിരുന്ന ഇവിടം വളരെ പെട്ടന്നാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായി തീര്‍ന്നത്.

PC:flickr

ലാഘ്പത് ഗുജറാത്ത്

ലാഘ്പത് ഗുജറാത്ത്

ഗുജറാത്തിലെ കച്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ലാഘ്പത് പാരമ്പര്യസ്മരണകള്‍ ഏറെ ഉണര്‍ത്തുന്ന ഒരിടമാണ്. ലക്ഷപ്രഭുക്കളുടെ നഗരം എന്നറിയപ്പെടുന്ന ഇവിടം ഒരു പ്രേതനഗരം കൂടിയാണ്. ഒരു കാലത്ത് വളരെ പ്രധാനപ്പെട്ട വാണിജ്യപ്രാധാന്യമുള്ള നഗരമായിരുന്ന ഇവിടം ഗുജറാത്തിനെയും സിന്ധിനെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഇടം കൂടിയായിരുന്നു. പിന്നീട് എപ്പോഴോ ഉണ്ടായ ഭൂമികുലുക്കത്തില്‍ സിന്ധു നദിയുടെ ദിശ മാറുകയും ആ നഗരം നശിച്ചുതുടങ്ങുകയും ചെയ്തു. ഗുരു നാനാക്ക് ഇവിടെം സന്ദര്‍ഷിച്ചു എന്നൊരു വിശ്വാസവും ഉണ്ട്.

PC:Nizil Shah

ഗാഡ് ഗുന്ദര്‍

ഗാഡ് ഗുന്ദര്‍

1180 ല്‍ മധ്യപ്രദേശിലെ ടിക്കംഗഡിനു സമീപം നിര്‍മ്മിക്കപ്പെട്ട ഗ്രാമമാണ് ഗാഡ് ഗുന്ദര്‍. ഇവിടുത്തെ കോട്ടയുടെ പേരിലാണ് സ്ഥലപ്പേര് എങ്കിലും ചരിത്രത്തില്‍ ഒരിക്കലും ഇടംപിടിക്കാത്ത ഒരിടമായിരുന്നു ഇത്. രണ്ട് ക്ഷേത്രങ്ങളുള്ള ഈ കോട്ട കാലക്രമത്തില്‍ ആളുകളാല്‍ ഉപേക്ഷിക്കപ്പെടുകയും പിന്നീട് ഇന്നു കാണുന്ന രൂപത്തില്‍ എത്തുകയും ചെയ്തു.

PC:Rajibnandi

ചമ്പനീര്‍പാവഗഢ്

ചമ്പനീര്‍പാവഗഢ്

കോട്ടകളും കൊട്ടാരങ്ങളും പുരാതന കെട്ടിടങ്ങളും അടങ്ങുന്ന
ചമ്പനീര്‍പാവഗഢ് ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. യുനസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ഇവിടെ
കൊട്ടാരങ്ങള്‍, പ്രവേശന കവാടങ്ങള്‍, പുരാതന കമാനങ്ങള്‍, മസ്ജിദുകള്‍, ശവകുടീരങ്ങള്‍. ക്ഷേത്രങ്ങള്‍, പാര്‍പ്പിട യോഗ്യമായ കെട്ടിടസമുച്ഛയങ്ങള്‍, കാര്‍ഷിക ഘടനകളായ കിണറുകള്‍, ജലസംഭരണികള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.

PC:Ankush.sabharwal

ഷെട്ടിഹള്ളി റോസറി ചര്‍ച്ച്

ഷെട്ടിഹള്ളി റോസറി ചര്‍ച്ച്

1860 ല്‍ ഫ്രെഞ്ച് മിഷനറിമാര്‍ നിര്‍മ്മിച്ച ഷെട്ടിഹള്ളി റോസറി ചര്‍ച്ച് തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട ഒരിടമാണ്.
സര്‍ക്കാര്‍ 1960ല്‍ സ്ഥാപിച്ച ഹേമാവതി ഡാമിന്റെ റിസര്‍വോയറിന്റെ ഭാഗമായി മാറുന്നതുവരെ ഈ ഗ്രാമത്തില്‍ ആളുകള്‍ ഉണ്ടായിരുന്നു. റിസര്‍വോയറിന്റെ ഭാഗമായി മാറിയതോടെ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം ഗ്രാമീണരെ ഇവിടെനിന്നും മാറിതാമസിക്കുന്നതിന് നിര്‍ബന്ധിതരാക്കി. തുടര്‍ന്ന് ദേവാലയവും സമീപ പ്രദേശങ്ങളും ഒറ്റപ്പെടുകയായിരുന്നുവത്രെ.

മണ്‍സൂണ്‍ സമയത്ത് ഹേമാവതി ഡാം നിറയുമ്പോള്‍ പള്ളി പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങാറുണ്ട്. പിന്നെ ദേവാലയത്തിന്റെ യഥാര്‍ഥ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ വേനല്‍ക്കാലത്തു വരേണ്ടി വരും. വര്‍ഷത്തില്‍ പകുതി വെള്ളത്തിനടിയിലും ബാക്കി സമയങ്ങളില്‍ വെള്ളത്തിനു പുറത്തുമാണ് ഷെട്ടിഹള്ളി റോസറി ചര്‍ച്ച് കാണപ്പെടുന്നത്.

ഗോഥിക് ഭംഗി പകരുന്ന ഷെട്ടിഹള്ളി ചര്‍ച്ചിലേക്ക് ഒരു യാത്ര


PC: Bikashrd

രത്‌നഗിരി

രത്‌നഗിരി

ഒഡീഷയിലെ ജാജ്പൂരില്‍ സ്ഥിതി ചെയ്യുന്ന രത്‌നഗിരി നവീകരിക്കപ്പെട്ട ബുദ്ധമത തീര്‍ഥാടന കേന്ദ്രമാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി സ്മാരകങ്ങളും എഴുത്തുകളും ഒക്കെ ഇവിടെ നടത്തിയ ഖനനങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഗുപ്ത രാജാക്കന്‍മാരുടെ കാലത്ത് വികസിപ്പിക്കപ്പെട്ട ഒരിടമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

PC:Daniel Limma

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...